Skip to main content
ഹോംഗ് കോങ്ങ്

യു.എസ് സര്‍ക്കാറിന്റെ ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്തു വിട്ട യു.എസ് ദേശീയ സുരക്ഷ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന്‍ ഹോംഗ് കോങ്ങില്‍ നിന്നും മോസ്കോയിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ട്. ഇവിടെ ഒളിവില്‍ കഴിയുകയായിരുന്ന സ്നോഡനെ അറസ്റ്റ് ചെയ്തു വിട്ടു തരണമെന്ന് യു.എസ് ഹോംഗ് കോങ്ങിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിയമപ്രകാരം അനുവദനീയമല്ലെന്നും  സ്നോഡനു രാജ്യം വിട്ടു പോവാന്‍ നിയമ തടസ്സങ്ങളില്ലെന്നും ഹോംഗ് കോങ്ങ് സര്‍ക്കാര്‍ യു.എസ്സിനെ അറിയിച്ചിരുന്നു.

 

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിവരങ്ങള്‍ യു.എസ് ദേശീയ സുരക്ഷ ഏജന്‍സി ചോര്‍ത്തുന്നുവെന്നായിരുന്നു സ്നോഡന്‍റെ വെളിപ്പെടുത്തല്‍. വ്യക്തികള്‍ തമ്മിലുള്ള ഫോണ്‍, ഇന്‍റര്‍നെറ്റ് സംഭാഷണവും ഇ-മെയില്‍ അടക്കമുള്ള സ്വകാര്യ സന്ദേശങ്ങളും ‘പ്രിസം’ എന്ന പദ്ധതിയിലൂടെ എന്‍ .എസ്.എ 2007 മുതല്‍ ചോര്‍ത്തിവരുന്നു എന്ന വിവരവും സ്നോഡന്‍ മുഖേന പുറത്തറിഞ്ഞിരുന്നു.

 

ഹോംഗ് കോങ്ങില്‍ നിന്ന് ഞായറാഴ്ച മോസ്‌കോയിലേക്കു പുറപ്പെട്ട സ്‌നോഡന്‍ ഇക്വഡോറില്‍ അഭയം തേടുമെന്നാണു സൂചന.

 

അതേസമയം സ്നോഡൻ എത്താന്‍ സാധ്യതയുള്ള രാജ്യങ്ങളുമായി യു.എസ് സര്‍ക്കാര്‍ ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്നോഡൻ ചാരവൃത്തിക്കുറ്റം ചുമത്തപ്പെട്ട പ്രതിയാണെന്നും ലോകരാഷ്ട്രങ്ങളിലേയ്ക്ക് സഞ്ചരിക്കാനുള്ള അവകാശം അദ്ദേഹത്തിനില്ലെന്നുമുള്ള മുന്നറിയിപ്പുകൾ ഈ രാജ്യങ്ങളിലെ സർക്കാരുകൾക്ക് നൽകിയിട്ടുണ്ടെന്നും യു.എസ് സർക്കാർ വ്യക്തമാക്കി.