Skip to main content

kadayinickad

 

മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ ഒരു സംഘം കാറിൽ യാത്ര ചെയ്യുന്നു. കറുകച്ചാൽ കഴിഞ്ഞുള്ള കടയിനിക്കാടാണ് ലക്ഷ്യം. ചങ്ങനാശ്ശേരിയിൽ പലയിടത്തും റോഡുപണികളാൽ ചില്ലറ തടസങ്ങൾ. ഒരു കവലയിലെത്തിപ്പോൾ വഴി ചോദിക്കണം. കേരളത്തിലിപ്പോൾ യാത്രക്കിടയിൽ വഴി ചോദിച്ചാൽ പലപ്പോഴും കിട്ടുന്ന ഉത്തരം മാലൂം നഹീ ഹൈ എന്നായിരിക്കും. വഴിയോരത്തുകൂടി നടന്നു പോകുന്നവരിൽ മിക്കവരും മറുനാട്ടുകാരായിരിക്കും. ഗൂഗിൾ മാപ്പ് നോക്കാനുള്ള സാവകാശമില്ല. കാരണം കവലയടുത്തു. ജനസംഖ്യ വല്ലാതെയുണ്ടെന്ന് പറയുമ്പോഴും പലപ്പോഴും വഴിയോരത്ത് ആരെയും കാണാനില്ല. പെട്ടന്ന് ഇടതുവശത്തുള്ള കടയിൽ നിന്ന് ഒരാൾ ഇറങ്ങുന്നു. നോട്ടത്തിൽ മലയാളിയാണ്. പക്ഷേ അദ്ദേഹത്തിന്റെ വസ്ത്രവും മുഖഭാവവും ശരീരഭാഷയും പോരാ. വഴിപോയിട്ട് സ്വന്തം പേര് പോലും മര്യാദക്ക് പറയാൻ സാധ്യതയില്ലെന്ന്‍ മൊത്തത്തിലുള്ള ലക്ഷണം.  മുന്നിലിരുന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പറഞ്ഞു: "ഓ, ഇയാളോടു ചോദിച്ചിട്ടു കാര്യമില്ല.” ഡ്രൈവർ കാർ നിർത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം നിരുത്സാഹപ്പെടുത്തി. അപ്പോഴേക്കും കാർ നിന്നു. തന്നെ ലക്ഷ്യം വച്ചാണ് കാർ നിന്നതെന്ന് ആ വഴിയാത്രക്കാരന് മനസ്സിലായി. അദ്ദേഹം കാറിന്റെ നേർക്ക് തിരിഞ്ഞു. കടയിനിക്കാട് അറിയാൻ വഴിയില്ലെന്ന്‍ കരുതി കറുകച്ചാൽ പോകേണ്ട വഴി ചോദിച്ചു. ഗൂഗിൾ മാപ്പ് മദാമ്മയ്ക്ക് നാണം വരുന്ന മട്ടിൽ വളരെ വ്യക്തവും സ്ഫുടവും മധുരവുമായി അദ്ദേഹം വഴി പറഞ്ഞു. അപ്പോൾ കാറിനകത്തുനിന്ന് കടയിനിക്കാടുള്ള ആഡിറ്റോറിയത്തിന്റെ പേരുകൂടി ചോദിച്ചു. ഉദ്ഘാടനം കഴിഞ്ഞിട്ട് അധികം നാളാകാത്തതാണ് ആഡിറ്റോറിയം. അതും എവിടെയാണെന്ന് കാഴ്ചയിൽ തീരെപ്പോരാത്ത അദ്ദേഹം പറഞ്ഞു.

 

കാർ മുന്നോട്ടു നീങ്ങി കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞപ്പോൾ മുന്നിൽ ഇടതുഭാഗത്തിരുന്ന മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ക്ഷമാപണത്തോടെ സ്വയം തിരുത്തി. ആളുകളെ കാഴ്ചയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് നല്ലതല്ലെന്നും തനിക്ക് ആ അബദ്ധം പറ്റിപ്പോയെന്നും. അത് യഥാർഥത്തിൽ അദ്ദേഹത്തിലെ സാമാന്യ മനുഷ്യനു പറ്റിയ അബദ്ധമാണ്. വ്യവഹാര തലത്തിൽ കാണുന്നതിനെ അതേപടി സ്വീകരിക്കാൻ കഴിയില്ല എന്നത് മലയാളി പൊതുവേ നേരിടുന്ന സാമൂഹ്യ മാനസിക രോഗമാണത്. എന്തിനെയും കാണുന്നയുടൻ തന്നെ വ്യാഖ്യാനിച്ചു പോകും. ആ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളിലുണ്ടാകുന്ന വിലയിരുത്തൽ അഥവാ വിധി കല്പിക്കലിന്റെ അടിസ്ഥാനത്തിലായിരിക്കും വ്യക്തി തന്റെ ഇടപഴകലുകൾ എങ്ങനെ വേണമെന്നു നിശ്ചയിക്കുക. ആ വിധികല്പിക്കലാകട്ടെ വ്യക്തിയുടെ കാഴ്ചപ്പാടും വൈകാരികതകളെയും മാത്രം അടിസ്ഥാനപ്പെടുത്തിയും. അതിന് പലപ്പോഴും യാഥാർഥ്യവുമായി തെല്ലും ബന്ധം ഉണ്ടാവില്ല.

