പിറന്നാളാണിന്ന്; ഓഫ് ദ മോസ്റ്റ് ബ്യൂട്ടിഫുള്‍ വുമണ്‍ ഇന്‍ മൈ ലൈഫ്

താരാ കൃഷ്ണന്‍
Tue, 03-02-2015 12:57:00 PM ;

 

''ങാ, എന്തായാലും ഈ 51-ാം വയസ്സിലെങ്കിലും എനിക്കൊരു ബെര്‍ത്ത്‌ഡേ ഉണ്ടെന്നും ആശംസിക്കാന്‍ കുറച്ചു കൂട്ടുകാരുണ്ടെന്നും മനസ്സിലായല്ലോ, അതുമതി. എന്റെ ടൈം ലൈനില്‍ 72 മെസ്സേജു കണ്ട് പിള്ളേര് രണ്ടും കണ്ണുതള്ളിയിരിക്കുകാ. അതാ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.''

 

അടുത്തിടെ ജോയിന്‍ ചെയ്ത ഫെയ്‌സ്ബുക്ക്, വാട്ട്‌സ്അപ്പ് കൂട്ടായ്മകളില്‍ നിന്ന് കിട്ടിയ അസംഖ്യം പിറന്നാള്‍ ആശംസകളില്‍ ത്രില്ലടിച്ചു നില്‍ക്കുകയാണ് എന്റെ പ്രിയ സഖി! ജീവിതത്തില്‍ ആദ്യത്തെ സംഭവമാണ് അവള്‍ക്കിത്. ഹയര്‍സെക്കണ്ടറി അധ്യാപികയാണ് കക്ഷി. ആറു മക്കളുള്ള ഇടത്തരം കുടുംബത്തിലെ അഞ്ചാമത്തെ കുട്ടിയുടെ പിറന്നാള്‍, അക്കാലത്തെ അച്ഛനമ്മമാര്‍ക്ക് വലിയ വിശേഷമായി തോന്നാത്തത് സ്വാഭാവികം. പിന്നെ കല്യാണം കഴിച്ചു. ഭര്‍ത്താവും കുറച്ചു ഓള്‍ഡ് സ്കൂളിന്റെ അസുഖമുള്ള ആളായതുകൊണ്ട് അപ്പോഴും വ്യത്യാസം ഒന്നും ഉണ്ടായില്ല. പത്തിരുപത്തേഴു ജന്മദിനങ്ങള്‍ അങ്ങനെയും വന്നുപോയി. ആരുമറിഞ്ഞില്ല. ഇടയിലൊരു വര്‍ഷം ക്ലാസ്സിലെ കുട്ടികള്‍ എങ്ങനെയോ മിസ്സിന്റെ ബെര്‍ത്ത്‌ഡേ തപ്പിക്കണ്ടുപിടിച്ചു നല്ലൊരു സാരി സമ്മാനമായി കൊടുത്തു. അതാണ് ഇതുവരെ കിട്ടിയ ഒരേയൊരു പിറന്നാള്‍ സമ്മാനം. ഭയങ്കര സന്തോഷമായിരുന്നു. എല്ലാ വര്‍ഷവും ഇനി കുട്ടികള്‍ സമ്മാനം തരും എന്നൊക്കെ വിചാരിച്ചു. പക്ഷേ അടുത്ത ബാച്ച് കുറേ തലതെറിച്ച പിള്ളേരുടേതായിരുന്നു. മിസ്സും കുട്ടികളും തമ്മില്‍ എന്നും ഉരസല്‍. അങ്ങനെ അതും പോയിക്കിട്ടി.

 

പിന്നെ മക്കളിലായി പ്രതീക്ഷ. അവന്മാരാണെങ്കില്‍ സര്‍വ്വജ്ഞാനികളായിട്ടാണ് വളര്‍ന്നുവന്നത്. ക്ലാസ്സില്‍ പത്തമ്പത് ശിങ്കങ്ങളെ അടക്കിയിരുത്തി ജന്തുശാസ്ത്രം വിളമ്പുന്ന അമ്മയ്ക്ക് വീട്ടില്‍ വാ തുറക്കാന്‍ നിര്‍വ്വാഹമില്ല. എന്തു പറഞ്ഞാലും അത് മണ്ടത്തരമായി മാത്രമേ അവര്‍ക്കു തോന്നൂ. ''ഹോ! അമ്മ പഠിപ്പിക്കുന്ന പിള്ളേരുടെ ഗതികേടേ'' എന്ന് ഇടയ്ക്കിടെ രണ്ടാളും പരിതപിക്കും. അവര്‍ക്കുണ്ടോ അമ്മയുടെ ജന്മദിനം ഓര്‍ത്തുവയ്ക്കാനും ആശംസിക്കാനും ഒക്കെ നേരം!

 

അമ്മയ്ക്ക് മനസ്സിലാകാത്ത 'ഫ്രണ്ട്ഷിപ്പ്' എന്ന മഹത്തായ വസ്തുവിനെക്കുറിച്ച് നിരന്തരം ഉദ്‌ഘോഷിക്കുന്ന മക്കള്‍ക്കുള്ള മധുരച്ചൂരല്‍ പ്രയോഗമായിട്ടാണ് ഈ 72 പിറന്നാളാശംസകളെ ആ അമ്മ കാണുന്നത്. അടുത്ത ബേര്‍ത്ത്‌ഡേ ആകും മുമ്പ് പഠിപ്പിക്കുന്ന കുട്ടികളെയെല്ലാം ഫ്രണ്ട്‌സ് ആക്കി ആശംസകളുടെ എണ്ണം കൂട്ടാനും പദ്ധതിയുണ്ട്.

 

സുഹൃത്തുക്കള്‍ മാത്രമുള്ള ലോകം

 

സൗഹൃദങ്ങള്‍ എല്ലാ പ്രായത്തിലും മനുഷ്യന് വേണ്ടതാണ്. അത് എല്ലാ കാലത്തേക്കുമുള്ളതാണ്. മനസ്സിന്റെ ചില ചില കള്ളികള്‍ നിറയ്ക്കാന്‍ കൂട്ടുകാര്‍ക്ക് മാത്രമേ കഴിയൂ. കുടുംബം കെട്ടിപ്പടുക്കാനുള്ള നെട്ടോട്ടത്തില്‍ പണ്ടെങ്ങോ കൈവിട്ട കൂട്ടായ്മകള്‍ പഴയ തലമുറ ആവേശപൂര്‍വ്വം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതും അതുകൊണ്ടാണ്. ഈ കാര്യത്തില്‍ സോഷ്യല്‍ മീഡിയയുടെ പങ്കും ചെറുതല്ല.

 

അച്ഛന്‍ മകന്റെ, മകന്‍ അച്ഛന്റെ എന്തിന് അപ്പൂപ്പന്റെ വരെ സുഹൃത്താകുന്ന മാജിക് നമുക്ക് കാണിച്ചു തന്നത് സോഷ്യല്‍ മീഡിയയാണ്. അമ്മയും മകളും, ചേച്ചിയും അനുജത്തിയും, അങ്കിളും ആന്റിയും, ഭാര്യയും ഭര്‍ത്താവും എല്ലാം ഫ്രണ്ട്‌സ് ആയി മാറുന്നു. സൗഹൃദത്തിന്റെ ഈ ആഘോഷം പലരേയും പ്രത്യേകിച്ച്, വീട്ടിനുള്ളില്‍ പോലും ഒറ്റപ്പെട്ടുപോകുന്ന മധ്യവയസ്കരായ സ്ത്രീകളെ ഒട്ടൊന്നു ഉത്സാഹവതികളാക്കിയതായി കാണാം. തങ്ങളെ ഓര്‍ക്കാനും സ്നേഹിക്കാനും കുറച്ചാളൊക്കെയുണ്ട് എന്നൊരു കൊച്ചു സന്തോഷം.

 

സ്നേഹിക്കുന്നു, ഓര്‍ക്കുന്നു, കരുതുന്നു- എന്നൊക്കെ കേള്‍ക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? എന്നാല്‍, സ്നേഹമുണ്ടെന്നു പ്രത്യേകം പറയണോ, അതങ്ങു മനസ്സിലാക്കിയാല്‍ പോരേ, എന്ന ഭാവമാണ് പല കുടുംബാംഗങ്ങള്‍ക്കും. വീട്ടിനുള്ളിലെ സ്നേഹം പുറത്തറിയേണ്ടതല്ല എന്നൊരു തോന്നല്‍ നമ്മളില്‍ പലര്‍ക്കുമുണ്ട്. ബെഡ്‌റൂമിലിരുന്ന് പറയേണ്ട കാര്യങ്ങള്‍ ഫേസ്ബുക്ക് വാളില്‍ പരസ്യപ്പെടുത്തിയതിനെക്കുറിച്ച് ഇതേ പേജില്‍ എഴുതിയിട്ടുമുണ്ട്. എന്നാല്‍ 2014-ലെ അവസാന മാസത്തില്‍ കണ്ട മനോഹരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇക്കാര്യത്തിലെ മുന്‍ ചിന്തകളെയാകെ മാറ്റി മറിച്ചുകളഞ്ഞു.

 

ഹൃദയം തുറക്കൂ, നിങ്ങളുടെ അമ്മമാര്‍ കേള്‍ക്കട്ടെ!

 

കോളേജിലെ ഞങ്ങളുടെ എട്ടംഗ സംഘത്തിലെ സുന്ദരിക്കുട്ടി വീണയ്ക്കുള്ള പിറന്നാള്‍ സന്ദേശങ്ങള്‍ എഫ്.ബിയില്‍ തിരയുന്നതിനിടയിലാണ് അവളുടെ മൂത്ത മകന്റെ പോസ്റ്റ് കണ്ണില്‍ പെട്ടത്.

 

''പിറന്നാളാണിന്ന്, of the most beautiful women in my life''.

 

കണ്ണും മനസ്സും നിറഞ്ഞുപോയി. അവന് 7-ഉം ഇളയമകന് 5-ഉം വയസ്സുള്ളപ്പോഴാണ് വീണയുടെ ഭര്‍ത്താവ് മരിച്ചത്. അന്നു മുതല്‍ ഈ മക്കള്‍ക്കു വേണ്ടി കഷ്ടപ്പെടുന്നു. മൂത്തയാള്‍ പഠിച്ച് അച്ഛനെപ്പോലെ ഡോക്ടറായി. ഇളയകുട്ടി എന്‍ജിനീയറും. വീണയുടെ പിറന്നാളിന് മകന്‍ അയച്ച ആ സ്നേഹ സന്ദേശം അവരുടെ വീട്ടിനുള്ളില്‍ മാത്രം നിറഞ്ഞാല്‍ മതിയോ? പോരാ! അത് ലോകം മുഴുവന്‍ അറിയട്ടെ.

 

അമ്മയുടെ സ്നേഹത്തെ, സമര്‍പ്പിത ജീവിതത്തെ മക്കള്‍ തിരിച്ചറിയുന്നു എന്ന് അവരെ അറിയുന്ന മറ്റുള്ളവരും അറിയണം. അതിലൂടെ അമ്മയുടെ ജീവിതം സാര്‍ത്ഥകമാകട്ടെ! അഭിമാനപൂരിതമാകട്ടെ!

 

നന്ദി മകനേ, നന്ദി!