Skip to main content
ബ്രസീലിയ

ഉറുഗ്വായെ തകര്‍ത്ത് ബ്രസീല്‍ കോണ്‍ഫഡറെഷന്‍ കപ്പ് ഫുട്ബാളിന്‍റെ ഫൈനലില്‍ എത്തി. ഉറുഗ്വായെ 2-1നു പരാജയപ്പെടുത്തിയാണ് ബ്രസീല്‍ ഫൈനല്‍ മത്സരത്തിനു യോഗ്യത നേടിയത്. കളി തീരാന്‍ മിനിട്ടുകള്‍ ശേഷിക്കെ പൌളിന്യോ നേടിയ ഗോള്‍ ആണു ബ്രസീലിനെ ഫൈനലിലെത്തിച്ചത്.

 

ആദ്യ പകുതി തീരുന്നതിന് രണ്ട് മിനിട്ടു മുന്നേ ഫ്രെഡിന്റെ ഗോളില്‍ മുന്നില്‍കടന്ന ബ്രസീലിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ എഡിന്‍സന്‍ കവാനി നേടിയ ഗോളില്‍ ഉറുഗ്വായ് സമനിലയില്‍ പിടിച്ചു. ഡീഗോ ഫോര്‍ലാനും ലൂയി സുവാരസുമടങ്ങിയ ഉറുഗ്വായ് ടീം ശക്തമായ വെല്ലുവിളിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ക്കു നേരെ ഉയര്‍ത്തിയത്. എന്നാല്‍, പൌളിന്യോയുടെ ഗോള്‍ കഴിഞ്ഞ 20 വര്‍ഷത്തില്‍ നാട്ടില്‍ ഉറുഗ്വായോട് തോറ്റിട്ടില്ലെന്ന റെക്കോഡ് കാക്കാന്‍ ബ്രസീലിനെ സഹായിച്ചു.

 

ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ മത്സരമാണിത്. കോണ്‍ഫെഡറേഷന്‍ കപ്പില്‍ ബ്രസീല്‍ മൂന്നുതവണ ചാമ്പ്യന്‍മാരും ഒരു തവണ റണ്ണേഴ്സ് അപ്പുമായിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ലോകചാമ്പ്യന്‍മാരായ സ്പെയിനും ഇറ്റലിയും ഏറ്റുമുട്ടും.

Tags