രാജ്യത്ത് ഇഷ്ടികക്കളങ്ങള്‍, റോഡ് നിര്‍മ്മാണം എന്നിവക്കായി മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി കൂടാതെ മണ്ണെടുക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. ഇടക്കാല ഉത്തരവ് പാലിക്കപ്പെടുന്നുവെന്ന് കര്‍ശനമായി ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് ജസ്റ്റിസ് പി. ജ്യോതിമണിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദ്ദേശം നല്‍കി.
വനം-പരിസ്ഥിതി മന്ത്രാലയം ജൂണ്‍ 24-ന് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പാരിസ്ഥിതിക അനുമതി കൂടാതെ ഏതെങ്കിലും വ്യക്തിയോ, കമ്പനിയോ, അതോറിറ്റിയോ കളിമണ്ണോ സാധാരണ മണ്ണോ രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് എടുക്കുന്നത് തടയുന്നതായി കോടതി ഉത്തരവില്‍ പറയുന്നു.
സുപ്രീം കോടതി ഉത്തരവിനും വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമായി ഉത്തര്‍ പ്രദേശില്‍ ഇഷ്ടികക്കളങ്ങള്‍, റോഡ് നിര്‍മ്മാണം എന്നിവക്കായി നടക്കുന്ന മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതിയിലാണ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്. വിഷയത്തില്‍ യു.പി സര്‍ക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്.
സുപ്രീം കോടതിയുടെ ഉത്തരവും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളും രാജ്യം മുഴുവന്‍ ബാധകമായതിനാല്‍ യു.പി സര്‍ക്കാറിന് ബാധകമായ ഇടക്കാല ഉത്തരവ് മറ്റെല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബാധകമാണെന്ന് കോടതി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
ഒന്നര മാസം മുന്‍പ് പാരിസ്ഥിതിക അനുമതി കൂടാതെ പുഴയില്‍ നിന്ന്‍ മണലെടുക്കുന്നതും ട്രൈബ്യൂണല്‍ നിരോധിച്ചിരുന്നു.