ഭൂട്ടാനില്‍ പ്രതിപക്ഷ കക്ഷിക്ക് വിജയം

Sun, 14-07-2013 08:26:00 AM ;
തിംപു

ഭൂട്ടാനിലെ ജനാധിപത്യ ഭരണത്തിന്റെ ആദ്യ പരീക്ഷണത്തില്‍ പ്രതിപക്ഷ കക്ഷിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക്‌ പാര്‍ട്ടി (പി.ഡി.പി)ക്ക് വന്‍ വിജയം. 47 അംഗ പാര്‍ലിമെന്റില്‍ ഷെറിംഗ് തോബ്ഗേ നയിക്കുന്ന പി.ഡി.പി 31 സീറ്റുകള്‍ നേടി. സര്‍ക്കാര്‍ രൂപീകരിക്കാന് 24 സീറ്റുകള്‍ ആണ് വേണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ഡി.പിക്ക് രണ്ടു സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.

 

80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായിരുന്ന ദ്രക് ഫുന്‍സം ഷോഗ്പ (ഡി.പി.ടി)ക്ക് 14 സീറ്റുകളാണ് ലഭിച്ചത്. രണ്ട് സീറ്റുകളില്‍ ഫലം അറിഞ്ഞിട്ടില്ല. 2008-ല്‍ രാജ്യത്ത് ജനാധിപത്യ വ്യവസ്ഥ നിലവില്‍ വന്നതിന് ശേഷം രണ്ടാമത്തെ തിരഞ്ഞടുപ്പായിരുന്നു ശനിയാഴ്ച നടന്നത്.

 

മണ്ണെണ്ണക്കും പാചകവാതകത്തിനും നല്‍കിയിരുന്ന സബ്സിഡി ഇന്ത്യ പിന്‍വലിച്ചത് തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായിരുന്നു. പ്രധാനമന്ത്രിയും ഡി.പി.ടി നേതാവുമായ ജിഗ്മേ തിന്‍ലേയുടെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതടക്കമുള്ള നയങ്ങള്‍ ആണ് ഇന്ത്യയെ പ്രകോപിച്ചത് എന്ന്‍ കരുതപ്പെടുന്നു.

Tags: