സമ്മാനം കൊണ്ടുവരരുതെന്ന് കുറിക്കും മുൻപ്

Glint Guru
Tue, 17-06-2014 04:12:00 PM ;

amala paul engagement

 

ചില കല്യാണക്കുറികളിൽ അടിക്കുറിപ്പ് കാണാം. ദയവുചെയ്ത് സമ്മാനങ്ങൾ ഒഴിവാക്കുക. 2014 ജൂൺ എഴിന് ആലുവയിൽ നടന്ന ചലച്ചിത്രതാരം അമല പോളിന്റെ വിവാഹ നിശ്ചയത്തിന് അമലയും പ്രതിശ്രുതവരൻ വിജയും കൂടി ഒരഭ്യർഥന നടത്തി. സമ്മാനങ്ങൾ ഒഴിവാക്കുക. രൂപ തരികയാണെങ്കിൽ അത് ചെന്നെയിലുള്ള ഒരു സന്നദ്ധസംഘടനയ്ക്ക് ജീവകാരുണ്യപ്രവർത്തനത്തിന് കൈമാറുന്നതായിരിക്കും. വിവാഹവും സമ്മാനവും തമ്മിലുള്ള ബന്ധത്തെ പല രീതിയിൽ കാണാവുന്നതാണ്. ആ രീതിയിലൊക്കെയുള്ള ചരിത്രപരമായ പ്രസക്തിയും അതിനുണ്ട്. ഇപ്പോഴും ചില സ്ഥലങ്ങളിൽ വിവാഹത്തലേന്ന് ഹാളിലാണെങ്കിൽ കയറുന്നിടത്ത് ഒരാൾ മേശയിട്ട് ബുക്കും പേനയുമായി ഇരിപ്പുണ്ടാവും.  കാശു തരുന്നവരുടെ വിവരവും എത്രയാണ് തന്നതെന്നുമെഴുതാൻ. കാരണം കൂട്ടി തിരിച്ചുകൊടുക്കേണ്ടതാണ്. അകാരണമായി കൂടുതൽ കൊടുക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. പിന്നെ കൊടുത്തതിന്റെ എത്ര കൂടുതൽ ഓരോരുത്തരിൽ നിന്നും കിട്ടിയെന്നുമറിയാം.

 

ഇന്നത്തെ കാലം എല്ലാ വൈരുദ്ധ്യാത്മകതകളുടേതുമാണ്. സമ്മാനങ്ങൾക്കായി പ്രത്യേക ബ്രാൻഡ് ഷോറൂമുകൾ. വളരെ വൈവിദ്ധ്യമാർന്ന തരം സമ്മാനങ്ങൾ. ക്ഷണിക്കപ്പെടുന്നവർ വളരെ തെരഞ്ഞുപിടിച്ച്  അത് വാങ്ങുകയും ചെയ്യും. എന്നിട്ടും എന്തുകൊണ്ടാണ് സമ്മാനം ഒഴിവാക്കാൻ ക്ഷണക്കത്തിൽ കുറിപ്പ് വയ്ക്കുന്നത്? ഉത്തരം കണ്ടെത്താൻ അധികം കിനിഞ്ഞ് ആലോചിക്കേണ്ടതൊന്നുമില്ല. വളരെ ലളിതം. അതായത് നിങ്ങൾ കൊണ്ടുവരുന്ന കാഴ്ചവസ്തു എനിക്കാവശ്യമില്ല. അതുപോലെ കാശും ആവശ്യമില്ല. ആവശ്യത്തിന് എന്റെ പക്കലുണ്ട്. സമ്മാനം കൊണ്ടുവന്നു നിറച്ചാൽ  അത് വയ്ക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുകയേ ഉള്ളു. ഇത്തരം കുറിപ്പടിക്കുന്നവരും മറ്റുള്ളവരുടെ കല്യാണങ്ങൾക്കോ വിശേഷങ്ങൾക്കോ പോകുമ്പോൾ പറ്റാവുന്ന വിധത്തിലുള്ള സമ്മാനവുമായിട്ടായിരിക്കും പോവുക. അതിനർഥം താൻ പറയുന്നതും ചെയ്യുന്നതും പാലിക്കാൻ കഴിയുന്നില്ല എന്നുള്ളതാണ്. അതോടൊപ്പം എനിക്ക് ആവശ്യത്തിനുണ്ട് എന്നുള്ള തോന്നലും.

