നവംബര്‍ എട്ടിന് നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ അര്‍ത്ഥശൂന്യമായ ഒരു പ്രക്രിയയായി അത് കൂടുതല്‍ മാറിക്കൊണ്ടിരിക്കുന്നു. പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മൂന്നാം സംവാദവും അവസാനിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ നിറയുന്നത് വ്യക്തിപരമായ ആരോപണങ്ങള്‍ മാത്രം. നേരിടുന്ന വ്യക്തിപരമായ അപവാദങ്ങളുടെ കാര്യത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ഹില്ലാരി ക്ലിന്റനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം കരസ്ഥമാക്കിയ ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള മത്സരം പക്ഷെ, ചെറുതുമല്ല. യു.എസ് തെരഞ്ഞെടുപ്പിന്റെ സമീപകാല ചരിത്രത്തില്‍ രണ്ട് പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ അതൃപ്തി രേഖപ്പെടുത്തപ്പെട്ടവരാണ് ഹില്ലാരിയും ട്രംപും. എന്നാല്‍, ലോകരാഷ്ട്രീയത്തെ ഇപ്പോഴും നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന വന്‍ശക്തിയുടെ പുതിയ പ്രസിഡന്റിന്റെ നയങ്ങള്‍ എന്തായിരിക്കുമെന്നോ അത് ലോകത്തെ എങ്ങനെ ബാധിക്കുമെന്നോ ഉള്ള ചര്‍ച്ചകള്‍ അപ്രത്യക്ഷമായിരിക്കുന്നു എന്നത് ജനായാത്തത്തിന് തന്നെ ആപല്‍സൂചനകള്‍ നല്‍കുന്നുണ്ട്.
ഡൊണാള്‍ഡ് ട്രംപിന് നേരെയുള്ള ലൈംഗികാപവാദങ്ങളാണ് ഏറ്റവും കൂടുതല്‍ മാദ്ധ്യമശ്രദ്ധയും അതുകൊണ്ടുതന്നെ ജനശ്രദ്ധയും ആകര്‍ഷിക്കുന്നത്. തീര്‍ച്ചയായും ഇത് വേണ്ടതുമാണ്. പ്രസിഡന്റ് പദവി വഹിക്കാനുള്ള ട്രംപിന്റെ ഗുണവിശേഷം തുടര്‍ച്ചയായി ചോദ്യം ചെയ്യപ്പെട്ടിരുന്നതാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറി തെരഞ്ഞെടുപ്പിനിടെ അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ ഒരുപക്ഷെ, ഇപ്പോള്‍ പുറത്തുവരുന്ന അദ്ദേഹത്തിന്റെ പഴയ ലൈംഗികാപവാദങ്ങളോളം തന്നെ അനഭികാമ്യമാണ്. കുടിയേറ്റ പ്രശ്നവും മുസ്ലിങ്ങളെ സംബന്ധിച്ചുമുള്ള പ്രസ്താവനകളാകട്ടെ തീര്‍ത്തും മനുഷ്യത്വ രഹിതവും നയപരമായി നോക്കിയാല്‍ അങ്ങേയറ്റം പ്രധാനവുമായിരുന്നു. എന്നിരുന്നാലും രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത, വ്യവസായിയായ ട്രംപ് പ്രൈമറിയില്‍ വിജയിച്ച് യു.എസിലെ യാഥാസ്ഥിതികരുടെ പാര്‍ട്ടിയായി അറിയപ്പെടുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം കരസ്ഥമാക്കി എന്ന വസ്തുതയും അവശേഷിക്കുന്നു.
