ധ്യാനത്തിൽ കണ്ട സുഹൃത്തും പേടിയും

Glint Guru
Sat, 19-07-2014 02:53:00 PM ;

Transcendental Meditation

 

നല്ല ഉയർന്ന നിലയിലുള്ള ഉദ്യോഗസ്ഥൻ. സാമൂഹ്യപ്രവർത്തനങ്ങളിലും മറ്റും തൽപ്പരൻ. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ ജനോപകാരപ്രദമായ പ്രവർത്തനങ്ങളുടേയും നേതൃത്വം ഇടവകയിൽ ഇദ്ദേഹത്തിനാണ്. ഇതിനെല്ലാമുപരി കലാസാഹിത്യവിഷയങ്ങളിലും തൽപ്പരൻ. ബൈബിൾ പഠനത്തിലും അതിന്റെ പ്രായോഗികതയിലും സംതൃപ്തിയും സന്തോഷവും കണ്ടെത്തുന്നു ഈ യുവാവ്. പുതിയ കാര്യങ്ങൾ പഠിക്കുന്നതിലും തൽപ്പരൻ. അങ്ങനെയാണ് അദ്ദേഹം അതീന്ദ്രിയ ധ്യാനം പഠിക്കാൻ തീരുമാനിച്ചത്. പഠിപ്പിക്കാൻ യോഗ്യനായ ഒരു ഗുരുവിനേയും അദ്ദേഹത്തിനു കിട്ടി. വരുന്നതു വരുന്നതുപോലെ വന്നോട്ടെ, ഒരു ചിന്തകളേയും തടയരുത് എന്ന് പ്രത്യേക ശ്രുതിയിൽ പറഞ്ഞു നയിച്ചുകൊണ്ടാണ് ഗുരു ധ്യാനത്തിലേക്ക് കൊണ്ടുപോകുന്നത്. ആദ്യത്തെ ദിവസം തന്നെ വളരെ സുഖകരമായ അനുഭവമായിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജീവിതം പുതിയ വെളിച്ചത്തിലേക്കു വന്ന അവസ്ഥയായി അദ്ദേഹത്തിന്. ഒരു ദിവസം കണ്ണുമടച്ച് ശരീരമയച്ച് ധ്യാനത്തിലേർപ്പെട്ടപ്പോൾ വല്ലാത്ത ഒരു ദൃശ്യം മനസ്സിൽ വന്നു വീണു. ധ്യാനം കഴിഞ്ഞ് ഗുരുവിനോട് താൻ കണ്ട ദൃശ്യം പറയുകയും ചെയ്തു. ദൃശ്യം ഇതായിരുന്നു. ഇദ്ദേഹത്തിന്റെ ഒരു സുഹൃത്ത്. തന്നിൽ വല്ലാതെ ആധിപത്യം ചെലുത്തുന്നു. പലകാരണങ്ങളാൽ സുഹൃത്തിനെ എതിർക്കാനോ, എതിർത്തെന്തെങ്കിലും പറയാനോ പറ്റാത്ത ചില സങ്കീർണ്ണബന്ധങ്ങൾ ഇവർക്കിടയിലുണ്ട്. ആ സുഹൃത്താണെങ്കിൽ ഈ യുവാവിനെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ഉപയോഗിക്കുകയും ചെയ്യും. തമ്മിൽ കാണുമ്പോൾ വളരെ ആത്മാർഥ സുഹൃത്തുക്കളും. ആ സുഹൃത്തിന്റെ മുഖവും ചോര തളം കെട്ടി കിടക്കുന്ന ചിത്രവുമാണ് ധ്യാനത്തിൽ കണ്ടത്.

 

ധ്യാനത്തിൽ കണ്ട ചിത്രം എന്തെങ്കിലും ദു:ശ്ശകുനമാണോ എന്ന ആകാംഷയിലാണ് ഇദ്ദേഹം ഗുരുവിനോട് ഇത് തുറന്നു ചോദിച്ചത്.

 

ഗുരു- എന്തായാലും ആ സുഹൃത്തിന് ഉള്ളാലെ ഒരു നമസ്കാരം കൊടുത്തുകൊളളു. കാരണം അദ്ദേഹം നിങ്ങൾ കാണേണ്ടതിനെ കാണിച്ചുതന്നിരിക്കുന്നു.

യുവാവ്- മനസ്സിലായില്ല.

ഗുരു- ആ സുഹൃത്ത് താങ്കളുടെ നല്ല സുഹൃത്താണോ. അദ്ദേഹത്തിന് ദോഷം വരരുതെന്ന് ആഗ്രഹമുണ്ടോ.

യു- ഉവ്വ്. അതുകൊണ്ടാണ് അങ്ങയുടെയടുത്ത് ഇത് ഞാൻ പറഞ്ഞത്.

ഗു- എന്തായാലും താങ്കളിൽ ടി.എമ്മിന്റെ (ട്രാൻസെൻഡൽ മെഡിറ്റേഷൻ) ഗുണം കണ്ടുതുടങ്ങിയിരിക്കുന്നു. വളരെ പെട്ടന്നുതന്നെ കണ്ടുതുടങ്ങി. ആ സുഹൃത്തിനോട് സ്നേഹമുണ്ടെന്നല്ലേ പറഞ്ഞത്. അത് പൂർണ്ണമായും ശരിയാണോ. അദ്ദേഹത്തോട് ചില ഈർഷ്യകൾ മനസ്സിലില്ലേ.

യു- ഇല്ല. അങ്ങനെ ദേഷ്യമൊന്നുമില്ല.

ഗു- അദ്ദേഹത്തിന്റെ ഫോൺകാൾ വരുമ്പോൾ, അദ്ദേഹത്തിന്റെ പേര് ഫോണിൽ തെളിയുമ്പോൾ സന്തോഷത്തോടെയാണോ അതറ്റന്റ് ചെയ്യാറുള്ളത്?

യു- വലിയ സന്തോഷമൊന്നും തോന്നാറില്ല.

ഗു- എന്തായിരിക്കും ഇയാൾ ഇനി അടുത്തതായി തന്നെക്കൊണ്ട് ചെയ്യിക്കാൻ പോകുന്നതെന്ന് എന്നുള്ള ചിന്ത ഉള്ളിൽ വരാറുണ്ടോ. ചിരിക്കേണ്ട. തുറന്നുപറഞ്ഞോളൂ.

യു- ഉവ്വ്. അതുണ്ട്. അദ്ദേഹം അൽപ്പം സ്വാർഥമായ രീതിയിൽ പെരുമാറുന്ന ഒരാളാണ്.

ഗു- അദ്ദേഹത്തോട് പറ്റില്ല എന്ന് പറയാൻ പറ്റുന്നില്ല അല്ലേ.

യു- അതു ശരിയാ.

ഗു- അതു പേടികൊണ്ടാണ്. അങ്ങനെ പറഞ്ഞാൽ ഉണ്ടാവുന്ന ചില പ്രത്യാഘാതങ്ങൾ നിങ്ങൾ മുന്നിൽ കണ്ട് അതിൽ നിന്നും പിൻവാങ്ങുന്നു. എന്നിട്ട് അലോഹ്യം തോന്നാത്ത വിധം അവ ചെയ്തുകൊടുക്കുന്നു. നിങ്ങൾ നിങ്ങളുടെ വികാരങ്ങളെ അവിടെ തമസ്കരിക്കുന്നു. അയാളുടെ ഓരോ ആവശ്യങ്ങളും അവ്വിധത്തിൽ താങ്കളിൽ മുറിവുകളേൽപ്പിക്കുന്നു. നിങ്ങളെ ഒരു ജീവനുള്ള ഒരു തൂണായി കണ്ടുനോക്കൂ. ചെറുതിലേ മുതൽ ഏറ്റ ചെറുതും വലുതുമായ മുറിവുകൾ അവിടെയുണ്ട്. ചിലത് പഴുത്തൊലിക്കുന്നതാകാം. ചിലത് വിങ്ങുന്നതാകാം. ഇങ്ങനെ മുറിഞ്ഞിരിക്കുന്ന വൃണങ്ങളുടെ മേലേ ചെറുതായി ഒരനക്കമുണ്ടാകുമ്പോഴുള്ള വേദന ആലോചിച്ചുനോക്കൂ. ആ മുറിവുകൾ താങ്കളുടെ സുഹൃത്ത് ഉണ്ടാക്കിയതൊന്നുമല്ല. അതവിടെയുള്ളതാണ്. പേടി ഉണ്ടാക്കിക്കൊണ്ടിരുന്ന മുറിവുകൾ. പേടിയാണ് അദ്ദേഹത്തിനോട് എതിരു പറയുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതും. നമുക്ക് നോവുമ്പോൾ മറ്റുള്ളവരെ നോവിച്ച് നമ്മുടെ നോവിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കും. അതാണ് കുത്തുവാക്കുകളുടേയും അടിയുടേയും വഴക്കിന്റെയും വെട്ടും കുത്തിന്റേയുമൊക്കെ കാരണം. ഇവിടെ താങ്കളുടെ സുഹൃത്തിനെ മുറിവേൽപ്പിച്ച് രക്ഷപ്പെടണമെന്ന് പലപ്പോഴും ആഗ്രഹം തോന്നിയിട്ടുണ്ട്. പക്ഷേ പറ്റിയിട്ടില്ല. അതേസമയം മറ്റൊരാൾക്ക് മോശം സംഭവിക്കുന്നത് ആഗ്രഹിക്കുന്നത് നന്മയുടെ അംശമുള്ള മനുഷ്യന് ചേർന്നതല്ലെന്നുള്ള അറിവ് താങ്കൾക്കുണ്ട്. ആ അറിവനുസരിച്ച് അങ്ങനെ ചിന്തിക്കുന്നവൻ മോശക്കാരനാണ്. അവ്വിധം മോശക്കാരനാകാൻ താങ്കൾ തയ്യാറല്ല. താങ്കൾ നല്ലവനാണ്. അതുകൊണ്ടാണ് സുഹൃത്തിനേക്കുറിച്ചു കണ്ട ദൃശ്യം സുഹൃത്തിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ചിന്തകളിൽ താങ്കളെ മനസ്സ് കുരുക്കിയിടാൻ ശ്രമിക്കുന്നത്. ഇത് താങ്കളുടെ ഒരു മുറിവ് സ്വയം കാണുകയായിരുന്നു. അതായത് താങ്കൾ താങ്കളെത്തന്നെ കാണുന്നു. താങ്കളുടെ പേടിയെ കാണുന്നു. അതു വരുന്നതുപോലെ വന്നോട്ടെ. ആ പേടിയെ നേരിട്ടുകാണുക. അതിനെ നേരിട്ടുകാണുന്നതോടെ മെല്ലെ ആ മുറിവ് ഉണങ്ങിത്തുടങ്ങും. അങ്ങനെ മുറിവുകൾ ഒന്നൊന്നായി ഉണങ്ങുമ്പോൾ പേടി കുറഞ്ഞുവരും. അങ്ങനെ പേടിയിൽ നിന്ന് മോചിതമാകും. അങ്ങനെ അജ്ഞതയിൽ നിന്നും സ്വതന്ത്രമാകും. അതാണ് ടി.എമ്മിന്റെ ഗുണം താങ്കളിൽ കണ്ടുതുടങ്ങിയെന്നു പറഞ്ഞത്. ഇപ്പോൾ താങ്കൾക്ക് സുഹൃത്തിനെ കുറിച്ച് ആലോചിക്കുമ്പോൾ പഴയതുപോലെ ഈർഷ്യ ഉള്ളിൽ തോന്നുന്നുണ്ടോ.

