Skip to main content

jaleel

 

ആലുവായ്ക്കടുത്ത് വെളിയന്നൂർ സ്വദേശിയായ ആട്ടോറിക്ഷാ ഡ്രൈവറാണ് ജലീൽ. ജലീൽ മനുഷ്യസ്നേഹിയും മൃഗസ്നേഹിയുമാണ്. എന്നാൽ ഇതു രണ്ടും മനുഷ്യാവകാശ പ്രവർത്തകരെപ്പോലെയോ മൃഗസ്നേഹികളെപ്പോലെയോ ചെയ്യുന്നില്ല. അക്കാര്യത്തെ കുറിച്ച് പ്രത്യേകിച്ച് അദ്ദേഹം അറിയുന്നതുമില്ല. തന്റെ പ്രവൃത്തികളിലും സമീപനത്തിലും അതു നിഴലിക്കുന്നുവെന്നു മാത്രം.

 

ആലുവാ മാർക്കറ്റിലെ ഒരു കോഴിക്കടയിൽ നിന്ന് അമ്പതു കിലോ കോഴിയിറച്ചി ആലുവാ നഗരത്തിലെ ഒരു ഹോട്ടലിൽ എത്തിക്കേണ്ടതുണ്ട്. സ്ഥിരമായി അതു കൊണ്ടു പോകുന്ന ആട്ടോറിക്ഷാ ഡ്രൈവറുടെ ആട്ടോറിക്ഷ കേടായി. തുടർന്ന് ആ സുഹൃത്ത് ജലീലിനോട് സഹായം ആവശ്യപ്പെട്ടു. ജലീലിന്റേത് ആലുവാ സ്റ്റാൻഡിലോടുന്ന, ആളുകളെ കയറ്റുന്ന ആട്ടോറിക്ഷയാണ്. എങ്കിലും, സുഹൃത്തിന്റെ അഭ്യർഥനയെ ജലീലിന് തള്ളിക്കളയാനാകില്ല. അത് അയാളിലെ പരസ്പര സ്നേഹവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പല സന്ദർഭങ്ങളിലും ഇത്തരം സാഹചര്യങ്ങളിൽ ജലീലിന് ഇതുപോലെ കോഴിയിറച്ചി പിന്നിൽ കയറ്റി പല സ്ഥലങ്ങളിൽ എത്തിക്കേണ്ടി വന്നിട്ടുണ്ട്.

 

ജലീൽ തന്റെ അനുഭവം പറയുന്നു: ഈ ഇറച്ചി കയറ്റിയാൽ എങ്ങിനെയായാലും കോഴിയുടെ ചോര ആട്ടോറിക്ഷയിൽ വീഴും. പിൻസീറ്റിന്റെ പിന്നിലാണ് വയ്ക്കുന്നത്. ഈ ചോര വീണു കഴിഞ്ഞാൽ വാഹനം ഓടിത്തുടങ്ങുമ്പോൾ തന്നെ പിൻ ഭാഗം ചൂടായി കോഴിയുടെ ചോര ആട്ടോറിക്ഷയുടെ ചേർപ്പുകളിലേക്ക് കിനിഞ്ഞിറങ്ങും. ചൂടിൽ ചോര പാതി വെന്ത അവസ്ഥയിലെത്തും. അത് എത്ര കഴുകിയാലും പോകില്ല. ചേർപ്പുകളിലേക്ക് കിനിഞ്ഞിറങ്ങിയത് അവിടെത്തന്നെ അവശേഷിക്കും. അതു കഴിഞ്ഞ് ആട്ടോറിക്ഷ സ്റ്റാൻഡിൽ കൊണ്ടിടുമ്പോൾ വെയിലും കൂടിയാകുമ്പോൾ ചേർപ്പുകളിൽ പാതി വെന്തിരുന്ന കോഴിച്ചോര വെയിലില്‍ അവിയാൻ തുടങ്ങും. ഇത് ഒരു വല്ലാത്ത ഗന്ധം പരത്തും. ഈ മണം പിടിച്ച് പൂച്ച വന്ന് പിന്നിൽ കയറും. പിന്നിൽ കയറുന്ന പൂച്ച ആദ്യമായി ചെയ്യുന്നത് ഒന്നുരണ്ടു തവണ വേഗത്തിൽ മണപ്പിച്ചിട്ട് മൂത്രമൊഴിക്കും. അതും ചേർപ്പുകളിലേക്ക് കിനിഞ്ഞിറങ്ങും. ഒപ്പം പിന്നിൽ അറിയാതെ അവശേഷിക്കുകയും ചെയ്യും.