എന്നാല്‍, റിപ്പബ്ലിക്കന്‍ പ്രൈമറി പോലെ എളുപ്പമാകില്ല ട്രംപിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അതിജീവിക്കുന്നത്. വാഷിംഗ്‌ടണ്‍ വ്യവസ്ഥ ഇപ്പോള്‍ അതിന്റെ എല്ലാ പീരങ്കികളും ട്രംപിന് നേരെ തിരിച്ചിരിക്കുകയാണ്. ഡെമോക്രാറ്റിക് പ്രൈമറിയില്‍ ക്ലിന്റനെതിരെ അപ്രതീക്ഷിതമായി ബേര്‍ണി സാന്‍ഡേഴ്സില്‍ നിന്ന്‍ ഉയര്‍ന്ന കടുത്ത വെല്ലുവിളിയെ മറികടന്ന ഈ വ്യവസ്ഥയ്ക്ക് ട്രംപ് താരതമ്യേന മൃദുവായ ഇരയായിരിക്കും. ധന-ആയുധ-മാദ്ധ്യമ രംഗങ്ങളിലെയൊക്കെ വന്‍കിട മുതലാളിത്ത സംരംഭങ്ങളും മദ്ധ്യവര്‍ത്തി രാഷ്ട്രീയക്കാരും അടങ്ങുന്ന ഈ വ്യവസ്ഥ ലോകമെങ്ങും പരന്നുകിടക്കുന്ന അതിന്റെ താല്‍പ്പര്യങ്ങളുടെ സംരക്ഷണമാണ് യു.എസ് ഭരണകൂടത്തിലൂടെ ഉറപ്പ് വരുത്തുന്നത്. ഒരു വശത്ത് നിന്ന്‍ ട്രംപും ആശയപരമായി മറുവശത്ത് നിന്നുകൊണ്ട് സാന്‍ഡേഴ്സും ഈ വ്യവസ്ഥയെ കടന്നാക്രമിക്കുകയാണ് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചെയ്തത്. ജനായത്തത്തെ പ്രഹസനമാക്കുന്ന ഈ വ്യവസ്ഥയ്ക്കെതിരെയുള്ള ജനരോഷമാണ് രണ്ട് പേരുടെയും പ്രചാരണം നേടിയ വന്‍ ജനപിന്തുണയുടെ ആധാരമായി മാറുന്നത്. യാഥാസ്ഥിതിക-പുരോഗമന ആശയപരിസരങ്ങളില്‍ നിന്നും ഒരുപോലെ ലഭിക്കുന്ന ഈ പിന്തുണ യു.എസിലെ ജനസാമാന്യം നേരിടുന്ന ജീവല്‍പ്രശ്നങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. തങ്ങളാണ് 99 ശതമാനം എന്ന മുദ്രാവാക്യവുമായി 2011-ല്‍ നടന്ന ഒക്കുപൈ വാള്‍ സ്ട്രീറ്റ് സമരവും ഇതേ ആധാരങ്ങളില്‍ നിന്നായിരുന്നു എന്നത് കണക്കിലെടുക്കുമ്പോള്‍ ഈ പ്രശ്നങ്ങള്‍ എത്രത്തോളം ജനങ്ങളെ ഇപ്പോഴും ഉലച്ചുകൊണ്ടിരിക്കുന്നു എന്നും കാണാം.
എന്നാല്‍, ഈ ജനരോഷത്തെ അര്‍ത്ഥപൂര്‍ണ്ണമായ രാഷ്ട്രീയ മുന്നേറ്റമായി മാറ്റാന്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യത്തില്‍ ട്രംപിനെ പരാജയപ്പെടുത്തുക. തെരഞ്ഞെടുപ്പില്‍ എന്നതിനേക്കാളേറെ തന്റെ ദൗത്യത്തില്‍. ജയിച്ചാലും തോറ്റുപോകുന്ന ഒരു മാര്‍ഗ്ഗത്തിലാണ് ട്രംപ്. സാന്‍ഡേഴ്സില്‍ നിന്നും ട്രംപിനെ വ്യത്യാസപ്പെടുത്തുന്നതും ഇത് തന്നെയാണ്. പരാജയപ്പെട്ടെങ്കിലും പരമാവധി ജനങ്ങളെ അണിനിരത്തി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രൂപത്തിലേക്ക് തന്റെ പ്രചാരണത്തെ പരിവര്‍ത്തിപ്പിക്കാന്‍ സാന്‍ഡേഴ്സിന് കഴിഞ്ഞിരുന്നു. എന്നാല്‍, ഒറ്റയാള്‍ പോരാട്ടത്തിന്റെ പാതയാണ് ട്രംപ് സ്വീകരിക്കുന്നത്. തീര്‍ച്ചയായും രണ്ട് പേരുടെയും രാഷ്ട്രീയം അവരുടെ മാര്‍ഗ്ഗങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. ഒരു ദാവീദ്-ഗോലിയാത്ത് പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുമെങ്കിലും സ്ഥിതി ട്രംപിന് ഒട്ടും അനുകൂലമല്ല. ലൈംഗികാപവാദത്തിന്റെയും നികുതി വെട്ടിപ്പിന്റെയും കറകളുമായി നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.
അതേസമയം, സംശുദ്ധമായ ഒരു പ്രതിച്ഛായയൊന്നും മറുവശത്ത് ക്ലിന്റനു അവകാശപ്പെടാനില്ല. ക്ലിന്റെന്റെ കാംപെയ്ന്‍ മാനേജര്‍ ആയ ജോണ് പൊഡെസ്റ്റയുടെ ഇമെയില്‍ അക്കൌണ്ടില്‍ നിന്ന്‍ ചോര്‍ത്തി ലഭിച്ച വിവരങ്ങള്‍ വികിലീക്സ് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനകം തന്നെ പുറത്തുവന്ന വിവരങ്ങള്‍ ക്ലിന്റെനെതിരെ മുന്‍പേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെ ശരിവെക്കുന്നതാണ്. ക്ലിന്റന്‍ പുറത്ത് കാണിക്കുന്നതില്‍ നിന്ന്‍ വ്യത്യസ്തമായ ഒരു മുഖമാണ് പൊഡെസ്റ്റ ഇമെയിലുകള്‍ വെളിപ്പെടുത്തുന്നത്. പരസ്യമായി എതിര്‍ക്കുന്ന നയങ്ങളെ രഹസ്യമായി പിന്തുണക്കുന്ന കപടനാട്യം മുതല്‍ ക്ലിന്റന്‍ ഫൌണ്ടേഷന്റെ പണമിടപാടുകളെ ചൊല്ലി ഉയര്‍ന്ന ആരോപണങ്ങള്‍ വരെ ഇതിലൂടെ സ്ഥിരീകരിക്കപ്പെടുന്നുണ്ട്. വിദേശകാര്യ സെക്രട്ടറി ആയിരിക്കെ സ്വകാര്യ ഇമെയില്‍ സെര്‍വര്‍ ഉപയോഗിച്ചത് വീഴ്ചയായി യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ തന്നെ കണ്ടെത്തിയതാണ്. ട്രംപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പോലെ തന്നെ ഗൗരവകരവും പ്രസിഡന്റ് പദവി വഹിക്കാനുള്ള ക്ലിന്റന്റെ യോഗ്യതയ്ക്ക് നേരെയും ചോദ്യം ഉന്നയിക്കാന്‍ പര്യാപ്തവുമാണ് ഇവ.
എന്നാല്‍, അത്തരം ചോദ്യങ്ങള്‍ ഉയരുന്നില്ല എന്ന്‍ മാത്രമല്ല, വികിലീക്സിനെ നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ ആണ് അരങ്ങേറുന്നത്. വികിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതായി സംഘടന അറിയിച്ചിരിക്കുകയാണ്. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ 2012 മുതല്‍ രാഷ്ട്രീയ അഭയാര്‍ഥിയായി കഴിയുന്ന അസാന്‍ജിന്റെ പുറംലോകവുമായുള്ള ബന്ധം ഇതോടെ അറ്റിരിക്കുകയാണ്. അസാന്‍ജിനെതിരെ നടപടി വേണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ് കെറി ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറയയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദം, ഭീഷണിയെന്നും വായിക്കാം, ചെലുത്തിയതായും ലാറ്റിനമേരിക്കന്‍ രാഷ്ട്രം ഇതിന് വഴങ്ങിയതായുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
തങ്ങളുടെ സ്ഥാനാര്‍ഥിയുടെ വിജയത്തിന് വേണ്ടി വാഷിംഗ്‌ടണ്‍ വ്യവസ്ഥ ഏതറ്റം വരെയും പോകും എന്ന്‍ ഇത് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇവിടെ പരാജയപ്പെടുന്നത് ജനായത്തമാണെന്ന് മാത്രം. ഈ വ്യവസ്ഥയിലേക്ക് സ്വാംശീകരിക്കപ്പെടാന്‍ സാധ്യതയുള്ള വ്യക്തിയാണെങ്കിലും ട്രംപിനെ വ്യവസ്ഥ വിശ്വസിക്കുന്നില്ല എന്നത് കൗതുകകരമാണ്. ഒരര്‍ഥത്തില്‍ ഈ തെരഞ്ഞെടുപ്പിന് ഒരു അനന്യതയുണ്ട്. പൊതുവേ, രണ്ട് പാര്‍ട്ടികളില്‍ നിന്നും വാഷിംഗ്‌ടണ്‍ വ്യവസ്ഥയുടെ സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കുന്ന പ്രഹസനത്തെ പൊളിക്കാന്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചക്രത്തിന് കഴിഞ്ഞു. ജനായത്തത്തെ ഒരു കെട്ടുകാഴ്ചയാക്കുന്ന ഈ വ്യവസ്ഥയ്ക്കെതിരെ ജനങ്ങളില്‍ അവബോധം ശക്തമാകുന്നു എന്നത് മേഘപാളികള്‍ക്കിടയിലെ വെള്ളിരേഖയും.