പാകിസ്ഥാനില്‍ ഞായറാഴ്ച വിവിധ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ 45 പേര്‍ മരണപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ക്വറ്റയിലെ ഷിയ ആരാധനാലയത്തിന് സമീപം ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 28 പേരും പെഷവാറില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 17 പേരുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനത്തിനിടെയാണ് സ്ഫോടനങ്ങള്‍ നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആസൂത്രിതമായ ആക്രമണമാണ് പെഷവാറില്‍ നടക്കുന്നതെന്നും ഒട്ടേറെ ഭീകരരെ അറസ്റ്റ് ചെയ്തിരുന്നതായും പ്രാദേശികഭരണാധികാരിയായ ജാവേദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ അടുത്തുള്ള കടകള്‍ക്കും ഒട്ടേറെ വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.