നാടിന് അപമാനമായ മാലിന്യ സഞ്ചാരങ്ങള്‍

Glint Staff
Fri, 10-06-2016 05:30:00 PM ;

waste vehicle

 

ആവശ്യമുള്ളതിനും ഇല്ലാത്തതിനും കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്നാണ് ഈശ്വരവിശ്വാസികളല്ലാത്ത നേതാക്കള്‍ പോലും വിശേഷിപ്പിക്കുന്നത്. കൊച്ചിയെ ലോകത്തിന്റെ മുന്നിൽ ഉയർത്തിക്കാട്ടുന്നതാകട്ടെ, ആ ദൈവത്തിന്റെ നാട്ടിലെ പറുദീസയെന്നോണവും. കൊച്ചി സുന്ദരിയാണ്. സംശയമില്ല. കൊച്ചിക്ക് ഒരുപാട് ഗുണഗണങ്ങളുമുണ്ട്. ആരേയും ഒരു മടിയുമില്ലാതെ സ്വീകരിച്ച പാരമ്പര്യം ഇപ്പോഴും തുടരുന്ന നഗരം. അതേപോലെ ഈ നഗരത്തിന്റെ പല ഭാഗത്തു കൂടി കടന്നു പോകുമ്പോഴുള്ള ദുർഗന്ധവുമായും നഗരവാസികൾ ഏതാണ്ട് പൊരുത്തപ്പെട്ടിരിക്കുന്നു.

 

മാലിന്യ ശേഖരണ വാഹനം

 

മാലിന്യ സംസ്കരണവും നിർമാർജ്ജനവുമൊക്കെ പല സ്ഥലങ്ങളിലും നേരിടുന്ന ഒരു പ്രശ്നമാണ്. എന്നാൽ നഗരസഭ പാലിക്കേണ്ട ചില മര്യാദകളുണ്ട്. കൊച്ചിക്കെന്ന്‍ മാത്രമല്ല, മനുഷ്യന് തന്നെ അപമാനകരമായി തോന്നാവുന്ന വിധമുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കേണ്ടതാണ്. മലയാളിയുടെ വൃത്തി സങ്കൽപ്പം വെളിവാക്കുന്നതാണ് നഗരസഭയുടെ മാലിന്യ ശേഖരണ വാഹനവും അതിനു നിയോഗിക്കപ്പെട്ട ജീവനക്കാരും. അഴുകിയ മാലിന്യങ്ങൾ നഗരസഭയുടെ വാഹനത്തിൽ ഒരു മറപോലുമില്ലാതെ തുറന്നിട്ടുകൊണ്ടാണ് തിരക്കുള്ള നഗരമധ്യത്തിലൂടെ കൊണ്ടുപോകുന്നത്. ആ മാലിന്യത്തിനു നടുവിൽ ജീവനക്കാർ ഒരു വിധ കവച ധാരണവുമില്ലാതെ ആഘോഷ പൂർവ്വം നിൽക്കുന്നു. ഈ വാഹനം കടന്നുപോകുമ്പോൾ കാറ്റത്ത് അതിന്റെ ശകലങ്ങൾ പിന്നിലേക്കും വശങ്ങളിലേക്കും പറന്നും തെറിച്ചും വീഴുന്നുണ്ട്. ഇതുമൂലം വല്ലാതെ കഷ്ടപ്പെടുന്നത് ഇരുചക്ര വാഹനക്കാരും വഴിയാത്രക്കാരും നിരത്തിന്റെ വശങ്ങളിലുള്ള കടക്കാരുമാണ്. അസഹനീയമായ ദുർഗന്ധത്തിനൊപ്പം ഈ മാലിന്യശകലങ്ങൾ തെറിച്ച് വീഴുന്നു. രാവിലെയാണ് ഈ മാലിന്യ സംഭരണം നടക്കുന്നതിനാൽ ഓഫീസിൽ പോകുന്ന പലരുടേയും ദേഹത്ത് ഈ മാലിന്യം വീഴുകയും ചെയ്യുന്നു.

