ആം ആദ്മിയും രാഹുലും 2014 തെരഞ്ഞെടുപ്പും

കെ.ജി. ജ്യോതിര്‍ ഘോഷ്

Monday, December 9, 2013 - 4:52pm

 

ആരിഷി മരീന. ആം ആദ്മി പാർട്ടി നേതാവ്. ദില്ലി തെരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി നടത്തിയ പ്രകടനത്തിൽ സന്തോഷം പങ്കുവച്ചുകൊണ്ട് ചാനലുകളിൽ അവരാണ് മുഖ്യമായും ചർച്ചകളിൽ പങ്കെടുത്തത്. ഒരു ചാനലിൽ അവർ പറയുകയുണ്ടായി, തങ്ങൾ നടത്തിയത് ഇന്ത്യയിലെ അറബ് വസന്തമായിരുന്നു. അറബ് വസന്തങ്ങൾ മിക്കതും അടുത്ത ഋതുക്കളിലേക്കു പ്രവേശിച്ചു. ഇവിടെ അരവിന്ദ് കേജ്രിവാളിന്റെ വിജയം അതിനെ അടുത്ത ഘട്ടത്തിലേക്കു കൊണ്ടുപോയി വിദഗ്ധമായി രാഷ്ട്രീയവത്ക്കരിച്ചു. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ അരാഷ്ട്രീയ ഊർജ്ജത്തെ സമാഹരിച്ച് അരാഷ്ട്രീയത അതേ പടി നിലനിർത്തിക്കൊണ്ടു തന്നെ ജനങ്ങളിലെ സ്വതസിദ്ധമായ നന്മയോടുള്ള ആഭിമുഖ്യത്തേയും തിന്മയോടുള്ള എതിർപ്പും അതിനെതിരെയുള്ള യുദ്ധോത്സുകതയും മുതലെടുത്തുകൊണ്ട് രാഷ്ട്രീയത്തിന്റെ ഭാഗമാക്കി. (വില്ലനെ ഇടിച്ചുനിരത്തിയോ അല്ലെങ്കിൽ അയാൾക്കു നേരേ നിറയൊഴിച്ചോ നീതി നടപ്പാക്കുന്ന തട്ടുപൊളിപ്പൻ സിനിമയെ കാണികൾ വിജയിപ്പിക്കുന്നത് ഇതേ വികാരത്തിന്റെ സാന്നിദ്ധ്യം കൊണ്ടാണ്.) തങ്ങൾ മാത്രം നല്ലവർ, മറ്റുള്ളവരെല്ലാം മോശക്കാർ എന്നതാണ് ആം ആദ്മി പാർട്ടി മുന്നോട്ടു വച്ചിട്ടുള്ള രാഷ്ട്രീയം. പക്ഷേ തങ്ങളുടെ പാർട്ടി സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് വേളയിൽ അനധികൃതമായി പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് പാർട്ടിയെ ഇടയ്ക്ക് അൽപ്പമൊന്ന് പരുങ്ങലിലാക്കി.

 

എന്തായാലും തത്ക്കാലം ആം ആദ്മി പാർട്ടി ഭരണത്തിലേറില്ല എന്നുറപ്പായി. അത് അവരുടെ അരാഷ്ട്രീയ അടിത്തറയെ വിപുലപ്പെടുത്താൻ സഹായിക്കും. അതിനു വളക്കൂറുളള മണ്ണാണ് ഇപ്പോൾ ദില്ലിയിലുള്ളത്. മറ്റ് നഗരങ്ങളിലേക്കും ആ വളക്കൂറ് വ്യാപിച്ചാൽ അതിശയിക്കാനില്ല. വളക്കൂറ് എന്താണെന്നു നോക്കാം. വളരെ ലളിതം. ഏറ്റവും കൂടുതൽ പാരമ്പര്യമുള്ള കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വരാഹിത്യം മാത്രമാണ്. ഒരു നല്ല പ്രസ്താവന നടത്താൻ പോലും ത്രാണിയുള്ളവരെ പുറത്തേക്കു കാണുന്നില്ല. അതിനുളളിൽ നേതൃപാടവമുളളവർ മറ്റേത് പാർട്ടിയിലേക്കാളും കൂടുതലാകാനേ വഴിയുള്ളു. ദില്ലി തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന നോക്കൂ. അദ്ദേഹം അധികം താമസിയാതെ അരവിന്ദ് കേജ്രിവാളിന്റെ പാർട്ടിയിൽ പോയി ചേർന്നേക്കുമോ എന്നു പോലും സംശയം തോന്നിപ്പോകും. തെരഞ്ഞെടുപ്പിൽ തോൽവിയും ജയവുമൊക്കെ സ്വാഭാവികം. ജനാധിപത്യത്തിന്റെ ആരോഗ്യലക്ഷണവുമാണത്. ദില്ലിയിൽ ഒറ്റ അക്കത്തിലേക്ക് എം.എൽ.എമാർ ചുരുങ്ങിപ്പോയെങ്കിലും ഇരുപത്തിയഞ്ചു ശതമാനം വോട്ടർമാർ കോൺഗ്രസ്സിന് വോട്ടുചെയ്തു. അത്രയും വോട്ടർമാർ തങ്ങളുടെ പാർട്ടിയിൽ വിശ്വാസമർപ്പിച്ചു എന്നുള്ളത് ചെറിയ കാര്യമല്ല. അത് കോൺസ്സിന്റെ ഉത്തരവാദിത്വത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലത്തിൽ ദു:ഖിതരായി നൂറ്റാണ്ടിലേറെ പഴക്കമുള്ള കോൺഗ്രസ്സ് പാർട്ടി അരവിന്ദ് കേജ്രിവാളിന്റെ വിജയത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുമെന്നാണ് പറഞ്ഞത്. ശരിയാണ്, പാഠം ഉൾക്കൊള്ളേണ്ടതാണ്. അത് ശരിയായ പാഠമാകണം. അല്ലെങ്കിൽ കൂടുതൽ കുഴപ്പത്തിലേക്കായിരിക്കും കോൺഗ്രസ്സ് ചെന്നു പതിക്കുക. എന്നാൽ ശരിയായ പാഠം ഉൾക്കൊള്ളുമെന്നതിന്റെ പ്രാഥമിക സൂചനയല്ല രാഹുലിന്റെ വാക്കുകളിൽ പ്രകടമായത്. അരവിന്ദ് കേജ്രിവാൾ കൂടുതൽ ആൾക്കാരെ തന്നോടൊപ്പം അണിനിരത്തുന്നതിൽ വിജയിച്ചു എന്ന മാതൃകയിലുള്ള പ്രസ്താവനയാണ് രാഹുലിൽ നിന്നുമുണ്ടായത്. കോൺഗ്രസ്സിന്റെ ഭരണത്തെ പ്രതിസ്ഥാനത്തു നിർത്തി അഴിമതിയെ മുഖ്യ അജണ്ടയാക്കിയാണ് ചൂലും ചിഹ്നമാക്കി അരവിന്ദ് കേജ്രിവാൾ നായകവേഷം കെട്ടിയാടി വിജയിച്ചത്. അതോടൊപ്പം അണികളെ ഇളക്കിമറിക്കാനോ ആവേശം കൊള്ളിക്കാനോ ഉള്ള കഴിവ് തനിക്കില്ലെന്ന് മനസ്സിലാക്കാനുള്ള ചുരുങ്ങിയ പ്രായോഗികബുദ്ധിയും രാഹുലിനും അദ്ദേഹത്തിന്റെ ഉപദേശകർക്കും ഇല്ലാതെ പോയി. അതുകൊണ്ടാണ് ആം ആദ്മി പാർട്ടിയുടെ പ്രകടനം കണ്ട് രാഹുൽ അന്ധാളിച്ചുപോയത്.

 

rahul gandhiഇന്ത്യൻ മാധ്യമങ്ങൾ പരുവപ്പെടുത്തിയ സാമൂഹികാന്തരീക്ഷമാണ് ആം ആദ്മി പാർട്ടിയുടെ അടിത്തറ. മറ്റുള്ളവരുടെ മോശത്തരങ്ങളും അഴിമതിയും തുറന്നുകാണിക്കുന്നതു മാത്രമാണ് മാധ്യമപ്രവർത്തനമെന്ന സമവാക്യത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ് പ്രേക്ഷകരുടെ എണ്ണം കൂട്ടാന്‍  മത്സരത്തിലേർപ്പെട്ടിരിക്കുന്ന ചാനലുകളും മറ്റ് മുഖ്യധാരാ മാധ്യമങ്ങളും. മാധ്യമങ്ങളുടെ ഈ പ്രവർത്തന സമീപനമാണ് ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട് എന്നു വേണമെങ്കിൽ കരുതാവുന്നതാണ്. സ്വാഭാവികമായും അധികാരത്തിലിരിക്കുന്ന കോൺഗ്രസ്സ് പാർട്ടിയായിരിക്കും മാധ്യമങ്ങളുടെ മുഖ്യ ആക്രമണ കേന്ദ്രം.  അങ്ങനെ മാധ്യമങ്ങളാല്‍ തുറന്നു കാണിക്കപ്പെട്ട അന്തരീക്ഷത്തിലുള്ള ജനരോഷമാണ് അരവിന്ദ് കേജ്രിവാളും ദില്ലിയിലെ അറബ് വസന്തവുമെന്ന് മനസ്സിലാക്കാൻ അതിബുദ്ധിയുടെ ആവശ്യമില്ല. പക്ഷേ കോൺഗ്രസ്സിനും രാഹുൽഗാന്ധിക്കുമൊന്നും അത് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇപ്പോഴും കഴിയുന്നില്ല എന്നാണ് രാഹുലിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. മാറുന്ന കാലത്തിനനുസരിച്ച് ഭരണരംഗത്തും ജനക്ഷേമകാര്യങ്ങളിലും കോൺഗ്രസ്സ് സര്‍ക്കാര്‍ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എന്നാൽ  എന്താണോ മാറ്റം അതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയവും സാംസ്കാരികവുമായ മാറ്റത്തെ കോൺഗ്രസ്സ് പാർട്ടിക്ക് മനസ്സിലാക്കാനോ ആ ദിശയിലേക്ക് ഇതുവരെ ചിന്തിക്കാനോ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

 

പാർട്ടിയെ നവീകരിക്കുമെന്നും രാഹുൽ പറയുകയുണ്ടായി. ഇതുവരെ അദ്ദേഹത്തെ നയിച്ച നവീകരണ കാഴ്ചപ്പാടാണ് തുടർന്നും വെച്ചുപുലർത്തുന്നതെങ്കിൽ രാഷ്ട്രീയ ആശയക്കുഴപ്പത്തിൽ നിന്നും അരാഷ്ട്രീയത്തിലേക്കും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കുമായിരിക്കും രാഹുൽ കോൺഗ്രസ്സിനെ നയിക്കുക. ഏൽപ്പിക്കുന്ന കാര്യങ്ങൾ ശരിയായി ചെയ്യുന്നതിന് ടെസ്റ്റും അഭിമുഖവുമൊക്കെ നടത്തി മാനേജർമാരെ കണ്ടെത്തുന്നത് സ്ഥാപനങ്ങൾക്ക് ആവശ്യമാണ്. എന്നാൽ ശരിയായ കാര്യങ്ങൾ തീരുമാനിക്കുന്നതിനും അതു പ്രയോഗത്തിൽ കൊണ്ടുവരുന്നതിനും നേതാക്കളെയാണ് ആവശ്യം. രാഷ്ട്രീയം സാമൂഹ്യ ശാസ്ത്രമാണ്. അതിന്റെ മർമ്മം മനസ്സിലാക്കിയില്ലെങ്കിൽ അതിസങ്കീർണ്ണം. മനസ്സിലാക്കിയാൽ ലളിതം. മനസ്സിലാക്കാതെ അതിനെ ലളിതമായി കാണുന്നതാണ് കോൺഗ്രസ്സ് നേതൃത്വവും രാഹുൽഗാന്ധിയും സോണിയാ ഗാന്ധിയുമൊക്കെ നേരിടുന്ന വെല്ലുവിളി.

 

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്ര മോഡി ഇതിനകം അഴിച്ചുവിട്ടിരിക്കുന്നത് തെരഞ്ഞെടുപ്പു പ്രചാരണ കൊടുങ്കാറ്റാണ്. ആ കാറ്റേറ്റിട്ടാവാം സോണിയാ ഗാന്ധി ഞായറാഴ്ച പറഞ്ഞത് കോൺഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെ  വൈകാതെ പ്രഖ്യാപിക്കുമെന്ന്. അതു നൽകുന്ന സൂചന രാഹുലായിരിക്കില്ല പ്രധാനമന്ത്രി സ്ഥാനാർഥി എന്നാണ്. ബി.ജെ.പിയുടെ പ്രചാരണ തന്ത്രങ്ങൾക്ക് മറുപടിയെന്നോണം കോൺഗ്രസ്സിന് ഒരുങ്ങേണ്ടി വരുന്ന ഗതികേടാണ് ആ വാക്കുകളിൽ നിഴലിച്ചത്. കോൺഗ്രസ്സിന്റെ മുന്നിൽ ഇപ്പോൾ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും പാഠം ഉൾക്കൊള്ളാനും പഠിക്കാനുമുള്ളത് മധ്യപ്രദേശിൽനിന്നും രാജസ്ഥാനിൽ നിന്നുമാണ്. ദില്ലിയിൽ ആം ആദ്മി പാർട്ടിയില്ലായിരുന്നുവെങ്കിൽ സമാനമായ തെരഞ്ഞെടുപ്പു ഫലം ദില്ലിയിലും ആവർത്തിക്കുമായിരുന്നു. അരവിന്ദ് കേജ്രിവാൾ വിദഗ്ധമായി മുതലെടുത്ത വികാരം ദില്ലിക്ക് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലുമുണ്ടെന്നുള്ളത് കോൺഗ്രസ്സ് മനസ്സിലാക്കേണ്ട പാഠമാണ്. ആം ആദ്മി പാർട്ടിക്ക് 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ മറ്റു സംസ്ഥാനങ്ങളിൽ ദില്ലി ആവർത്തിക്കാൻ കഴിയില്ല. അത് ബി.ജെ.പിയേയും പ്രാദേശിക രാഷ്ട്രീയ കക്ഷികളേയുമായിരിക്കും സഹായിക്കുക. അതിനെ കണ്ടറിഞ്ഞ് തീരുമാനങ്ങളെടുക്കാനും തന്ത്രങ്ങൾ മെനയാനും സഖ്യങ്ങൾ ഉണ്ടാക്കാനുമുള്ള നേതൃത്വപരമായ സമീപനമുണ്ടായില്ലെങ്കിൽ കോൺഗ്രസ്സിന് ഏൽക്കേണ്ടി വരുന്ന പ്രഹരം കടുത്തതാകും.

Tags: