കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനായി സംയുക്ത ദൌത്യ സംഘം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്ങും യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും അറിയിച്ചു. വെള്ളിയാഴ്ച വൈറ്റ്ഹൌസിലെ ഓവല്‍ ഓഫീസില്‍ ഇരുനേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രഖ്യാപനം.
2020-ന് ശേഷമുള്ള കാലയളവിലേക്ക് ഒരു കാലാവസ്ഥാ ഉടമ്പടി രൂപീകരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘം ആരംഭിക്കുമെന്ന് പ്രസ്താവന പറയുന്നു. ഹൈഡ്രോഫ്ലൂറോ കാര്‍ബണുകളുടെ ഉല്‍പ്പാദനവും ഉപഭോഗവും നിയന്ത്രിക്കുന്നതിനും ഇവ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യു.എന്‍ ഫ്രെയിംവര്‍ക്ക് കണ്വെന്ഷന്, ക്യോട്ടോ പ്രോട്ടോക്കോള്‍ എന്നിവയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ക്കായി ഇന്ത്യ-യു.എസ് കര്‍മ്മസമിതി ഉടന്‍ വിളിച്ചു ചേര്‍ക്കാനും ഇരുനേതാക്കളും തീരുമാനിച്ചു.
പ്രധാനമന്ത്രി മന്മോഹന് സിങ്ങ് ശനിയാഴ്ച ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസഭയെ അഭിസംഭോധന ചെയ്യും.