Skip to main content


കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഇന്നകപ്പെട്ടിരിക്കുന്നത് സ്വയം തീർത്ത കെണിയില്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരും അധികാരത്തിലെത്താനുള്ള വ്യഗ്രതയും മൂലം വർഗീയതയേയും സമുദായനേതാക്കളേയും കൂട്ടുപിടിച്ചുകൊണ്ട് തുടങ്ങിയ ശ്രമങ്ങളുടെ ദയനീയമായ ഇരയായി അദ്ദേഹം തന്നെ മാറിയിരിക്കുന്നു. ഒപ്പം വർഗീയതയും വ്യക്തികളുടെ സ്ഥാപിത താല്‍പ്പര്യങ്ങളും തമ്മില്‍ കുഴഞ്ഞുമറിഞ്ഞ് കിടക്കുന്ന കേരളീയ സാമൂഹികാന്തരീക്ഷത്തിന്റെ വൈകൃതമുഖം ഒരിക്കല്‍ക്കൂടി മുന്നിലേക്ക് വരുന്നു.

 

ഏതാനും മാസങ്ങൾ മൻപ് ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയും എസ്.എൻ.ഡി.പി യൂണിയൻ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മില്‍  സ്വകാര്യ കൂടിക്കാഴ്ച നടക്കുകയുണ്ടായി. ഇരുവരും കേരളത്തില്‍ സംജാതമായ ന്യൂനപക്ഷ വർഗ്ഗീയതയെപ്പറ്റി സംയുക്തമായി ആകുലപ്പെട്ട്. അപകടകരമാം വിധം ന്യൂനപക്ഷ ആധിപത്യം കേരളത്തില്‍ പിടിമുറുക്കുന്നത്  വ്യക്തമായ ഉള്ളറ ഉദാഹരണങ്ങൾ സഹിതം രമേശ് വെള്ളാപ്പള്ളിയുടെ മുൻപില്‍ നിരത്തി. അതിനെത്തുടർന്നാണ് ഭൂരിപക്ഷ ഐക്യം എന്ന ആശയം രൂപം കൊള്ളുന്നത്. ഈ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് വെള്ളാപ്പള്ളിയുടെ ദൂതനായി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡംഗം സുഭാഷ് വാസു പെരുന്നയിലെത്തി നായരീഴവ ഐക്യ  ആശയം ഔപചാരികമായി എൻ.എസ്സ്.എസ്സ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. അതിന് മുൻപ് തന്നെ ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല സുകുമാരൻ നായരുമായി ഈ ആശയത്തിന്റെ സാധ്യത പങ്കു വയ്ക്കുകയും ചെയ്തിരുന്നു. ഒടുവില്‍ വെള്ളാപ്പള്ളി പെരുന്നയില്‍ പോവുകയും എൻ.എസ്സ്.എസ്സ് -എസ്.എൻ.ഡി.പി ഐക്യം ഔപചാരികമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

 

ചുരുക്കത്തില്‍
  • രമേശ്‌ ചെന്നിത്തലയുമായി രണ്ടുവട്ടം ചര്‍ച്ച നടത്തിയിട്ടും ഈ തര്‍ക്കം മാധ്യമസൃഷ്ടിയാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് അവാസ്തവം.  

 

  • രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം അടിയന്തര വിഷയമാക്കുന്നതിന് ഉപാധിയാക്കപ്പെട്ടത് വര്‍ഗ്ഗീയത.

 

  • രമേശിന്റെ മന്ത്രിസഭാ പ്രവേശനം അസാധ്യമാക്കിയതും വര്‍ഗ്ഗീയത തന്നെ ഉപയോഗിച്ചുള്ള ഉപജാപങ്ങളും കൊടുക്കല്‍ വാങ്ങലും

 

  • കേരളീയ മനസ്സില്‍ വര്‍ഗീയവിഷം അറിഞ്ഞും അറിയാതെയും വിനാശകരമായ തോതില്‍ നിക്ഷേപിക്കപ്പെടുന്നു.

നായരീഴവ ഐക്യം മാധ്യമങ്ങളിലൂടെ ശക്തമായത് യു.ഡി.എഫ് നേതൃത്വത്തെ വല്ലാതെ പ്രതിരോധത്തിലാക്കി. തിരുവഞ്ചൂരിന് ആഭ്യന്തരം നല്‍കി എൻ.എസ്സ്.എസ്സിനെ പ്രീണിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നായരീഴവ ഐക്യത്തിന്റെ പശ്ചാത്തലവും ഗതിയും മനസ്സിലാക്കാൻ അധികം സമയം വേണ്ടിവന്നില്ല. ന്യൂനപക്ഷാധിപത്യമല്ല ഈ ഐക്യത്തിന്റെ പിന്നിലെ രസതന്ത്രമെന്നും അധികാരം പിടിച്ചെടുക്കലിനുള്ള പുറപ്പാടാണെന്നും അദ്ദേഹവും എ ഗ്രൂപ്പും മനസ്സിലാക്കി.  ഇതോടെ രണ്ടു ലക്ഷ്യങ്ങളുമായി ഇവര്‍ രംഗത്തിറങ്ങി. ഒന്ന്‍, നായരീഴവ ഐക്യത്തെ തകർക്കുക, രണ്ട് ,രമേശ് ചെന്നിത്തലയെ രാഷ്ട്രീയമായി നിർവീര്യമാക്കുക.