 

ഇങ്ങനെ വിധി കൽപ്പിച്ച് അപരിചിതരുമായി ഇടപെട്ടതിനു ശേഷം പലരും പറയുന്നതു കേൾക്കാം- ‘നിങ്ങളേക്കുറിച്ച് ഞാനിങ്ങനെയല്ല പ്രതീക്ഷിച്ചത്. ആളൊരു ഗൗരവക്കാരനാണെന്നാ കരുതിയത്’ എന്നൊക്കെ. ഇത് ആ വ്യക്തിയുടെ ഭൂതകാലം 'ഡ്രൈവർ സീറ്റിൽ' ഇരുന്ന് മനസ്സിനെ നിയന്ത്രിക്കുന്നതിനാലാണ്. അതിന്റെ പിന്നിൽ പേടിയും പ്രവർത്തിക്കുന്നുണ്ടാവും. തന്റെ ജീവിതത്തിൽ അടുത്തിടപഴകേണ്ടി വന്ന ഗൗരവക്കാരുടെ ഭാവം ആ വ്യക്തിയിൽ വൈകാരികതയെ തിരിച്ചറിയാനുള്ള അക്ഷരമാലയും വ്യാകരണവുമൊക്കെയായി പ്രവർത്തിക്കുന്നതുകൊണ്ടാണത്. ഇത്തരത്തിലുള്ള സങ്കീർണ്ണ വൈകാരികതയുടെയും കാഴ്ചപ്പാടുകളുടെയും കെട്ടിപ്പിണയലാണ് മലയാളിക്ക് മനുഷ്യനെ നേരിൽ കാണുമ്പോൾ മനുഷ്യനായി കാണാൻ കഴിയാതെ പോകുന്നത്. അത്തരം മാനസികാവസ്ഥ ചുവന്ന മുണ്ടുടുത്ത ഒരാളുടേയും നെറ്റിയിൽ കുറി തൊട്ട് കയ്യില്‍ ചരട് കെട്ടിയ മറ്റൊരാളുടേയും ഉള്ളിൽ, അവർ ആദ്യമായി കണ്ടുമുട്ടുന്നവരാണെങ്കിലും, വിദ്വേഷത്തിന്റെ കുമിളകൾ പൊട്ടിക്കുന്നു. അതേപോലെ അൽപ്പം പ്രത്യേക രീതിയിൽ താടിവച്ചയൊരാളെ കാണുകയാണെങ്കിൽ ഭീകരവാദിയാണോ എന്നും വ്യാഖ്യാനിക്കാൻ പറ്റുന്ന വിധം കേരളത്തിന്റെ പൊതു അവസ്ഥ മാറിക്കൊണ്ടിരിക്കുന്നു.

self respect

 

ജന്തുലോകത്തെ മറ്റെല്ലാ ജീവികളും തങ്ങളുടെ ജാതിയിൽ പെട്ട ജീവികളെ കാണുന്ന മാത്രയിൽ തിരിച്ചറിയുന്നു. എന്നാൽ മനുഷ്യൻ മറ്റൊരു മനുഷ്യനെ കാണുന്ന മാത്രയിൽ വ്യാഖ്യാനവും വിധികൽപ്പിക്കലും നടത്തുന്നു. അതോടെ ആ വ്യക്തിയിലെ മനുഷ്യൻ മറയുന്നു. വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ വിധികൽപിക്കപ്പെട്ട സംഗതിയായി മാറുന്നു. ഈ അവസ്ഥാവിശേഷം എല്ലായിടത്തും കാണാമെങ്കിലും അതിന്റെ അളവ് കേരളത്തിൽ മനോരോഗമെന്നോണം അധികരിച്ചിരിക്കുന്നു. ഒരാളെ കാണുന്ന മാത്രയിൽ ഒരു ലേബൽ പതിക്കുന്നു. ആ ലേബൽ തങ്ങൾക്കിഷ്ടപ്പെടുന്നതാണെങ്കിൽ ഇഷ്ടം. അല്ലെങ്കിൽ വെറുപ്പ്. എന്തിന് ലേബൽ ഇട്ടു കഴിഞ്ഞാൽ സംസാരിക്കുന്നതു പോയിട്ട് ചിലർ നോക്കാൻ പോലും തയ്യാറാവില്ല. ഈ ലേബലിംഗ് രോഗത്തിന്റെ മൂർഛിച്ച ലക്ഷണമാണ് ചാനൽ ചർച്ചകളിൽ കാണുന്നത്.