 

മാലിന്യത്തിൽ മലിനം കാണാൻ കഴിയാതിരിക്കുന്നത് നഗരസഭയുടെ സ്വഭാവമായി കാണേണ്ടിയിരിക്കുന്നു. അതിന് നേതൃത്വം നൽകുന്നവരുടെ സമീപനമാണ് അതിലൂടെ പ്രകടമാകുന്നത്. കാരണം പ്രഭാത വേളകളിൽ ഈ മാലിന്യം ഇങ്ങനെ തുറസ്സായി മനുഷ്യരെ അതിനു നടുവിൽ നിർത്തി കൊണ്ടു പോകുന്നത് കാണാത്ത ഒരു കൗൺസിലർ പോലും കൊച്ചി നഗരസഭയിലുണ്ടാവില്ല. തീർച്ചയായും നഗരസഭാദ്ധ്യക്ഷയും സെക്രട്ടറിയുമൊക്കെ കണ്ടിട്ടുണ്ടാവും. ഈ സമീപനമാണ് കൊച്ചിയേയും കേരളത്തേയും ഇങ്ങനെ ദുർഗന്ധപൂരിതമാക്കുന്നത്. സമീപനം വ്യക്തികളുടെ ഉള്ളിലുള്ളതാണ്. ഉള്ളിലുള്ളതേ പുറത്തും കാണുകയുള്ളു.

 

ആലുവ മാര്‍ക്കറ്റ്

 

സമാനമായ രീതിയില്‍ സാധാരണ ജനങ്ങള്‍ പൊരുത്തപ്പെട്ട് പോകാന്‍ നിര്‍ബന്ധിതമായ ഒന്നാണ് ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷണം കഴിക്കുക എന്നത്. ഭക്ഷണ സാധനങ്ങൾ മനുഷ്യന് ഉപയോഗയോഗ്യമല്ലാത്ത വിധം കൈകാര്യം ചെയ്യുന്നത് തടയാനും മലിനീകരണമുണ്ടാകാതിരിക്കാനുമുള്ള നിയമങ്ങൾ നിലവിലുണ്ട്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ആക്ട് മുതൽ മലിനീകരണ നിവാരണ നിയമങ്ങൾ വരെ. എന്നാൽ ഇവയൊക്കെ മിക്കപ്പോഴും ഉപയോഗിക്കപ്പെടാറില്ല. അഥവാ ഉപയോഗിച്ചാൽ പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരുടെ അനധികൃത വരുമാനത്തിനായും ഉപയോഗിക്കുന്നതായാണ് കണ്ടു വരുന്നത്. മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ പ്രശ്നത്തെ അര്‍ഹിക്കുന്ന ഗൌരവത്തോടെ സമീപിക്കാറില്ല. തങ്ങൾ റെയ്ഡ് നടത്താറുണ്ടെന്ന് വരുത്തിത്തീർക്കാനായി വല്ലപ്പോഴും നടത്തുന്ന റെയ്ഡുകൾ ഉദ്യോഗസ്ഥരുടെ അറിയിപ്പിനെ തുടർന്ന്‍ വാർത്തയാക്കുന്നു. തുടർന്ന് രണ്ടു ദിവസത്തേക്ക് സമാനമായ വാർത്തകൾ മാദ്ധ്യമങ്ങളിൽ വരും. അതിനു ശേഷം എല്ലാം വീണ്ടും പഴയ അവസ്ഥയിലേക്ക് മാറുന്നു.