 

എപ്പോഴും ഉള്ളിൽ ഇരിക്കുന്നതിനാൽ ഡ്രൈവർ ഈ ഗന്ധം തിരിച്ചറിഞ്ഞെന്നു വരില്ല. പക്ഷെ പിൻഭാഗം അടഞ്ഞു കിടക്കുന്നതിനാൽ പൂച്ചമൂത്രവും പാതി വെന്ത കോഴിച്ചോരയും കൂടി അസഹനീയമായ ഗന്ധം പുറപ്പെടുവിക്കും. പിന്നിൽ കയറുന്ന യാത്രക്കാരായിരിക്കും അതനുഭവിക്കുക. ആൾക്കാർ ഉള്ളിൽ കയറിയതിനു ശേഷമേ അതറിയുകയുളളു. അതുകൊണ്ട് നാറ്റമുള്ളതിന്റെ പേരിൽ ആട്ടോറിക്ഷയിൽ യാത്രക്കാർ കയറാതിരിക്കുന്ന പ്രശ്നമൊന്നുമില്ല. എന്നിരുന്നാലും മനുഷ്യസ്നേഹം വേണ്ടേ എന്നാണ് ജലീൽ ചോദിക്കുന്നത്. അതുകൊണ്ട് നാറ്റം കളയാന്‍ പരമാവധി ശ്രമിക്കും. എന്നിരുന്നാലും കോഴിയിറച്ചി കയറ്റിയാൽ നാറ്റം വരിക തന്നെ ചെയ്യുമെന്നാണ് ജലീൽ പറയുന്നത്. വിശേഷിച്ചും പൂച്ചമൂത്രത്തിലൂടെ.

 

പൂച്ച മൂത്രമൊഴിക്കുന്നത് തടയുന്നതിന് ജലീൽ ചില പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അത് പറയുന്നതിനു മുൻപ് തന്നെ താൻ ചെയ്യുന്ന പ്രവൃത്തി അരുതാത്ത പ്രവൃത്തിയാണെന്നും അതിൽ വിഷമമുണ്ടെന്നും ജലീൽ പറയുന്നു. അതായത് കോഴി കയറ്റിക്കഴിഞ്ഞാൽ ആട്ടോറിക്ഷയുടെ പിൻഭാഗം കഴുകിയതിനു ശേഷം അതിൽ അഞ്ചാറു പൊതികളിൽ പാതി തുറന്ന അവസ്ഥയിൽ മുളകുപൊടി വയ്ക്കും. പൂച്ച വന്നപാടെ പൊതി മണപ്പിക്കും. മണപ്പിക്കുന്നതിലൂടെ അത് പൂച്ചയുടെ മൂക്കിനുളളിൽ കയറും. പിന്നെ പൂച്ച മരണവെപ്രാളത്തിൽ ഒരു പാച്ചിലും മൂക്കിട്ട് തറയിലുരപ്പുമൊക്കെയാണ്. പിന്നെ ആ വഴിക്കു പൂച്ച വരില്ലെന്നും ജലീൽ പറയുന്നു. പൂച്ച ഇങ്ങനെ മരണവെപ്രാളമെടുത്തു പിടയുന്നത് പല തവണ താൻ കണ്ടിട്ടുണ്ടെന്ന് ജലീൽ പറയുന്നു. ഇതു പറയുമ്പോൾ ജലീൽ കൂട്ടിച്ചേർക്കുന്നു, ശാപം കിട്ടുന്ന പണിയാണതെന്ന്. അപ്പോൾ അയാളുടെ മുഖത്ത് നിഴലിച്ചത് ദയയുടെ ഭാവമായിരുന്നു. പക്ഷേ അയാളുടെ ഗതികേട് അത് ചെയ്യിക്കാൻ പ്രേരിപ്പിക്കുന്നു.

Ad Image