 

ഒറ്റനോട്ടത്തിൽ ഈ സ്വഭാവത്തിൽ നിന്നുണ്ടാകുന്ന പെരുമാറ്റം പരസ്പര ബഹുമാനമില്ലാത്തതാണെന്നു തോന്നും. പ്രവൃത്തിയിൽ അത് വസ്തുതാപരമായി ശരിയാണ്. എന്നാൽ യഥാർഥത്തിൽ പരസ്പര ബഹുമാനമില്ലായ്മയല്ല, മറിച്ച് സ്വയം ബഹുമാനമില്ലായ്മയാണ്. സ്വയം ബഹുമാനിക്കുന്നവരുടെ സ്വാഭാവികമായ പെരുമാറ്റമാണ് ബാഹ്യമായ കാഴ്ചയിൽ പരസ്പര ബഹുമാനമായി പ്രകടമാകുന്നത്. ഈ ലേബൽ വെക്കൽ സംസ്കാരം മനുഷ്യന്റെ പ്രാകൃത സംസ്കൃതിയിൽ നിന്നും കൂടെപ്പോന്ന സ്വഭാവാംശമാണ്. അതിനെക്കുറിച്ച് ബോധപൂർവ്വം ജാഗ്രതയിലേക്കുണരുന്ന രീതികളിലൂടെ മാത്രമേ വേഷത്തിന്റെയും ദേശത്തിന്റെയും പാർട്ടികളുടെയും വ്യത്യാസങ്ങൾപ്പുറം മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുകയുള്ളു. ഇന്ന് കേരളത്തിൽ ഏറ്റവും അത്യാവശ്യമായി അനുഭവപ്പെടുന്ന ഒന്നുമാണത്. വിശേഷിച്ചും സ്ത്രീകളെ പുരുഷന്മാർ കാണുന്നതിലും സ്ത്രീകളെ അവർ തന്നെ സ്വയം കാണുന്നതിലും. വേഷത്തിന്റെ പേരിൽ സ്വയം നിർവ്വചിക്കുകയും മറ്റുള്ളവരാൽ വല്ലാതെ കണ്ട് വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥയാണിപ്പോള്‍.

 

കടയിനിക്കാട്ടേക്കുള്ള വഴിയന്വേഷിച്ച മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വളരെ വിശാലവും വ്യക്തിപരമായി ഔന്നത്യവും ഉള്ള വ്യക്തിയാണ്. അദ്ദേഹത്തെ പോലും മലയാളിയുടെ പൊതുശീലം സ്വാധീനിച്ചുവെങ്കിൽ സാധാരണക്കാരിൽ ഈ വ്യാഖ്യാനശീലത്തിന്റെ തോത് ഊഹിക്കാവുന്നതേ ഉള്ളു. വെടിപ്പോടെ വേഷം ധരിച്ച് നടക്കുന്ന മലയാളിക്കിടയിൽ ആ മുഷിഞ്ഞ വേഷക്കാരനെ കണ്ടതും അദ്ദേഹത്തെക്കൊണ്ട് അങ്ങനെ തോന്നിപ്പിക്കാൻ കാരണമായിട്ടുണ്ടാകും. ആ വഴിയാത്രക്കാരന്റെ വ്യക്തതയും സ്ഫുടതയും അദ്ദേഹത്തിന്റെ വേഷത്തിലും പ്രതിഫലിക്കേണ്ടതായിരുന്നു. വെടിപ്പോടെ വസ്ത്രം ധരിക്കേണ്ടതും സ്വയം ബഹുമാനിക്കലും അതിലൂടെ മറ്റുള്ളവരെ ബഹുമാനിക്കലുമാണ്.