 

നിയമത്തെക്കുറിച്ചും അത് നടപ്പാക്കേണ്ട രീതിയെക്കുറിച്ചും പൊതു അറിവില്ലാത്തതാണ് ഈ നിയമങ്ങൾ ഇവ്വിധം നടപ്പാക്കപ്പെടാതെ പോകുന്നത്. അതിനേക്കാളുപരി വൃത്തിയായ ജീവിതം നയിക്കാനുള്ള പ്രചോദനം ഉണ്ടാകാത്തതാണ് ഇതിനെല്ലാം അടിസ്ഥാനമായി പ്രവർത്തിക്കുന്നത്. ഇതറിയണമെങ്കിൽ എറണാകുളത്തെ ആലുവാ മാർക്കറ്റിലേക്ക് ഒന്നു കയറിനോക്കിയാൽ മതി. ഇത്രയും വൃത്തിഹീനമായ ഒരിടം അപൂർവ്വമായേ കാണാൻ കഴിയുകയുള്ളു. ഇതാകട്ടെ ആലുവാ പുഴയ്ക്കും സമീപമാണ്. ഇവിടുത്തെ മാലിന്യം പുഴയേയും മലിനമാക്കും. അവിടെ നിന്നുകൊണ്ട് പുഴയെ കാണാൻ പറ്റില്ല. എന്നാൽ നല്ല മഴ വന്നാൽ ഇവയെല്ലാം ചെന്നു പതിക്കുന്നത് ആലുവാപ്പുഴയിലേക്കും.

aluva market

 

മാർക്കറ്റുമായി ബന്ധപ്പെട്ട് പ്രവൃത്തിയെടുക്കുന്നവർക്ക് എങ്ങനെ തങ്ങളുടെ ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കണമെന്ന് ചെറിയ ഒരവബോധം നൽകുകയാണെങ്കിൽ ഇതിന് മാറ്റം വരും. അത്തരം ശ്രമങ്ങൾ നടത്തി ഒരു സംസ്കാരം ജനങ്ങളിൽ ഉണ്ടാക്കിയതിനു ശേഷം നിയമം നടപ്പിലാക്കിയെങ്കിൽ മാത്രമേ അത് പ്രാവർത്തികമാവുകയുള്ളു. അല്ലാതെ നിയമം കൊണ്ട് സംസ്കാരം ഉണ്ടാക്കാൻ സാധ്യമല്ല. മറിച്ച് സംസ്കാരമുണ്ടാക്കിയിട്ട് അവയെ നിലനിർത്താൻ നിയമത്തെ ഉപയോഗിച്ചാൽ ഫലമുണ്ടാകും.

 

സംസ്ഥാന സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഈ വിഷയത്തിൽ സംയോജിതമായ പദ്ധതി ആസൂത്രണം ചെയ്യേണ്ടതാണ്. ഭക്ഷണ സാധനങ്ങൾ തന്നെ വിഷലിപ്തമായ സാഹചര്യത്തിൽ കൈകാര്യം ചെയ്യുന്നതു വഴി ഭക്ഷണവസ്തുക്കൾ കൂടുതൽ ഹാനികരമാകുന്നതും അതുപോലെ പരിസരം മലിനമാകുന്നതും ഒഴിവാക്കാൻ ശ്രദ്ധ പതിക്കേണ്ടത് അത്യാവശ്യമാണ്. ഇത് മനുഷ്യന്റെ സ്വഭാവത്തെ വളരെ പ്രതികൂലമായി സ്വാധീനിക്കുന്നു. അതോടൊപ്പം മറ്റ് ജീവികൾക്കും അപകടകരമാം വിധം പ്രവർത്തിക്കാൻ ഇത്തരം സാഹചര്യങ്ങൾ സാധാരണ മനുഷ്യരെ പ്രേരിപ്പിക്കുന്നു. അതിന്റെ ഉദാഹരണമാണ് ആട്ടോറിക്ഷാ തൊഴിലാളിയായ ജലീൽ പറയുന്ന കഥ.

 

മോട്ടോർ ബൈക്കുകളുടെ പിന്നിൽ മീൻകുട്ടയിൽ നിന്ന് ട്യൂബു വഴി അതിന്റെ വെള്ളം റോഡിലേക്ക് ഒഴുക്കി വിടുക, ഏതാണ്ട് തുറന്ന വാഹനങ്ങളിൽ അറുത്ത മൃഗങ്ങളെ പരസ്യമായി ഇറച്ചിക്കടകളിലേക്ക് കൊണ്ടുപോകുക - ഇതൊക്കെ ഏതു തിരക്കേറിയ നഗര നിരത്തുകളിലെയും കാഴ്ചയാണ്. ഇത് ഭക്ഷണങ്ങളെ മോശമാക്കുന്നതിനും മലിനീകരണം ഉണ്ടാക്കുന്നതിനുമുപരി കാണികളിൽ ഉളവാക്കുന്ന മാനസിക സമ്മർദ്ദങ്ങൾ പലവിധമാണ്. ചിലർക്ക് ഈ കാഴ്ച തന്നെ അസഹനീയമാണ്. ഒരു മിനിമം പരിഷ്കൃതമായ സമൂഹത്തിന് ചേർന്നതല്ല ഇവ്വിധമുള്ള കാര്യങ്ങൾ. ഇതൊക്കെ ഒഴിവാക്കുന്നതിന് അത്ര പ്രയാസവുമില്ല എന്നുള്ളതാണ് യാഥാർഥ്യം. കാരണം ഇപ്പോൾ കാര്യങ്ങൾ മനസ്സിലാക്കാൻ പ്രയാസമുള്ളവരെ അതു മനസ്സിലാക്കുന്നതിന് പുത്തൻ ദൃശ്യശ്രാവ്യ സംവേദന മാദ്ധ്യമങ്ങൾ അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാവുന്നതുമാണ്.

 

നോർത്ത് റെയിൽവേ സ്റ്റേഷൻ ശൗചാലയം

 

അതേസമയം, ഇത്തരം ആശയവിനിമയം എത്ര ഫലപ്രദമായി ചെയ്താലും സര്‍ക്കാര്‍ സംവിധാനം അതനുസരിച്ച് മാറേണ്ടതിന്റെ ആവശ്യകത ഉറപ്പിച്ച് പറയുന്ന ഉദാഹരണമാണ്‌ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെ തന്റെ ആദ്യ സ്വാതന്ത്ര്യ ദിന സന്ദേശം മുതല്‍ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു പദ്ധതിയാണ് സ്വച്ഛ് ഭാരത്. രാഷ്ട്രീയ എതിരാളികൾക്കു പോലും അതിനെ എതിർക്കാനാകില്ല. ജനങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് ഒട്ടേറെ പരസ്യങ്ങളും ആഹ്വാനങ്ങളും ഇതിന്റെ ഭാഗമായി നല്‍കുന്നു. ആ നിലയ്ക്ക് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലുള്ള ശൗചാലയങ്ങൾ ഉപയോഗയോഗ്യമെങ്കിലും ആണ് എന്നുള്ളത് ഉറപ്പു വരുത്തേണ്ടത് അതത് സ്ഥാപനങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. വിശേഷിച്ചും പൊതുജനങ്ങൾ കൂടുതൽ ഇടപെടുന്ന സ്ഥലങ്ങളിൽ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ. അവിടുത്തെ വിശ്രമമുറിയോടു ചേർന്നുള്ള ശൗചാലയങ്ങൾ സ്വച്ഛ് ഭാരത് പദ്ധതിയോട് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ സ്വീകരിച്ചിട്ടുള്ള നിലപാട് വ്യക്തമാക്കുന്നു.

 

അരഡസനോളം കക്കൂസുകളും അത്രത്തോളം മൂത്രപ്പുരകളും വിശ്രമമുറിയോടു ചേർന്നുണ്ട്. കക്കൂസുകളിൽ ഇന്ത്യൻ ക്ലോസറ്റുകളും യൂറോപ്യൻ ക്ലോസറ്റുകളുമുണ്ട്. യൂറോപ്യൻ ക്ലോസറ്റുകളുടെ സീറ്റ് കണ്ടാൽ ഏത്ര അത്യാവശ്യക്കാരാണെങ്കിലും അതിനു മുകളിൽ ഇരിക്കില്ല. മലത്തേക്കാൾ മലീമസമാണ് അവ. 2016 മേയ് 27ലെ അവിടത്തെ അവസ്ഥ നോക്കുക. വാഷ് ഏരിയ മുഴുവൻ പാദം മുങ്ങുന്ന വിധം വെള്ളം കെട്ടിക്കിടക്കുന്നു. അത്യാവശ്യക്കാർ കുന്തിച്ചും കസർത്തുമൊക്കെ കാട്ടിയാണ് അവിടേക്ക് പ്രവേശിക്കുന്നത്. മുന്നോട്ടു പോകുന്നത് വിന്ധ്യം പിടിച്ചതിനാൽ ആദ്യം കാണുന്ന കക്കൂസിലേക്ക് കയറാൻ നിർബന്ധിതരാകുന്നു. അവിടെയുള്ള യൂറോപ്യൻ ക്ലോസറ്റ് പ്രവർത്തന രഹിതമായിട്ട് മാസങ്ങളോ വർഷങ്ങളോ ആയിട്ടുണ്ട്. ക്ലോസറ്റിലാണെങ്കിൽ വിസർജ്യാവശിഷ്ടവും. അതിന്റെ ടാങ്കിന്റെ മേൽ മൂടിയില്ല. തുറന്ന് കിടക്കുന്ന ടാങ്കിനുള്ളിൽ പേപ്പറുകളും മറ്റ് വസ്തുക്കളും തിരുകി നിറച്ച അവസ്ഥയിൽ. അവയുടെ മുകളിലുള്ള പൊടിയാണ് മാസങ്ങളോ വർഷങ്ങളോ ആയിട്ടുണ്ടാകും അവ പ്രവർത്തനരഹിതമായെന്ന നിഗമനത്തിലെത്താൻ സഹായിക്കുന്നത്.

 

വിശ്രമമുറിയുടെ ഭാഗത്തുനിന്നും വടക്കോട്ടു മാറി കാശുകൊടുത്തു പോകാവുന്ന ശൗചാലയമുണ്ട്. അഞ്ചു രൂപയാണ് ഒന്നു മൂത്രമൊഴിക്കുന്നതിനുള്ള തൂക. അതിനുളളില്‍ പ്രവേശിച്ചാലും ഉള്ള സ്വച്ഛത കൂടി ഇല്ലാതാകുന്ന അവസ്ഥയാണ്. ആദ്യം പ്രധാനമന്ത്രി ശ്രദ്ധിക്കേണ്ടത് ജനം കൂടുതൽ കയറിയിറങ്ങുന്ന കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ മൂത്രപ്പുരകളും ശൗചാലയങ്ങളും വൃത്തിയില്ലെങ്കിലും ചുരുങ്ങിയ പക്ഷം വൃത്തിഹീനമല്ലെന്ന് ഉറപ്പു വരുത്താനുള്ള നടപടിയാണ്. അതല്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഈ സ്വപ്ന പദ്ധതി പരാജയപ്പെടുമെന്നു മാത്രമല്ല പ്രധാനമന്ത്രിയുടെയെും കേന്ദ്ര സർക്കാരിന്റെയും വാക്കുകളിലും പ്രഖ്യാപനങ്ങളിലുമുള്ള വിശ്വാസ്യത ജനമനസ്സുകളിൽ സ്വാഭാവികമായും അവരറിയാതെ തന്നെ ഇല്ലാതാകും.

 

എന്തു തന്നെയായാലും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദുർഗന്ധം നിമിത്തം ചെകുത്താൻ പോലും ഛർദ്ദിച്ചു പോകുന്ന അവസ്ഥയാണ്. വിനോദ സഞ്ചാരം പിന്നീടാകാം. കുറഞ്ഞ പക്ഷം മൂക്കു പിടിക്കാതെയും ദേഹത്ത് മാലിന്യം വീഴാതെയും നാട്ടുകാർക്ക് നടക്കാനുള്ള സൗകര്യം ഒരുക്കേണ്ടത് എല്ലാ തലങ്ങളിലുമുള്ള സര്‍ക്കാരുകളുടെ പ്രാഥമിക കർത്തവ്യമാണ്.

Tags: