പൊള്ളലേറ്റ കുഞ്ഞ്

Glint Guru
Fri, 20-02-2015 03:30:00 PM ;

 

മൂന്നു വയസ്സുള്ള കുഞ്ഞ്. അതിന് ജലദോഷവും പനിയും. ഇടയ്ക്കിടയ്ക്ക് ആവികൊള്ളിക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. വീട്ടിൽ അമ്മയും കുഞ്ഞും തനിച്ചേ ഉണ്ടായിരുന്നുള്ളു. ഒരു ചരുവത്തിൽ വെള്ളം വെട്ടിത്തിളപ്പിച്ചു. അത് തറയിൽ വച്ച് കുഞ്ഞിനെ അടുത്തിരുത്തി. പിന്നെ ഒരു വലിയ ഷീറ്റിട്ട് കുഞ്ഞിന്റെ തലവഴിയേ മൂടി, ചൂടുവെള്ളം നിറഞ്ഞ ചരുവവും ഉള്ളിലാകും വിധം. അപ്പോഴാണ് ചൂടുവെള്ളത്തിൽ വിക്സ്‌ ഇടേണ്ട കാര്യം ഓർമ്മ വന്നത്. അമ്മ വിക്സ്‌ എടുക്കാൻ പോയി. വിക്സ്‌ എടുത്തു വരുന്നതിന് മുൻപ് കുഞ്ഞിന്റെ അലറിവിളി. വന്നപ്പോഴേക്കും കുഞ്ഞിന്റെ വയറ് ഭാഗം മുതൽ താഴേക്ക് ചൂടുവെള്ളം വീണ് പൊള്ളി. ഉടൻ തന്നെ ആശുപത്രിയിലാക്കി. അമ്പത് ശതമാനത്തിലേറെ ആ കുഞ്ഞിന്റെ ഇളം ശരീരത്തിൽ പൊള്ളലേറ്റു. ദിവസങ്ങളോളം വേദനയിൽ പുളഞ്ഞതിനു ശേഷമാണ് ആ കുഞ്ഞ് ആശുപത്രി വിട്ടത്. ചിലപ്പോൾ ജീവിതകാലം മുഴുവൻ ആ പൊള്ളലിന്റെ ഓർമ്മപ്പെടുത്തലുകളുടെ പാട് ആ ശരീരത്തിൽ അവശേഷിക്കാനിടയുണ്ട്. ആ അമ്മയ്ക്ക് അതാലോചിക്കുമ്പോഴുണ്ടാവുന്ന ദു:ഖം ചിന്തനീയം. ഒരു നിമിഷത്തെ ശ്രദ്ധ പോയപ്പോൾ കൊടുക്കേണ്ടി വന്ന വിലയാണത്.

 

ഇവിടെ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ആ അമ്മയെ കുറ്റപ്പെടുത്തുന്നത് ഇനിയും അവരെ അപകടങ്ങളിലേക്കു നയിക്കുകയേ ഉള്ളു. സംഗതി ശരിയാണ്. അൽപ്പം ശ്രദ്ധക്കുറവ് അവർക്ക് പറ്റി. അതോടൊപ്പം ഓര്‍ക്കേണ്ടത്, കുഞ്ഞിന്റെ ജലദോഷം മാറുന്നതിനുവേണ്ടിയാണ് ആ അമ്മ കുഞ്ഞിനെ ആവി കൊള്ളിപ്പിക്കാൻ ശ്രമിച്ചതും അതിനുമുൻപ് ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയതുമൊക്കെ. ആവി കൊടുത്തു തുടങ്ങിയപ്പോഴാണ് വിക്സ്‌ ഇട്ടില്ല എന്നോർമ്മ വന്നത്. ആ ഓര്‍മ്മയും ഒരു ശ്രദ്ധയുടെ ഭാഗമാണ്. ആ ശ്രദ്ധയുടെ പിന്നാലെ പോയപ്പോഴുണ്ടായ ചെറിയൊരു അശ്രദ്ധയാണ് അപകടത്തിൽ കലാശിച്ചത്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായതുകൊണ്ട് അത് ദുരന്തമാകാതെയായി. അതോർത്ത് ആ അമ്മയ്ക്കും അച്ഛനും ബന്ധുക്കൾക്കും ആശ്വസിക്കാം. പൊള്ളലിന്റെ പാടുകൾ അവശേഷിക്കുകയാണെങ്കിലും ക്രമേണ ആ  പെൺകുട്ടി വളർച്ചയ്‌ക്കൊപ്പം അതിനെയൊക്കെ അതിജീവിക്കും.

 

രണ്ടു കാര്യങ്ങൾ ഇവിടെ സംഭവിച്ചു. വിക്സ്‌ എടുക്കുന്ന കാര്യം ആദ്യം മറന്നു. രണ്ടാമത് ചൂടുവെള്ളത്തിന് അരികെയാണ് തന്റെ കുഞ്ഞിനെ ഇരുത്തിയിരിക്കുന്നതെന്നും അപകടത്തിനുള്ള സാധ്യത ഉണ്ടെന്നുള്ളതും അവഗണിച്ചു. ആ സാധ്യത അവഗണിച്ചു എന്നു പറയുന്നത് ഉചിതമല്ല. കാരണം കുട്ടിയെ ഇരുത്തിയിരിക്കുന്നത് ചൂട് വെള്ളത്തിന്റെ അരികിലാണ്. കൈപൊള്ളുമെന്നതിനാൽ കുഞ്ഞ് പാത്രത്തിൽ തൊടാൻ സാധ്യതയില്ല എന്ന തോന്നൽ ആ അമ്മയിൽ ശക്തമായിരുന്നു. അത്രയ്‌ക്കൊന്നുമുള്ള ആലോചന പ്രകടമായി അവരിലുണ്ടായിട്ടുണ്ടാവില്ല. വിക്സ്‌ എടുത്തുകൊണ്ടുവരാൻ അധികം ദൂരോട്ടു പോകേണ്ടതില്ല. തൊട്ടടുത്ത ഷെൽഫിലാണ്. അവിടേക്ക് എഴുന്നേറ്റ് ചെല്ലേണ്ട താമസമേ ഉള്ളു. ഇതൊക്കെക്കൊണ്ടാകാം ആ അമ്മ കുഞ്ഞിനെ അതേപടി അവിടെയിരുത്തിയിട്ട് വിക്സ്‌ എടുക്കാൻ പോയത്. ഇത്തരത്തിലുള്ള അനേകം കണക്കുകൂട്ടലുകളിലൂടെയാണ് നാം ദിവസവും ജീവിക്കുന്നത്. ജീവിതത്തിലെ കൂടുതൽ തീരുമാനങ്ങളും ഇങ്ങനെയാണ് എടുക്കാറുള്ളതും . അതിൽ മിക്കപ്പോഴും കാര്യങ്ങൾ ഉദ്ദേശിച്ചതുപോലെ വന്നിട്ടുമുണ്ടാകും. അതൊരു തീരുമാനമെടുക്കൽ ശീലമായി മറ്റുള്ളവരിലെന്നപോലെ ആ അമ്മയിലും പ്രവർത്തിക്കുന്നു. മൂന്നു വയസ്സുവരെയുള്ള ഓരോ നിമിഷവും തന്റെ കുഞ്ഞിനെ ആ അമ്മ വളർത്തിയത് ശ്രദ്ധയിലൂടെത്തന്നെയാണ്. പക്ഷേ ഒരു നിമിഷം നിർണ്ണായകമായി. അതുപോലെയുള്ള അനേകായിരം അപകടനിമിഷങ്ങൾ ഈ അമ്മയുടെ ശ്രദ്ധയിലൂടെ ഒഴിവായിപ്പോയിട്ടുണ്ട്. അത് ആ അമ്മയും അറിയുന്നുണ്ടാവില്ല, മറ്റുള്ളവരും അറിയുന്നുണ്ടാവില്ല. എന്നാൽ അതാണ് യാഥാർഥ്യം.

 

ചൂടുവെള്ളത്തിൽ തൊട്ടാൽ പൊളളുമെന്നത് ഈ അമ്മയിലെ കുട്ടിക്ക് നന്നായി അറിയാം. അതിനാൽ ഉപബോധമനസ്സിൽ നിന്ന് ആ കുട്ടി കൊടുത്ത ആത്മവിശ്വാസം കുഞ്ഞിനെ അങ്ങിനെ ഇരുത്തിയിട്ടുപോകാൻ അമ്മയെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ വളർന്നതിനു ശേഷം നാം നമ്മുടെ ഉള്ളിലെ കുട്ടിയെ അതിന്റെ കണ്ണിലൂടെ കാണാറില്ല. നമ്മുടെ ഉളളിലെ കുട്ടിയെ മുതിർന്നവരിലൂടെയാണ് കാണുക. അതുകൊണ്ടുതന്നെ നിഷ്‌കളങ്കമായ കുട്ടിയുടെ കാഴ്ചകൾ മുതിർന്നവരിൽ സംഭവിക്കുന്നില്ല. അതുകൊണ്ടുതന്നെ  നിഷ്‌കളങ്കത മുതിർന്നവരുടെ സ്വഭാവത്തിന്റെ ഭാവവും അല്ലാതെയായി മാറുന്നു. മുതിർന്നവരുടെ ഉള്ളിലെ കുട്ടിയുടെ നിഷ്‌കളങ്കത ഈ അമ്മയിൽ സക്രിയമായിരുന്നെങ്കിൽ ഒരു പക്ഷേ വിരിപ്പ് മാറ്റി കുഞ്ഞിനേയുമെടുത്തുകൊണ്ട് വിക്സ്‌ എടുക്കാനായി ഈ അമ്മ എഴുന്നേറ്റു് പോകുമായിരുന്നു. കുഞ്ഞുങ്ങൾ എപ്പോഴും നിഷ്‌കളങ്കമായി പെരുമാറും. ഒരുപക്ഷേ ഏതെങ്കിലും കത്തുന്ന ദീപനാളത്തിൽ ഈ കുഞ്ഞ് കൈകാട്ടി പൊള്ളിച്ചിട്ടുണ്ടെങ്കിൽ പിന്നീട് തീനാളത്തിന്റെ നേർക്ക് കൊണ്ടുപോകാൻ സാധ്യത കുറവാണ്. അനുഭവം ആ കുഞ്ഞിനെ നിയന്ത്രിക്കും. എന്നാൽ അനുഭവങ്ങളെ സാഹചര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കുള്ള കഴിവ് കുഞ്ഞുക്കൾക്കുണ്ടാവില്ല. ആ സ്ഥാനത്താണ് പരിപൂർണ്ണമായ നിഷ്‌കളങ്കത പ്രവർത്തിക്കുന്നത്.

 

മുതിർന്നുകഴിഞ്ഞാൽ നിഷ്‌കളങ്കമായ കുഞ്ഞിനെ അതേപടി നിലനിർത്താൻ കഴിയുന്നുവെങ്കിൽ ലോകത്തെ അതിന്റെ നേർക്കാഴ്ചയിൽ കാണാൻ കഴിയും. ചൂടുവെള്ളമിരുന്ന ചരുവം സ്റ്റീലിന്റേതാണെങ്കിൽ അലുമിനിയത്തിൽ തൊടുന്നതുപോലെ പെട്ടന്ന് പൊള്ളലറിയില്ല. അതിനാൽ ആ കുഞ്ഞ് ആ വിരിപ്പിനുള്ളിലെ തിളയ്ക്കുന്ന വെള്ളവുമായി ഒരു മാസ്മരികലോകത്തെ അനുഭവിച്ചിട്ടുണ്ടാകും. ചിലപ്പോൾ ആ കുട്ടിയുടെ ആദ്യത്തെ അനുഭവവുമായിരിക്കും. അങ്ങനെ തന്റേതായ ലോകത്തിൽ ആ കുട്ടി കളി തുടങ്ങിയിട്ടുണ്ടാകും. ആ ചരുവത്തിന്റെ വെളുമ്പിൽ തൊട്ടപ്പോൾ ചെറിയ ചൂടനുഭവപ്പെട്ടിട്ടുണ്ടാകും. പിന്നെ ചൂടുമായി കളിച്ചിട്ടുണ്ടാവും. ആ കളിയിൽ ആവർത്തിച്ചു തൊട്ടു നേടിയ വിജയത്തിന്റെ സന്തോഷത്തിൽ ചരുവം ഇളക്കാൻ നോക്കിയിട്ടുണ്ടാകാം. അതുമല്ലെങ്കിൽ ആ വിരിപ്പുപുയോഗിച്ചുകൊണ്ട് പുത്തൻ കളിയിലേർപ്പെട്ടിട്ടുണ്ടാകാം. ആദ്യവർഷങ്ങളിലെ ഓരോ നിമിഷവും നിഷ്‌കളങ്കമായി കുഞ്ഞുങ്ങൾ ആദ്യാനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഓരോ നിമിഷവും. അതിനാൽ കരുതിയും വിചാരിച്ചും കൊണ്ടുള്ള ഒരു തീരുമാനവും കുട്ടികളുടെയടുത്ത് പ്രായോഗികമല്ല. ഒരപകടവുമുണ്ടാകാനിടയില്ലെന്ന് ഉറപ്പുള്ള സ്ഥലത്തുപോലും അൽപ്പനിമിഷം കുഞ്ഞിനെ ഒറ്റയ്ക്കാക്കിപ്പോകുന്നത് അപകടകരമാണ്. കാരണം നാം കാണുന്ന ലോകമേ അല്ല കുഞ്ഞ് കാണുന്നത്. ആ ലോകത്തെ അറിയുമ്പോഴാണ് നാം കുഞ്ഞിനെ ശ്രദ്ധിക്കുന്നത്. ആ ശ്രദ്ധ കുഞ്ഞിന്റെ വളർച്ചയ്‌ക്കൊപ്പം നീങ്ങേണ്ടതാണ്. നമ്മുടെ ഉള്ളിലെ കുഞ്ഞിലൂടെ നമ്മുടെ ഉള്ളിലെ മുതിർന്നവർക്ക് ഒരു പരിധി വരെ ആ ലോകം കാണാൻ കഴിയും. അതു കാണുമ്പോൾ കുഞ്ഞിന്റെ കുട്ടിക്കാലം മുതിർന്നവരുടെ തന്നെ കുട്ടിക്കാലത്തിന്റെ അറിവോടെയുള്ള ആഘോഷമായി മാറും. അപ്പോൾ കുട്ടികൾ കാട്ടുന്ന കുറുമ്പിൽ ദേഷ്യം ഉണ്ടാകാതെ അവരോടൊപ്പം ചേർന്ന് കളിക്കാനാകും. അതിനു പറ്റാത്തതിന്റെ ഫലമാണ് രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ എപ്പോഴും വിലക്കുകയും തല്ലുകയുമൊക്കെ ചെയ്യുന്ന അമ്മമാരെ പൊതുസ്ഥലങ്ങളിൽ പോലും കാണാൻ കഴിയുന്നത്. അങ്ങിനെയുള്ള അമ്മമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സ്വയം ഉളളിലെ കുഞ്ഞിനെ കാണുക എന്നതാണ് ഒരു വ്യക്തിയുടെ ശ്രദ്ധ. ആ ശ്രദ്ധ കുറയുന്നവരുടെ കുഞ്ഞുങ്ങളുടെ അടുത്ത് അപകടം പതിയിരിക്കുന്നു.

Tags: