വാഷിംഗ്ടണ്‍: യു.എസ്സിലെ ഒക്ലഹാമ നഗരത്തില്‍ വീശിയടിച്ച വന്‍ ചുഴലിക്കാറ്റില്‍ 91 പേര് ഇതിനകം കൊല്ലപ്പെട്ടു. 260 മുതല്‍ 320 വരെ കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. പ്രസിഡന്റ് ബരാക് ഒബാമ സംഭവത്തെ പ്രധാന ദുരന്തമായി പ്രഖ്യാപിച്ചു.
കാറ്റില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ കെട്ടിടങ്ങളില്‍ രണ്ട് സ്കൂളുകളും ഉള്‍പ്പെടുന്നു. 20 കുട്ടികളെങ്കിലും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് അധികൃതരെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് കിലോമീറ്റര്‍ വിസ്തൃതിയിലാണ് കാറ്റടിക്കുന്നത്. വീടുകളുടെ മേല്‍ക്കൂരകള്‍ വ്യാപകമായി തകര്‍ന്നു. ഒട്ടേറെ വാഹനങ്ങള്‍ക്കും കേടുപറ്റി. ദേശീയ സുരക്ഷാ സേന രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്.
യു.എസ്സില്‍ ടൊര്‍ണാഡോ ഇടനാഴി എന്നറിയപ്പെടുന്ന മേഖലയില്‍ ഉള്‍പ്പെടുമെങ്കിലും ഒക്ലഹാമയിലെ തുറന്ന സമതലങ്ങളിലാണ് കൂടുതലും ചുഴലിക്കാറ്റടിക്കാറ്.