 

ഇത്രയും പുരോഗമനമായി ചിന്തിക്കുന്നവർ എന്തുകൊണ്ട് കല്യാണം വിളി ചുരുക്കുന്നില്ല. അതിനു പകരം പരമാവധി ആൾക്കാരെ ക്ഷണിക്കുകയും പറ്റാവുന്നതിൽ മുന്തിയ സദ്യ ഒരുക്കി സത്ക്കരിക്കുകയും ചെയ്യും. ഇവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. നല്ല മനസ്സാണെന്ന് ധരിച്ച് നല്ലതിനോടൊപ്പം ചേർന്ന് നിൽക്കാനുള്ള വെമ്പൽ കൊണ്ടാണ് ഇങ്ങനെയുള്ള കുറിപ്പ് എഴുതുന്നത്. അതിനാൽ ഇത്തരത്തിൽ എഴുതിയവർക്ക് അതോർത്ത് വിഷമിക്കേണ്ടതില്ല. അതിനുമുപരി ക്ഷണിക്കപ്പെടുന്നവർക്ക് സൗകര്യവുമുണ്ടെന്ന് അവർ കരുതുന്നുണ്ടാവും. കാരണം സമ്മാനം വാങ്ങിക്കാൻ വേണ്ടി സമയം കണ്ടെത്തുന്നതിന്റേയും ട്രാഫിക് ജാമിൽ പെട്ട് കിടക്കുന്നതിന്റേയും ഒക്കെ ബുദ്ധിമുട്ട് അവർക്കറിയാം. ആ ബുദ്ധിമുട്ട് ഒഴിവാക്കി തങ്ങളുടെ അതിഥികളെ സഹായിക്കാൻ കൂടി വേണ്ടിയാവും അങ്ങനെയെഴുതുക. ഈ ബുദ്ധിമുട്ട് അവർ മനസ്സിലാക്കുന്നത് തങ്ങളുടെ അനുഭവത്തിൽ നിന്നുമാണ്. അതിനർഥം അവർ ബുദ്ധിമുട്ട് നേരിടുന്നു. ബുദ്ധിമുട്ട് നേരിട്ടുകൊണ്ട് ചെയ്യുന്ന ഏതു പ്രവൃത്തിയുടെ കൂടെ സം ചേർക്കാൻ പറ്റും. അങ്ങിനെ ചെയ്യുന്നതിന്റെ മാനങ്ങൾ സം-മാനമാവില്ല. കഷ്ട-മാനമേ ആവുകയുള്ളു.

wedding gifts

 

