Skip to main content
വാഷിങ്ങ്ടന്‍

യു.എസ് ഏജന്‍സികളുടെ ഇന്റര്‍നെറ്റ് വിവരശേഖരണം വെളിപ്പെടുത്തിയ എഡ്വേര്‍ഡ് സ്നോഡനെതിരെ ചാരവൃത്തി നിയമം അനുസരിച്ച് കേസെടുത്തു. ഹോംഗ് കോങ്ങില്‍ ഒളിവില്‍ കഴിയുന്ന സ്നോഡനെ തടങ്കലില്‍ വെക്കാന്‍ അധികാരികളോട് യു.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

യു.എസ്സിലെ ദേശീയ സുരക്ഷാ ഏജന്‍സിയുടെ കരാര്‍ ജീവനക്കാരനായിരുന്ന സ്നോഡന്‍ യു.എസ് ഇന്റര്‍നെറ്റ്‌ കമ്പനികളായ ഗൂഗിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ആപ്പിള്‍ തുടങ്ങിയവയില്‍ നിന്ന്‍ ഏജന്‍സി പ്രിസം എന്നറിയപ്പെടുന്ന പദ്ധതിയിലൂടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു.

 

യു.എസ് നിയമപ്രകാരം കേസ് റെജിസ്റ്റര്‍ ചെയ്ത് രണ്ടു മാസത്തിനുള്ളില്‍ കോടതിയില്‍ കുറ്റം ചുമത്തണം. ഇതിനുശേഷം യു.എസ്സും ഹോംഗ് കോങ്ങും തമ്മിലുള്ള കുറ്റവാളികളെ കൈമാറല്‍ കരാര്‍ പ്രകാരം സ്നോഡനെ വിട്ടുകിട്ടാന്‍ ആവശ്യപ്പെടാം. ചൈനീസ് അധീനതയിലുള്ള പ്രദേശമാണ് ഹോംഗ് കൊങ്ങെങ്കിലും സ്വതന്ത്രമായ ഭരണ-നിയമ സംവിധാനങ്ങളാണ് ഇവിടെ പിന്തുടരുന്നത്.

 

എന്നാല്‍, കൈമാറല്‍ ഹോംഗ് കോങ്ങ് കോടതികളില്‍ ചോദ്യം ചെയ്യാന്‍ സ്നോഡന് കഴിയും. കൈമാറല്‍ കരാറില്‍ രാഷ്ട്രീയ കുറ്റകൃത്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഇളവ് ഉപയോഗപ്പെടുത്തുമെന്ന് സ്നോഡന്റെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്.  ചാരവൃത്തി പൊതുവേ രാഷ്ട്രീയ കുറ്റമായാണ് പരിഗണിക്കുന്നത്.

 

രാജ്യത്തിന്റെ വിദേശനയമോ പ്രതിരോധമോ ഉള്‍പ്പെട്ട വിഷയത്തില്‍ ഹോംഗ് കോങ്ങ് ഭരണത്തില്‍ ഇടപെടാന്‍ ചൈനക്ക് കഴിയും. എന്നാല്‍, ചൈന ഇതുവരെ സ്നോഡന് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഐസ്ലാന്‍ഡില്‍ അഭയം തേടുന്ന കാര്യം സ്നോഡന്റെ അഭിഭാഷകരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് വികിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹോംഗ് കോങ്ങിലെ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ കമ്മീഷന് മുന്നില്‍ അഭയം തേടുന്നതും സ്നോഡന്റെ മുന്നിലുള്ള സാധ്യതയാണ്. ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ തീരുമാനമാകുന്നത് വരെ സ്നോഡനെ കൈമാറാന്‍ ഹോംഗ് കോങ്ങിന് കഴിയില്ല.