സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അലംഭാവം കാരണമാണ് ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് പിന്‍മാറിയതെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ദുഃഖത്തോടെയാണ് പിന്‍മാറ്റമെന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.പദ്ധതിയില്‍ നിന്ന് ഡി.എം.ആര്‍.സി പിന്മാറുന്നതിന് മുമ്പ് അവസാനമായി മുഖ്യമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിരുന്നെങ്കിലും കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചില്ല.
ലൈറ്റ് മെട്രോ പദ്ധതിക്കായി സംസ്ഥാനത്ത് രണ്ടു ഓഫീസുകള്‍ തുറന്നു. ഒരു പ്രവര്‍ത്തനവും ഇല്ലാതെ മാസം 16 ലക്ഷം രൂപയോളം ചെലവിട്ട് നാലു വര്‍ഷമായി ഈ ഓഫീസുകള്‍ നടത്തിക്കൊണ്ടു പോവുകയാണ്. ഇനി അത് തുടരാനാവില്ല. ഡി.എം.ആര്‍.സിക്ക് അതിനുള്ള സാമ്പത്തിക ശേഷിയില്ല അതിനാല്‍ ഈ മാസം 15 ന് ഓഫീസുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പദ്ധതിയുടെ കാര്യത്തിനായി നിരവധി തവണ മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും കണ്ടു, എന്നാല്‍ ശരിയാക്കാം എന്ന മറുപടിയല്ലാതെ യാതൊന്നും ഉണ്ടായില്ലെന്നും പദ്ധതി നടക്കാതെ പോയതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ശ്രീധരന്‍ വ്യക്തമാക്കി.
ലൈറ്റ് മെട്രോയുടെ നിര്‍മാണത്തിനുള്ള സാങ്കേതിക പരിജ്ഞാനം നിലവില്‍ ഇന്ത്യയില്‍ ഡി.എം.ആര്‍.സിക്കു മാത്രമേ ഉള്ളൂ. ഡിഎംആര്‍സി പിന്‍വാങ്ങിയാല്‍ വിദേശ ഏജന്‍സികളെ സമീപിക്കേണ്ടി വരും. എന്നാല്‍, ഡിസംബര്‍ 18ന് ചേര്‍ന്ന കെഎംആര്‍എല്‍ യോഗത്തില്‍ ഡി.എം.ആര്‍.സിയെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള ആലോചനകളും നടന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയില്‍നിന്ന് സ്വയം പിന്‍മാറാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ താല്‍പര്യമുണ്ടായിരുന്ന തലശ്ശേരി മൈസൂര്‍ പാതയ്‌ക്കെതിരെ ഡി.എം.ആര്‍.സി റിപ്പോര്‍ട്ട് നല്‍കിയതാണ് സര്‍ക്കാരിന് അനിഷ്ടം ഉണ്ടാക്കിയത്. എന്നാല്‍ സര്‍ക്കാരിനോട് പരിഭവമൊന്നുമില്ല. എന്തുകൊണ്ട് പിന്‍മാറുന്നു എന്ന് ജനങ്ങള്‍ അറിയണം എന്നുള്ളതുകൊണ്ടാണ് ഇപ്പോള്‍ ഇത് പറയുന്നത്. കരാര്‍ കാലാവധി കഴിഞ്ഞെന്ന മുഖ്യമന്ത്രിയുടെ നിയസഭയിലെ പ്രസ്താവന ശരിയല്ല. ഡി.എം.ആര്‍.സിയുമായി ഇതുവരെ കരാര്‍ ഉണ്ടായിട്ടില്ല. പിന്നെങ്ങനെയാണ് കാലവധി കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.