Skip to main content

2007-ലെ അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ രണ്ട് പേരെ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. തീവ്ര ഹിന്ദുത്വവാദികളായ ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേല്‍ എന്നിവരെയാണ് ജയ്പൂരിലെ പ്രത്യേക എന്‍.ഐ.എ കോടതി ശിക്ഷിച്ചത്. സംഭവത്തില്‍ മൂന്ന്‍ പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

ഗുപ്തയും കൊല്ലപ്പെട്ട സുനില്‍ ജോഷിയും ചേര്‍ന്ന്‍ സംഭവം ആസൂത്രണം ചെയ്യുകയും പട്ടേല്‍ ബോംബുകള്‍ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് ഗുപ്ത. സുനില്‍ ജോഷിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു.

 

2007 ഒക്ടോബര്‍ 11-നാണ് പ്രസിദ്ധ സൂഫി സന്ന്യാസിവര്യന്‍ ഖ്വാജ മൊയ്നുദ്ദീന്‍ ചിസ്തിയുടെ അജ്മീറിലെ ദര്‍ഗയില്‍ സ്ഫോടനം നടന്നത്.

 

ഇതിന് പിന്നാലെ ഡിസംബര്‍ 29-ന് സുനില്‍ ജോഷി കൊല്ലപ്പെട്ടു. സംജോത എക്സ്പ്രസ്, മെക്ക മസ്ജിദ് എന്നിവയടക്കം വിവിധ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതായി കരുതുന്ന ഒരു ഹിന്ദു തീവ്രവാദ സംഘടനയുടെ നേതാവായിരുന്നു ജോഷി.

 

ഈ കേസില്‍ പ്രതിയായിരുന്ന സ്വാമി അസീമാനന്ദിനെയും മറ്റുള്ളവരെയും കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചിരുന്നു. 26 സാക്ഷികളാണ് വിചാരണക്കിടെ കൂറുമാറിയത്. സംജോത എക്സ്പ്രസ്, മെക്ക മസ്ജിദ് സ്ഫോടനക്കേസുകളിലും പ്രതിയാണ് സ്വാമി അസീമാനന്ദ്.