 

ഈ ശ്രമങ്ങൾ ഊർജിതമായി നടക്കുന്നതിനിടയിലാണ് ഗണേഷ്‌ കുമാർ പ്രശ്‌നവും അദ്ദേഹത്തിന്റെ രാജിയുമുണ്ടായത്. ആ  അവസരം എ ഗ്രൂപ്പ് അതിവിദഗ്ധമായി വിനിയോഗിച്ചു. രമേശിന് എപ്പോൾ വേണമെങ്കിലും മന്ത്രിസഭയില്‍ ചേരാവുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇങ്ങനെയുള്ള രാഷ്ട്രീയ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ കേരളയാത്ര ആരംഭിക്കുന്നത്. കേരളയാത്രയില്‍ എപ്പോഴും സുകുമാരൻ നായരും രമേശ് ചെന്നിത്തലയും തമ്മില്‍ ടെലിഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ആ സമയം വെള്ളാപ്പള്ളിയും സുകുമാരൻ നായരും അവർക്ക് ആകാവുന്ന വിധം കേരളത്തില്‍ ഭൂരിപക്ഷ സമുദായത്തിന് രക്ഷയില്ലാത്ത സ്ഥിതി സംജാതമായിരിക്കുകയാണെന്നുള്ള പ്രചാരണം പ്രചണ്ഡാവസ്ഥയിലാക്കി. ഈ സന്ദർഭത്തിലാണ് രമേശ് ചെന്നിത്തലയെ ചില കോണ്‍ഗ്രസ് നേതാക്കൾ കാണുകയും മന്ത്രിസഭയിലേക്കു വരണമെന്ന മുഖ്യമന്ത്രിയുടെ അഭിലാഷം അറിയിക്കുകയും ചെയ്തത്. രമേശിനെ എൻ.എസ്സ്.എസ്സ് പിന്തുണയ്ക്കാമെന്ന്‍ സുകുമാരൻ നായർ വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതേത്തുടർന്നാണ് കേരളയാത്ര അവസാനിക്കുമ്പോൾ പലതും സംഭവിക്കുമെന്ന് രമേശ് യാത്രയുടെ തുടക്കത്തില്‍ പ്രഖ്യാപിച്ചതും.

 

എന്നാല്‍, യാത്രയ്ക്കിടയില്‍ സുകുമാരൻ നായരും രമേശ് ചെന്നിത്തലയും തമ്മിലുള്ള നിരന്തരസംഭാഷണങ്ങൾ ചോർത്തപ്പെട്ടതായാണറിയുന്നത്. ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ മുഖ്യമന്ത്രിയുടെ വിശ്വസ്ഥനും വെള്ളാപ്പള്ളിയുമായി അടുപ്പവുമുള്ള മന്ത്രി തന്നെ വെള്ളാപ്പള്ളിയെ കേൾപ്പിച്ചുവത്രെ. ഞെട്ടലോടെയാണ് വെള്ളാപ്പള്ളി അതു കേട്ടതെന്നാണറിയുന്നത്. കാരണം വെള്ളാപ്പള്ളിയെപ്പറ്റി ഇരുവരും തങ്ങളുടെ സംഭാഷണത്തില്‍ വളരെ മോശമായി സംസാരിക്കുന്ന ഭാഗങ്ങളാണ് വെള്ളാപ്പള്ളിയെ കേൾപ്പിച്ചുകൊടുത്തത്. ഇതിനെത്തുടർന്നാണ് വളരെ പരസ്യമായി വെള്ളാപ്പള്ളി അതിശക്തമായി ചെന്നിത്തലയ്‌ക്കെതിരെ രംഗത്തുവന്നത്. നായരീഴവ ഐക്യത്തിന്റെ പശ്ചാത്തലവും വെള്ളാപ്പള്ളി ഫലവത്തായി തനിക്കനുകൂലമായി ഉപയോഗിച്ചു. സുകുമാരൻ നായർ ന്യൂനപക്ഷാധിപത്യത്തിന്റെ പേരില്‍ യു.ഡി.എഫ് നേതൃത്വത്തേയും വ്യക്തിപരമായിത്തന്നെ ഉമ്മൻ ചാണ്ടിയേയും പരസ്യമായി ആക്ഷേപിക്കുന്ന നിലപാടെടുത്തു.

 

രമേശിന്റെ യാത്ര തലസ്ഥാനത്ത് അവസാനിച്ചപ്പോൾ പലതും സംഭവിക്കുകയുണ്ടായി. എന്നാല്‍ അത് മുഖ്യമന്ത്രിയും എ ഗ്രൂപ്പ് നേതാക്കളും രൂപം കൊടുത്ത അതിസങ്കീർണമായ തിരക്കഥയനുസരിച്ചായിരുന്നു എന്നു മാത്രം. രമേശിന്റെ മന്ത്രിസഭാ പ്രവേശനം തടസ്സപ്പെടുകയും അദ്ദേഹം മുറിവേല്‍പ്പിക്കപ്പെട്ട അവസ്ഥയിലാവുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളില്‍ രഹസ്യമായി രമേശിനോടുളള സ്‌നേഹം ഉള്ളിലൊതുക്കിക്കൊണ്ട് സുകുമാരൻ നായർക്കും രമേശിനെ തള്ളിപ്പറയേണ്ട അവസഥ വന്നു. വെള്ളാപ്പള്ളി ആ അവസരം നന്നായി വിനിയോഗിച്ചു. ഗതികേടിന്റെ ഒടുവിലാണ് രമേശിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ ഡി.സി.സി വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ പ്രമേയം പാസ്സാക്കിയതും അവരെ ശക്തമായ ഭാഷയില്‍ ആക്ഷേപിച്ചതും. തുടർന്ന്‍ എസ്.എൻ.ഡി.പി ഡയറക്ടർ ബോര്‍ഡ് യോഗം കൂടി ഡി.സി.സിക്കെതിരെ സോണിയാ ഗാന്ധിക്കു പരാതി നല്‍കുവാൻ തീരുമാനിച്ചു. എൻ.എസ്സ്.എസ്സ് ആ സമയം തങ്ങൾക്ക് സർക്കാരില്‍ നിന്നു കിട്ടിയ പദവികളെല്ലാം രാജിവെച്ചു. എൻ.എസ്സ്.എസ്സ്,  എസ്.എൻ.ഡി.പിയോട് സ്ഥാനങ്ങൾ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഈ സമയം മന്ത്രി കെ. ബാബു വഴി വെള്ളാപ്പള്ളിയുമായി ധാരണയുണ്ടാക്കിക്കഴിഞ്ഞിരുന്നു. അതോടെ എൻ.എസ്സ്.എസ്സും സുകുമാരൻ നായരും ഒറ്റപ്പെട്ടു. സുകുമാരൻ നായർ-രമേശ് ചെന്നിത്തല സംഭാഷണം  വെള്ളാപ്പള്ളി ശ്രവിച്ചപ്പോൾ തന്നെ നായരീഴവഐക്യം തത്വത്തില്‍ തകർന്നതാണ്. ഈ സവിശേഷ സാഹചര്യത്തിന്റെ മുന്നറിവിലാണ് മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ ജി. സുകുമാരൻ നായരെ അധിക്ഷേപിച്ചുകൊണ്ട് മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടത്. അതായത് ഭൂരിപക്ഷ സമുദായ ഐക്യത്തിന്റെ ഭാഗത്തുനിന്നുള്ള ആക്രമണം ലീഗിന്റെ നേരേ ഉയരില്ലെന്ന ഉറപ്പില്‍. ഒപ്പം നായരീഴവ ഐക്യം നിലവിലില്ല എന്ന്‍ വിളിച്ചറിയിക്കാനുള്ള ടെസ്റ്റ്‌ഡോസും.

 

രമേശ് ഉപമുഖ്യമന്ത്രി സ്ഥാനത്തോടെ മന്ത്രിസഭയില്‍ പ്രവേശിക്കുമെന്ന വാർത്ത പുറത്തുവിട്ടതും ആസൂത്രിതമായാണ്. ആ വിഷയം ലീഗ് ഉന്നയിച്ചപ്പോൾ അതും മുഖ്യമന്ത്രി വിദഗ്ധമായി ഉപയോഗിച്ചു. ദില്ലിയിലെത്തിയ മുഖ്യമന്ത്രി സോണിയാ ഗാന്ധിയില്‍ നിന്ന്‍ ഉപമന്ത്രിസ്ഥാനം ഉണ്ടാവില്ല എന്ന ഉറപ്പു കരസ്ഥമാക്കി. അതോടൊപ്പം രമേശിനെ മന്ത്രിസഭയിലെടുക്കാനുള്ള അനുമതിയും. അനുമതി കിട്ടിയപ്പോൾ ചർച്ച വകുപ്പു കേന്ദ്രീകരിച്ചു നീങ്ങി. ആഭ്യന്തരം തന്നെ രമേശിന് വേണമെന്ന കടുംപിടുത്തം രമേശിനെ തുണയ്ക്കുന്ന ഐ വിഭാഗം തുടരുമ്പോൾ  ആർ. ബാലകൃഷ്ണപിള്ള തങ്ങൾക്കവകാശപ്പെട്ട മന്ത്രിസ്ഥാനം ഗണേഷ് കുമാറിനു വേണ്ടി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തി.അതോടെ ഒഴിവുള്ള മന്ത്രിസ്ഥാനത്തിന് അതിന്റെ യഥാർഥ അവകാശിയുമായി.

 

ഇപ്പോൾ ന്യൂനപക്ഷമേധാവിത്വം ഭൂരിപക്ഷസമുദായങ്ങൾ സംയുക്തമായി ഉന്നയിക്കാത്ത സ്ഥിതിവിശേഷം സംജാതമായി. സുകുമാരൻ നായരെ ഒറ്റപ്പെടുത്തുന്നതിലും സർക്കാർ വിജയിച്ചു. സമാനമായ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയും. ഭൂരിപക്ഷസമുദായങ്ങളോടുള്ള പരിഗണനയുടെ ഭാഗമായി ഇനിയിപ്പോൾ രമേശിനെ മന്ത്രിസഭയിലുൾപ്പെടുത്തേണ്ട ആവശ്യമില്ല. അങ്ങനെ ഉൾപ്പെടുത്തിയിട്ടും കാര്യമില്ല. ആ പരിഗണന മുന്നിലേക്കു വരികയാണെങ്കില്‍ കൂടി ഗണേഷ് കുമാറിനാണ് അക്കാര്യത്തില്‍ മുൻതൂക്കം. രണ്ടു തവണ കാലാവധി പൂർത്തിയാക്കിയ രമേശ് ചെന്നിത്തലയ്ക്ക് അധികം താമസിയാതെ കെ.പി.സി.സി. അധ്യക്ഷസ്ഥാനവും ഒഴിയേണ്ടിവരും.

 

സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും അവരുടേതായ മേഖലകളില്‍ വ്യാപരിക്കുമ്പോൾ ദേശീയ തലത്തില്‍ ശ്രദ്ധേയനായി, ജനപ്രതിനിധിയായി, ഇരുപത്തിയെട്ടം വയസ്സില്‍ കേരളത്തില്‍ മന്ത്രിയായ വ്യക്തിയാണ് രമേശ് ചെന്നിത്തല. അന്ന്‍ ആ ഉയരത്തിലെത്തിയത് അദ്ദേഹത്തിന്റെ കഴിവുമൂലമാണ്. കാല്‍ നൂറ്റാണ്ടിനുശേഷം അദ്ദേഹം ശക്തിയിലേക്കുയരുന്നതിനു പകരം ദൗർബല്യത്തെ കൂട്ടുപിടിക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് അദ്ദേഹമിന്ന്‍ കടന്നുപോകുന്ന ദയനീയമായ അവസ്ഥയും കേരളം സാക്ഷ്യം വഹിക്കുന്ന ജീർണ്ണതയുടെ അതിരുകൾ ലംഘിക്കുന്ന സാമൂഹ്യ ആന്തരീക്ഷവും.

 

ഇപ്പോഴത്തെ അവസ്ഥയേക്കാൾ മോശമായ സാമൂഹ്യാന്തരീക്ഷത്തെ സൃഷ്ടിക്കുന്ന തന്ത്രങ്ങളാണ് ഭരണമുപയോഗിച്ച് സുകുമാരൻ നായരെ പ്രഹരിച്ചും വെള്ളാപ്പള്ളിയെ തടവിക്കൊണ്ടും  ഓരോ വാചകങ്ങളിലൂടെയും മാധ്യമങ്ങളുടെ അവശേഷിക്കുന്ന വിശ്വാസ്യതയെ ഇല്ലായ്മ ചെയ്തുകൊണ്ടുമുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രായോഗിക രാഷ്ട്രീയ നീക്കങ്ങൾ. രാഷ്ട്രീയ നേതൃത്വം സങ്കുചിതമായ താല്‍പ്പര്യങ്ങൾക്ക് വർഗീയതയെ ഉപയോഗിക്കുന്നത് സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അങ്ങേയറ്റം വിനാശകരമായ മാറ്റങ്ങൾ കണ്ടില്ലെന്നു നടിക്കുന്നത് ആത്മഹത്യാപരം തന്നെ.