Skip to main content
ERNAKULAM

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് . ജെയ്ന്‍ ക്വാറല്‍ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് നഗരസഭ ഒഴിഞ്ഞുപോകല്‍ നോട്ടീസ് നല്‍കി. അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകാനാണ് നോട്ടീസ് നല്‍കിയത്. ഇന്ന് ചേര്‍ന്ന നഗരസഭാ കൌണ്‍സില്‍ യോഗത്തിന് ശേഷമാണ് തീരുമാനം.

മരട് ഫ്ലാറ്റ് പൊളിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം സമാപിച്ചു. ചര്‍ച്ചയില്‍ കൌണ്‍സില്‍ അംഗങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാറിനെ അറിയിക്കുമെന്ന് യോഗത്തിന് ശേഷം ചെയര്‍പേഴ്സണ്‍ ടി.എച്ച് നദീറ അറിയിച്ചു. ഫ്ലാറ്റിലെ താമസക്കാര്‍ക്ക് വേണ്ടി നിയമപരമായി ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യാനും തീരുമാനമായി.

ഫ്ലാറ്റ് പൊളിക്കുന്നതിന് വിദഗ്ധരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് നഗരസഭ പത്രത്തില്‍ പരസ്യവും നല്‍കി. 16ാം തിയ്യതിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്നാണ് നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം തിരുവോണ ദിവസമായ നാളെ നഗരസഭയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് ഫ്ലാറ്റുടമകള്‍ അറിയിച്ചു.

ഫ്ലാറ്റുകള്‍ പൊളിച്ച് മാറ്റാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഫ്ലാറ്റുടമകള്‍. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചതെന്നും ഉത്തരവ് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഫ്ലാറ്റുടമകള്‍ റിട്ട് ഫയല്‍ ചെയ്തിട്ടുമുണ്ട്. നെട്ടൂരിലെ ആല്‍ഫ വെഞ്ചേഴ്സ്, ജയിന്‍ ഹൌസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ കഴിഞ്ഞ മാസം എട്ടിനാണ് സുപ്രിം കോടതി ഉത്തരവിട്ടത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാല്‍ ഈ മാസം 20നകം ഫ്ലാറ്റുകള്‍ പൊളിക്കാനാണ് കോടതിയുടെ ഉത്തരവ്.