Skip to main content

സിറിയയിലെ സൈനിക താവളത്തിന് നേരെ യു.എസ് മിസൈല്‍ ആക്രമണം. സിറിയന്‍ സര്‍ക്കാര്‍ നടത്തിയതായി സംശയിക്കുന്ന രാസായുധ ആക്രമണത്തിന് പിന്നാലെയാണ് ശയരാതിലെ സുപ്രധാന സൈനികകേന്ദ്രത്തിന് നേര്‍ക്ക് അപ്രതീക്ഷിത ആക്രമണം. ആറു വര്‍ഷത്തിലധികമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ സിറിയന്‍ സൈന്യത്തിന് നേരെ യു.എസ് നടത്തുന്ന ആദ്യ ആക്രമണമാണിത്.

 

ആക്രമണത്തില്‍ ആറു സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു. വ്യോമതാവളം പൂര്‍ണ്ണമായും തകര്‍ന്നതായും ഉദ്യോഗസ്ഥരുടെ താമസസ്ഥലങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. സിറിയയിലെ രണ്ടാമത്തെ വലിയ വ്യോമതാവളമാണ് ശയരാതിലേത്.

 

സിറിയയിലുള്ള റഷ്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തെ കുറിച്ച് അറിയിപ്പ് നല്‍കിയിരുന്നതായി വാഷിംഗ്‌ടണ്‍ അറിയിച്ചു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല-അസ്സാദിനെ പിന്തുണയ്ക്കുന്ന റഷ്യ സിറിയയില്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

 

സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ യു.എസ് സൈനികമായി ഇടപെടുന്നതിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിലപാട് എടുത്തിരുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേര്‍വിപരീതമായ തീരുമാനമാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. ആക്രമണത്തെ കുറിച്ച് മുന്‍‌കൂര്‍ പ്രഖ്യാപനം നടത്താതെയാണ് സൈനിക നടപടി സ്വീകരിച്ചത്. ചൈനീസ് പ്രസിഡന്റ് ശി ജിന്‍പിംഗ് യു.എസ് സന്ദര്‍ശിക്കുന്ന വേളയിലാണ് ആക്രമണമെന്നതും നയതന്ത്രപരമായി ഇതിനെ ശ്രദ്ധേയമാക്കുന്നു.