രാവിലെ സമയത്തിന് ഓഫീസിൽ എത്താനുള്ള തിരക്കിനിടയിൽ ആദ്യം വന്ന ബസ്സിൽ ചാടിക്കയറുമ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല, ഇതൊരുമാതിരി ഒറ്റക്കാലിലുള്ള തപസ്സായിപ്പോയി. എന്തുചെയ്യാം മെയ് രണ്ടു മുതൽ ദില്ലിയിൽ ഓട്ടോചാർജ്ജ് 25% കൂട്ടി. എട്ട് കിലോമീറ്ററകലെയുള്ള ഓഫീസിലേക്ക് നിത്യം ഓട്ടോയിൽ പോയാൽ കാര്യങ്ങള്‍ താളം തെറ്റും, ഡി.ടി.സി ബസ് തന്നെ ഭേദം. പക്ഷെ ഒരു കുഴപ്പമുണ്ട്, സമയത്തിനു ബസ് വന്നാൽ ഭാഗ്യം. ഈ ഡി.ടി.സിയുമായി താരതമ്യപ്പെടുത്തിയാൽ നമ്മുടെ പാവം 'ആനവണ്ടിക്ക്' മുഴുവൻ മാർക്കും കൊടുത്തുപോകും, കൃത്യനിഷ്ഠയുടെ കാര്യത്തിലും ജീവനക്കാരുടെ പെരുമാറ്റത്തിന്റെ കാര്യത്തിലും. എന്നിട്ടും ഇവിടെ വലിയ സാമ്പത്തിക ബാധ്യതയില്ലാതെ ഈ പ്രസ്ഥാനം മുന്നോട്ട് തന്നെ പോകുന്നുണ്ട്. അതിന്റെ ഗുട്ടൻസെന്താണെന്ന് കേരളത്തില്‍ നിന്നുള്ള പാര്ലിതമെന്റംഗങ്ങള്‍ എങ്കിലും ഒന്നന്വേഷിച്ചാൽ നന്നായിരിക്കും. പോയാലൊരു വാക്ക്, കിട്ടിയാൽ നമ്മുടെ കെ.എസ്.ആര്‍.ടി.സിക്ക് ഗുണമായാലോ!
ഈ ഒരാഴ്ചക്കിടയിൽ മറ്റൊരുകാര്യവും മനസ്സിലായി, ഓട്ടോക്കാർക്കും മര്യദക്കാരാകാൻ പറ്റും. കൃത്യമായി മീറ്റർ ഇട്ടുതന്നെ സർവീസ് നടത്തും. കാശു കൂടുതൽ വാങ്ങാൻ നിയമം അനുവദിക്കുമ്പോൾ പിഴിയേണ്ട കാര്യമില്ലെന്നു കരുതിയാകണം.
ഇത്തിരി ശ്വാസമെടുക്കാനുള്ള തത്രപ്പാടിനിടയിൽ ചുറ്റും നോക്കി. ബസ്സിൽ എല്ലാവരും തുല്യദുഖിതർ. മാവേലിയുടെ പ്രജകളും അല്ലാത്തവരുമെല്ലാം അടുത്തയടി വയ്ക്കാൻ സ്ഥലമെവിടെ എന്നു ചോദിക്കുന്നതു പോലെയാണ് നില്പ്. മാർക്കറ്റിംഗ് സർവ്വേക്കാരുടെ മാനദണ്ഡമനുസരിച്ചാണെങ്കിൽ പലരും അംബാനിമാരാണ്, ഏറ്റവും പുതിയ സ്മാർട്ഫോണിന്റെ ഉടമസ്ഥർ. കൂടിയ ഓട്ടോചാർജ് തന്നെയാണ് പലരുടെയും പ്രശ്നമെന്നു കുഞ്ഞുഭാഷണങ്ങൾക്ക് ചെവികൊടുത്താലറിയാം. അധികദിവസം ഈ തിരക്കുതുടരാനിടയില്ല, ആളുകൾ വീണ്ടും ഓട്ടോയെ ആശ്രയിച്ചുതുടങ്ങും, പുതിയ ന്യായീകരണങ്ങളും കണ്ടുപിടിക്കും.
മുഷ്കൻമാരെന്നു കുപ്രസിദ്ധരായ ദില്ലിയിലെ ഓട്ടോഡ്രൈവർമാരോട് സംസാരിച്ചാൽ കിട്ടുന്നത് തികച്ചും വ്യത്യസ്തമായൊരു ചിത്രമായിരിക്കും. കിട്ടുന്ന പണം ചോർന്നുപോകുന്ന വഴികൾ; മിക്കവരും വാടകയ്ക്കെടുത്ത ഓട്ടോ ഓടിക്കുന്നവർ, നൂറിലൊന്നുപോലും കാണില്ല സ്വന്തം വണ്ടിയോടിക്കുന്നവർ. ഉടമസ്ഥന്റെ വീതം കഴിഞ്ഞാൽ പിന്നെ കുറെ വഴിയിലുള്ളതും ഇല്ലാത്തതുമായ പോലീസുകാർക്ക് കൊടുക്കണം. ഒരിക്കലൊരു പോലീസുകാരനെ ചൂണ്ടിക്കാട്ടി ഒരു ഓട്ടോഡ്രൈവർ പറഞ്ഞു, ഒസ്കോ സൌ സൌ രുപയ്യാ ദേന പടതാ ഹൈ, ഇദർ മേട്രോ കെ സാമനേ ഗാടി പാർക്ക് കർനെ കെ ലിയെ. ഒരു ദിവസം എത്ര ഓട്ടോ ആ മെട്രോ സ്റ്റേഷനു സമീപം പാർക്ക് ചെയ്യുന്നുണ്ടാകും, അറിയില്ല, ഏതായാലും യാത്രക്കാരോടു കടിപിടികൂടി ഇവർ സമ്പാദിക്കുന്നതിലൊരു പങ്കുപറ്റുന്നത് പോലീസുകാരാണെന്നതിൽ തർക്കമില്ല. ദൽഹിയിൽ നിങ്ങൾ കണ്ടുമുട്ടുന്നവർക്ക് നൂറാകും താല്പര്യങ്ങൾ, എന്നാലും എല്ലാവർക്കും ഇവിടുത്തെ പോലീസിനെക്കുറിച്ച് ഒരേ അഭിപ്രായമാകും; കൈക്കൂലി ജന്മാവകശമായി കരുതുന്നവർ. ആ മുക്കിലെ പോലീസിന് നീ കാശുകൊടുത്തല്ലോ, എനിക്കെന്താ തരാത്തത് എന്ന് പരസ്യമായി ചോദിയ്ക്കാൻ ഉളുപ്പില്ലാത്തവർ. ഒരിക്കൽ അപ്രതീക്ഷിതമായി സ്കൂൾബസ്സിൽ കുട്ടികളോടോപ്പം യാത്രചെയ്യേണ്ടിവന്നതിനു കിട്ടിയ ബോണസായിരുന്നു ആ രംഗം.
എന്തിനേറെ പറയണം, ആര്‍.സി ബുക്കും ലൈസെൻസുമില്ലാതെ എതുനാട്ടിൽ റജിസ്റ്റർ ചെയ്ത മോട്ടോർസൈക്കിളും ഈ മഹാനഗരത്തിൽ ധൈര്യമായി ഓടിക്കാം, രണ്ടു കാര്യം ശ്രദ്ധിച്ചാൽ മതി; കഴിയുന്നതും പിറകിലിരിക്കുന്നത് സ്ത്രീയാണെന്നുറപ്പു വരുത്തുക, കീശയിൽ അമ്പതു രൂപയിൽ താഴെ മാത്രം കരുതുക. പിടിക്കപ്പെട്ടാൽ ആ തുക സന്തോഷത്തോടെ വാങ്ങി പോലീസുകാരൻ നിങ്ങളെ യാത്രയാക്കും. ഞങ്ങളുടെ ഓഫീസിനു സമീപം സ്ഥിരമായി വാഹനപരിശോധന നടക്കുന്ന ഒരിടമുണ്ട്, അവർ നില്ക്കുന്നതിനു തൊട്ടടുത്ത് ഒരു പെട്ടിക്കടയും ഒരു മരവും, അതിൽ നിറയെ പത്തും പതിനഞ്ചും രൂപ വിലയുള്ള പഴസത്തുക്കൾ കാണാം, തെറ്റിദ്ധാരണയൊന്നും വേണ്ട, സാധാരണ മരം തന്നെയാണ്, പക്ഷെ ചെറിയൊരു അഡ്ജസ്റ്റ്മെന്റ്. അതിൽ മരത്തിനും ഒരു വേഷമുണ്ടെന്നുമാത്രം. സംഗതി പിടികിട്ടാൻ റിയാലിറ്റി ഷോ വരെയൊന്നും പോകണ്ടല്ലോ അല്ലെ. എത്രവലിയ നിയമലംഘനവും ഒരു പഴസത്തിൽ തീർക്കാൻ മാത്രം വിശാലമനസ്കരാണ് ഇവിടുത്തെ പോലീസുകാർ. അവരെക്കുറിച്ചു പത്രങ്ങൾ എഴുതിക്കൂട്ടിയതൊന്നും അധികമാവില്ല.
ബ്യൂറോക്രസിയുടെ ഇങ്ങേയറ്റത്തെ വർഗങ്ങളിലൊന്നിന്റെ കഥയാണിത്. ഇതിലും ഒട്ടും മോശമല്ല പലരും. ബസ്സിലെ കണ്ടക്ടർ കൈക്കൂലിക്കാരനാണെന്ന് പറഞ്ഞാൽ കേരളത്തിലുള്ളവർ വിശ്വസിക്കുമോ എന്നെനിക്കറിയില്ല, ഉള്ളതാണ്. ചെക്കർമാരും തഥൈവ. പത്തുരൂപാ ടിക്കറ്റെടുക്കാത്തവനോടു രണ്ടു രൂപ വാങ്ങി, പൊയ്ക്കോളാൻ പറയുന്നവർ. കൈക്കൂലിയുടെ വിലകളയുന്നവർ എന്നു തോന്നുന്നുണ്ടോ, എന്തുചെയ്യാം എല്ലാവർക്കും പത്തുകോടി കൈക്കൂലി വാങ്ങാനും കൊടുക്കാനും പാങ്ങില്ലല്ലോ; അണ്ണാറക്കണ്ണനും തന്നാലായത്. മഹാനഗരങ്ങളിൽ എല്ലാതരം ആളുകൾക്കും ഇടമുണ്ട്.