മംഗളമായ കർമ്മങ്ങളിൽ പങ്കെടുക്കുമ്പോഴാണ് സമ്മാനം കൊടുക്കുക. മംഗളമായ കർമ്മങ്ങളിൽ കാഴ്ചക്കാരായല്ല ക്ഷണിക്കപ്പെടുന്നവർ എത്തുന്നത്. ഒരു കല്യാണത്തിന് ക്ഷണിക്കപ്പെട്ടവർ ആരും വന്നില്ലെങ്കില്‍ എന്താകുമെന്ന് ഒന്നാലോചിച്ചു നോക്കുക.  അത് ചടങ്ങാവില്ല. നിയമപരമായ സാധുതപോലും ഇല്ലാത്ത സാഹചര്യം വരാം. സാമൂഹികമായ ചടങ്ങാണ് കല്യാണം. കല്യാണം എന്ന വാക്കിന്റെ അർഥം തന്നെ മംഗളം എന്നാണ്. മംഗളകർമ്മത്തിൽ പങ്കെടുക്കുന്നവർക്കുകൂടി അവകാശപ്പെട്ടതാണ് ആ മൂഹൂർത്തം പ്രദാനം ചെയ്യുന്ന മംഗളാനുഭൂതി. കല്യാണത്തിൽ പങ്കുകൊള്ളുമ്പോൾ മുഹൂർത്ത സമയത്ത് വധൂവരൻമാർക്ക് ആത്മാർഥമായി മംഗളം ഉള്ളിൽ നേരുകയാണെങ്കിൽ ആ മഹൂർത്തത്തിലെ സുഖം പങ്കെടുക്കുന്നവർക്ക് അനുഭവിക്കാൻ കഴിയും. അതു മാത്രമല്ല, മനോഹരമാണ് ആ ചടങ്ങ്. ഒരു നിമിഷം ആലോചിച്ചാൽ അറിയാം ആ മുഹൂർത്തത്തിന്റെ പ്രാധാന്യം. മാനവ ചരിത്രത്തിലെ ഒരു പുതിയ കഥയുടെ തുടക്കം ആരംഭിക്കുകയാണ്. അവരിലൂടെ പ്രകാശിതമാകുന്ന സർഗാത്മകതയും സമാധാനവും സന്തോഷവും എല്ലാം നാമടങ്ങുന്ന സമൂഹത്തിന്റേയും ലോകത്തിന്റേതുമാണ്. അതുപോലെ അവരിലൂടെ പുതുതായി ഭൂമിയിലേക്കുവരുന്ന സന്തതികൾ.  ഇത്തരം സ്മൃതികളോടെ വധൂവരന്മാർക്ക് മുഹൂർത്തത്തിൽ മംഗളം നേരുമ്പോൾ ഉണ്ടാവുന്ന സന്തോഷം വധൂവരൻമാരേക്കാൾ അതു നേരുന്നവർക്കാണ്. കണ്ണിനും കാതിനും നാവിനുമൊക്കെ ഭദ്രമായ കാഴ്ചയും അനുഭവവും. ഇത്തരത്തിൽ മംഗളകർമ്മത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ ആ സന്തോഷത്തെ പ്രകടിപ്പിക്കുകയാണ്. ശബ്ദത്തെ അക്ഷരങ്ങളിലൂടെ പ്രകാശിപ്പിക്കുന്നതുപോലെ.

 

എത്ര ബുദ്ധിമുട്ടിയാണെങ്കിലും സമ്മാനം കൊടുക്കുമ്പോൾ കൊടുക്കുന്നയാൾ സുഖം അനുഭവിക്കുന്നുണ്ട്. കൊടുക്കുക എന്നത് വാങ്ങൽ പോലെ പ്രധാനമാണ്. എപ്പോഴും നാം കൊടുക്കാൻ തയ്യാറായിരിക്കണം. ഒരു വ്യക്തിയെ കണ്ടാൽ സന്തോഷത്തിൽ ചിരിച്ചാൽ അതിനേക്കാൾ വലിയ സമ്മാനം വേറെ ഒന്നുമില്ല. ആ ചിരിയെയാണ് ഒരു ചടങ്ങെന്നപോലെ സമ്മാനരൂപത്തിൽ കല്യാണത്തിനും മറ്റ് മംഗളകർമ്മങ്ങളിലും ആൾക്കാർ കൊടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പക്കൽ അദ്ദേഹത്തിന്റെ ഉമ്മയ്ക്ക് സമ്മാനമായി ഒരു ഷാൾ കൊടുത്തയച്ചു. തിരിച്ച് നാട്ടിൽ ചെന്ന് നവാസ് ഷെരീഫ് മോദിയുടെ അമ്മയ്ക്ക് മനോഹരമായ ഒരു വെള്ള സാരി അയച്ചുകൊടുത്തു. മോദിയുടെ അമ്മയ്ക്കും ഷരീഫിന്റെ ഉമ്മയ്ക്കുമാണോ സാരിയുടേയും ഷാളിന്റേയും ക്ഷാമം. അതും നന്നേ പ്രായം ചെന്ന അമ്മമാർ. പക്ഷേ, അത് രണ്ടു രാജ്യങ്ങൾക്കുമിടയിൽ സൃഷ്ടിച്ച സൗഹൃദത്തിന്റേയും ഈ ഭൂഖണ്ഡത്തിൽ ഉണർത്തിയ മാതൃസ്നേഹത്തിന്റേയും സ്ഫുരണങ്ങൾ നാം ഓരോരുത്തർക്കും അനുഭവിക്കാൻ കഴിയുന്നു. നല്ല പ്രവൃത്തികളുടേയും സമ്മാനങ്ങളുടേയും പ്രസക്തി  അതാണ്. അതാണ് സമ്മാനത്തിന്റെ വൈവിദ്ധ്യമാർന്ന മാനങ്ങൾ.

 

മറിച്ച് പരിമിതമായി ദ്രവ്യക്കാഴ്ചയിൽ ചിന്ത കുടുങ്ങിപ്പോയതിന്റെ ഫലമാണ് സമ്മാനം കൊണ്ടുവരരുത് എന്ന് മുന്നറിയിപ്പ് നൽകുന്നത്. ഒരർഥത്തിൽ ഉള്ളിലെ ദാരിദ്ര്യത്തിൽ നിന്നും മോചനം കിട്ടാത്തതുകൊണ്ടാണത്. കാരണം സമ്മാനങ്ങളെ വെറും ദ്രവ്യമൂല്യവുമായി ചേർത്തുകാണുന്നതിന്റെ ഫലം. ഇവർ ഒരു പക്ഷേ സാമ്പത്തികമായി അത്ര മെച്ചമല്ലാത്ത അവസ്ഥയിലാണെങ്കിൽ ഇങ്ങനെ എഴുതുവാൻ കൂട്ടാക്കുമോ. ഇല്ല. അപ്പോൾ സമ്മാനം കിട്ടണം എന്ന ആഗ്രഹം ഉള്ളിലുണ്ടാവും. അവിടെയും ഇവർ അതിഥികളെ തങ്ങളുടെ കുട്ടികളുടെ മംഗള കർമ്മത്തിലെ പങ്കാളികളാകാനല്ല വിളിക്കുന്നത്. മറിച്ച് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. അതിന്റെ കാലം കഴിഞ്ഞു എന്നുളള അറിയിപ്പാണ് ആ കുറിപ്പിനുള്ള പ്രേരണ. വീണ്ടും ആവർത്തിക്കട്ടെ, അങ്ങിനെ എഴുതിയിട്ടുള്ളവർക്ക് വിഷമം തോന്നേണ്ട കാര്യമില്ല. കാരണം അവരാരും വ്യത്യസ്തരല്ല. നമ്മൾ തന്നെയാണ്. സ്വയം തിരിച്ചറിവേ ഇവിടെ ആവശ്യമുള്ളു.

 

സമ്മാനം വേണ്ട എന്നു പറയുമ്പോൾ അവരുടെ പ്രാർഥന അഥവാ ആശംസ ആവശ്യമില്ലെന്നുകൂടിയാണ് പറയുന്നത്. അതായത് പങ്കെടുക്കേണ്ട, കാണികളായി വന്ന് ഞങ്ങൾ തരുന്ന ഗംഭീരൻ സദ്യ അഥവാ  ഭക്ഷണം കഴിച്ചു  പൊയ്‌ക്കൊളളുവിൻ എന്നാണ്. സത്ക്കാരം എന്നുപോലും പറയുക പ്രയാസം. അതുകൊണ്ടാണ് ഭക്ഷണം എന്ന പ്രയോഗം നടത്തിയത്. അമല പോളും സമ്മാനം വേണ്ട എന്നും കാശാണെങ്കിൽ ജീവകാരുണ്യ പ്രവർത്തനത്തിന് നൽകുമെന്നും പറഞ്ഞതും ഈ പൊതുധാരണയുടെ ഫലമായാണ്. നിശ്ചയത്തിന് അമല അണിഞ്ഞ ലഹംഗാ ഡിസൈൻ ചെയ്തത് ദേശീയ തലത്തിൽ സെലിബ്രറ്റി ഡിസൈനറായ അനിതാ ധോംഗ്രയാണ്. ഏറ്റവും കുറഞ്ഞ ഒരു ലഹംഗാ വേണമെങ്കിലും കുറഞ്ഞത് ആറേഴായിരം രൂപ വേണം. അപ്പോൾ അനിതാ ധോംഗ്ര ഡിസൈൻ നിർവഹിച്ച ലഹാംഗായ്ക്ക് എന്തു ചെലവായിക്കാണുമെന്ന് ഊഹിക്കാവുന്നതേ ഉള്ളു. കുറഞ്ഞപക്ഷം ഏറ്റവും മുന്തിയ റെഡിമെയ്ഡ് ലഹാംഗാ വാങ്ങിയിട്ട് അനിതാ ധോംഗ്രയ്ക്കുള്ള ഫീസ് ജീവകാരുണ്യപ്രവർത്തനത്തിന് ചെലവഴിച്ചിരുന്നവെങ്കിൽ അമലയുടെ ജീവകാരുണ്യപ്രവർത്തനത്തിനോടുള്ള താൽപ്പര്യം ഒന്നുകൂടെ പ്രകടമാകുമായിരുന്നു. സെലിബ്രറ്റി ഡിസൈനിംഗിന്റെ ഒരു ഭാഗം കൂടിയാണ് വർത്തമാനകാലത്തിൽ ജീവകാരുണ്യപ്രവർത്തനത്തിനുള്ള ദാനം ചെയ്യൽ. അതുകൊണ്ടാണ് അതിന്റെ പ്രകടനപരതയ്ക്കും അതു ചെയ്യുന്നവർക്കുള്ള വെമ്പൽ. യഥാർഥത്തിൽ ജീവകാരുണ്യപ്രവർത്തനത്തിലേർപ്പെടുന്നവർ അത് കൊട്ടിഘോഷിക്കാറില്ല. ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് വധൂവരന്മാർക്ക് ആത്മാർഥമായി ആശംസയർപ്പിക്കുന്നത് ഉദാത്തമായ ജീവകാരുണ്യപ്രവർത്തനമാണ്. ആ ദമ്പതിമാരുടെ പ്രവൃത്തികൾകൊണ്ട് സംഘട്ടനവും അശാന്തിയും ഒഴിവാകുകയാണെങ്കിൽ അതിലേറെ എന്തു കാംക്ഷിക്കാൻ.

 

അതിനാൽ സമ്മാനം കൊടുക്കുന്നതും വാങ്ങുന്നതും ഒരുപോലെയാവണം. സമ്മാനം മൂല്യവത്തായതാണ്. വെറും കടലാസ്സിൽ എഴുതിയിരിക്കുന്ന രൂപയുടെ മൂല്യം നാം കൽപ്പിക്കും പോലെ. ആ മൂല്യമില്ലെങ്കിൽ അത് വെറും കടലാസ്സ്. അതുപോലെ, സമ്മാനത്തിന്റെ മൂല്യമറിഞ്ഞു കൊടുക്കൂകയും വാങ്ങുകയും ചെയ്യുമ്പോഴാണ് സമ്മാനം സമ്മാനമാകുന്നത്. മൂല്യവത്താകുന്നത്. അതിന്റെ മാനങ്ങളും പലതാണ്.

Tags: