ജല്ലിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടല്‍ അഭ്യര്‍ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ജല്ലിക്കെട്ടിന്റെ സാംസ്കാരിക പ്രാധാന്യം അംഗീകരിക്കുന്നെന്ന് വ്യക്തമാക്കിയ മോദി എന്നാല്‍, വിഷയം കോടതിയുടെ പരിഗണനയിലാണെന്ന വസ്തുതയും ചൂണ്ടിക്കാട്ടി.
നിരോധനം നീക്കുന്ന ഓര്‍ഡിനന്‍സ് കേന്ദ്രം പുറപ്പെടുവിക്കണമെന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രധാന ആവശ്യം. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിസ്സഹായത വ്യക്തമാക്കുന്നതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി കാര്യാലയം ഇറക്കിയ പ്രസ്താവന. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ കേന്ദ്രം പിന്തുണയ്ക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് അനുകൂല വികാരം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് പന്നീര്‍സെല്‍വം കഴിഞ്ഞ രാത്രി ന്യൂഡല്‍ഹിയിലേക്ക് തിരിച്ചത്. ചെന്നൈയില്‍ മറീന ബീച്ച് കേന്ദ്രീകരിച്ച് ശക്തമായ പ്രക്ഷോഭം തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്.
മൃഗങ്ങളെ വിനോദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് സുപ്രീം കോടതി നിരോധിച്ചതോടെയാണ് ജനുവരി മധ്യത്തില്‍ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജല്ലിക്കെട്ടിന്റെ നടത്തിപ്പ് പ്രതിസന്ധിയിലായത്. ഇത് മറികടക്കാന്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. വിഷയത്തില്‍ സുപ്രീം കോടതിയുടെ മുന്നിലുള്ള ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിവെച്ചിരിക്കുയാണ്.