ലണ്ടന്‍: 'ഉരുക്കുവനിത' എന്ന പേരില്‍ വിഖ്യാതയായ മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു. 87 വയസ്സായിരുന്ന അവര്‍ ഏറെക്കാലമായി അല്ഷിമേഴ്സ് ബാധിതയായിരുന്നു.
ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന അവര്‍ 1979 മുതല്‍ 1990 വരെ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിനെ നയിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിലിരുന്നതും താച്ചര്‍ ആയിരുന്നു.
തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങളും കടുത്ത ദേശീയവാദവും അവരെ ശ്രദ്ധേയയാക്കി. 1980 കളില്‍ യു.എസ്സ്. പ്രസിഡന്റ് റൊണാള്‍ഡ് റീഗനൊപ്പം സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധം സജീവമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 1982ല്‍ അര്‍ജന്റീനക്കെതിരെ നടന്ന ഫാള്‍ക് ലാന്റ്സ് യുദ്ധത്തില്‍ ബ്രിട്ടനെ വിജയകരമായി നയിച്ചു.
1925 ഒക്ടോബറില്‍ ഗ്രന്താമില്‍ ജനിച്ച താച്ചര്‍ ഓക്സ്ഫോര്‍ഡ് വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തില്‍ സജീവമായി. 1959ല്‍ അവര്‍ പാര്‍ലിമെന്റംഗം ആയി തിരഞ്ഞെടുക്കപ്പെട്ടു. 1975ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ അവര്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തു. 1979ല്‍ ചരിത്രം കുറിച്ച് പ്രധാനമന്ത്രിയായ അവര്‍ പിന്നീട് മൂന്ന് തിരഞ്ഞെടുപ്പുകളില്‍ കൂടി പാര്‍ട്ടിയെ വിജയത്തിലെത്തിച്ചു.