യു- ഇല്ല.

ഗു- ഇതാണ് ക്ഷമിക്കുക, ഫർഗിവ് ചെയ്യുക എന്നൊക്കെ പറയുന്നത്. അങ്ങനെ ചെയ്യുന്നത് മറ്റുളളവർക്കുവേണ്ടിയല്ല. ക്രിസ്തുദേവൻ അതിന് പ്രാധാന്യം കൊടുത്തതും അതുകൊണ്ടാണ്. വാക്കുകൾ കൊണ്ട് ഒരാളോട് ക്ഷമിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്വയം ഇവ്വിധമാകുമ്പോഴാണ് അത് ക്ഷമിക്കലാകുന്നത്. നമ്മുടെ ഉള്ളിലെ മുറിവുണങ്ങുന്നു. മുറിവുണങ്ങുമ്പോൾ അതിന്റെ സുഖം അന്യർക്കല്ല. നമുക്കാണ്. ആ സുഹൃത്തിന്റെ മുഖം ഒന്നുകൂടി ആലോചിച്ചുനോക്കൂ. പഴയ അനുഭവമാണോ ഇപ്പോൾ ഉള്ളിൽ ഉണ്ടാകുന്നത്. അതോ അതിൽ നിന്ന് വ്യത്യസ്തതയുണ്ടോ.

യു-തീർച്ചയായും.

ഗു- ഇതാണ് ഫർഗിവിംഗ്. ഇവിടെ താങ്കൾ അനുഭവിക്കുന്ന ഈ സുഖത്തിനായി താങ്കളുടെ സുഹൃത്ത് ഒന്നും ചെയ്തില്ല. ആ സുഹൃത്ത് താങ്കളിലെ ഒരു മുറിവ് കാണിച്ചുതരികയായിരുന്നു. നമുക്കറിയാത്ത കാര്യങ്ങൾ പറഞ്ഞുതരുന്നവർ ഗുരുക്കന്മാർ തന്നെ. അതിനാലാണ് തുടക്കത്തിൽ പറഞ്ഞത്, ആ സുഹൃത്തിന് മനസ്സാൽ നമസ്കാരം കൊടുക്കാൻ. ഇനി, അദ്ദേഹത്തിന്റെ ഫോൺ വരുമ്പോൾ ഇതോർത്തുകൊണ്ട് ഫോണെടുത്താൽ അതിന്റെ സുഖവും താങ്കൾക്കാണ്. ഒപ്പം പറ്റുന്ന കാര്യം പറ്റുമെന്നും പറ്റാത്തത് പറ്റില്ലെന്നോ അസൗകര്യമുണ്ടെന്നോ പറയാനും കഴിയും.

Tags: