നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ തിരുവനന്തപുരം സി.ജെ എം കോടതിയെ അറിയിച്ചു. കേസ് പിന്‍വലിച്ച് ഉത്തരവിറക്കുകയോ അത്തരത്തിലുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയോ ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. തുടര്‍ന്ന് കേസില്‍ ഉള്‍പ്പെട്ട പ്രതികളോട് ഏപ്രില്‍ 21 ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിടെ നിയമസഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് ഇടതുപക്ഷ എം.എല്‍.എമാര്‍ക്കെതിരെയാണ് കേസ് എടുത്തിരുന്നത്. കേസിലെ ഒന്നാം പ്രതിയായ മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടിയുടെ അപേക്ഷ പ്രകാരം കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ തടസഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കേസ് പിന്‍വലിച്ചിട്ടില്ലെന്ന നിലപാട് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.