Skip to main content
കാത്മണ്ഡു

afgan wins saff cup footballഇന്ത്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി അഫ്ഗാനിസ്ഥാന്‍ ദക്ഷിണേഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ (സാഫ്) ചാമ്പ്യന്‍ഷിപ്‌ സ്വന്തമാക്കി. നേപ്പാള്‍ തലസ്ഥാനമായ കാത്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ് വിജയം കൂടിയാണ് അഫ്ഗാനിസ്ഥാന്‍ കുറിച്ചത്. ന്യൂഡല്‍ഹിയില്‍ രണ്ടു വര്‍ഷം മുന്‍പ് നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയോടേറ്റ പരാജയത്തിന്റെ മുറിവുണക്കുന്നതുമായി ഈ വിജയം.  

 

കളിയുടെ എട്ടാം മിനിറ്റില്‍ തന്നെ അഫ്ഗാന്‍ സ്ട്രൈക്കര്‍ മുസ്തഫ അസദോയ് ഇന്ത്യന്‍ വല ചലിപ്പിച്ചു. രണ്ടാം പകുതിയുടെ 17-ാം മിനിറ്റില്‍ സന്ജര്‍ അഹ്മദി അഫ്ഗാന്റെ പട്ടിക തികച്ചു. അഫ്ഗാന്‍ ഗോള്‍കീപ്പര്‍ ജെജെയുടെ ബാറിനു കീഴിലെ ഒന്നാംതരം പ്രകടനവും ആറുതവണ ചാമ്പ്യന്‍ പട്ടം നേടിയ പെരുമയുമായെത്തിയ ഇന്ത്യയെ വിജയത്തില്‍ നിന്ന്‍ തടഞ്ഞു.

 

താലിബാന്‍ ഭരണവും യുദ്ധവും അധിനിവേശവും മൂലം ലോക ഫുട്ബാള്‍ രംഗത്ത് നിന്ന്‍ ഏറെ നാള്‍ മാറി നില്‍ക്കേണ്ടി വന്നതിനു ശേഷം അടുത്തിടെ മാത്രം കളിയിലേക്ക് തിരിച്ചെത്തിയ അഫ്ഗാനിസ്ഥാന്റെ ഒരു സ്വപ്ന സാക്ഷാത്കാരമായി മാറി ഈ വിജയം. അഫ്ഗാനില്‍ നിന്ന്‍ മന്ത്രിമാരടക്കമുള്ളവര്‍ കളി കാണാന്‍ കാത്മണ്ഡുവിലെത്തിയിരുന്നു. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലും വിജയം ആഹ്ലാദ പ്രകടനങ്ങള്‍ക്ക് തിരികൊളുത്തി.

Tags