Skip to main content

woolwich attackers talks to a womenലണ്ടന്‍: ലണ്ടനിലെ വൂല്‍വിച്ച് തെരുവില്‍ ബുധനാഴ്ച ആയുധധാരികളായ രണ്ടു പേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രാന്‍സ് സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അടിയന്തര ക്യാബിനറ്റ് യോഗം വിളിച്ചു.

 

കത്തി ഉപയോഗിച്ച് കഴുത്തറത്താണ് കൊല നടത്തിയത്. തെരുവില്‍ കൂടിയ ജനങ്ങളോട് ‘അവര്‍ ഞങ്ങളെ എതിരിടുന്നതു പോലെ തങ്ങള്‍ അവരെയും എതിരിടുമെന്ന്’ അക്രമികളിലൊരാള്‍ പറഞ്ഞു. ‘കണ്ണിന് കണ്ണ്, പല്ലിന് പല്ല്’ എന്ന് പ്രഖ്യാപിച്ച ഇയാള്‍ സ്ത്രീകള്‍ക്ക് ഇതിന് സാക്ഷ്യം വഹിക്കേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍, തങ്ങളുടെ നാട്ടിലെ സ്ത്രീകള്‍ക്കും ഇത് കാണേണ്ടിവരുന്നെന്ന് ഇയാള്‍ കൂട്ടിച്ചേര്‍ത്തു. അക്രമികള്‍ അല്ലാഹു അക്ബര്‍ മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

 

വെടിവെച്ച് പരിക്കേല്‍പ്പിച്ചാണ് പോലീസ് ഇരുവരെയും കീഴ്പ്പെടുത്തിയത്. സംഭവത്തിന്‌ പിന്നില്‍ തീവ്രവാദികളെ സംശയിക്കുന്നു. ലണ്ടന്‍ മെട്രോപ്പോളിറ്റന്‍ പോലീസിന്റെ തീവ്രവാദ വിരുദ്ധ കമാണ്ടിനാണ് അന്വേഷണ ചുമതല.

 

ഭീകരാക്രമണങ്ങള്‍ക്ക് മുന്നില്‍ ബ്രിട്ടന്‍ അടിയറവ് പറയില്ലെന്ന് പ്രധാനമന്ത്രി കാമറൂണ്‍ പറഞ്ഞു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള സര്‍ക്കാറിന്റെ കമ്മിറ്റി ബുധനാഴ്ച യോഗം ചേര്‍ന്നു. കാമറൂണിന്റെ അധ്യക്ഷതയില്‍ കമ്മിറ്റി വ്യാഴാഴ്ച വീണ്ടും ചേരുന്നുണ്ട്.