ആലപ്പുഴ: എൻ.എസ്സ്.എസ്സിനും എസ്.എൻ.ഡി.പിക്കുമെതിരെ ആലപ്പുഴ ഡി.സി.സി പാസ്സാക്കിയ പ്രമേയം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അറിവോടെ. ഇരു സമുദായസംഘടനകളുടെയും നേതാക്കളെ അതിരൂക്ഷമായ വിധത്തില്‍ വിമർശിച്ചുകൊണ്ട് ഡി.സി.സി പ്രസിഡന്റ് എ.എ. ഷുക്കൂർ സംസാരിച്ചതും ഈ പശ്ചാത്തലത്തിലാണ്.
സുകുമാരൻനായരും വെള്ളാപ്പള്ളിനടേശനും സംയുക്തമായി രമേശിനെതിരെള്ള രൂക്ഷമായ ആക്ഷേപം ഉന്നയിക്കുന്നതിനെത്തുടർന്നാണ് ഐ ഗ്രൂപ്പ് ഇത്തരത്തില്‍ തീരുമാനമെടുത്തത്. അതിന്റെ ആദ്യപ്രതികരണം ചാനല്‍ ചർച്ചയില്‍ പങ്കെടുക്കവേ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍ കുമാറിന്റെ ഭാഗത്തുനിന്നുണ്ടായി. വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ തന്നെ ശൈലിയില്‍ നേരിട്ടുകൊണ്ടാണ് കെ.പി.അനില്‍ കുമാർ ചർച്ചയില്‍ ഒപ്പമുണ്ടായിരുന്ന വെള്ളാപ്പള്ളിയെ വെല്ലുവിളിച്ചത്. തീരെ അപ്രതീക്ഷിതമായിരുന്നു വെള്ളാപ്പള്ളിക്ക് ആ പ്രതികരണം. സമുദായനേതാക്കളെ പരസ്യമായി വെല്ലുവിളിക്കാനോ തങ്ങൾ ഉപയോഗിക്കുന്ന ഭാഷ തങ്ങളോട് ഉപയോഗിക്കാനോ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടി നേതാക്കൾക്ക് ധൈര്യമുണ്ടാവില്ല എന്ന പൊതു ധാരണയാണ് അന്ന്‍ തിരുത്തപ്പെട്ടത്. തൊട്ടുപിന്നാലെയാണ് ആലപ്പുഴ ഡി.സി.സിയുടെ പ്രമേയം വരുന്നത്.
ആലപ്പുഴ ഡി.സി.സി പ്രമേയത്തെത്തുടർന്ന്‍ ഇരു സമുദായങ്ങളും തങ്ങൾക്ക് ലഭിച്ച സ്ഥാനങ്ങൾ രാജിവെച്ചു തുടങ്ങിയെങ്കിലും ഇത് സമുദായനേതാക്കളേയും യു.ഡി.എഫ് നേതൃത്വത്തേയും ഒരേപോലെ വിഷമസന്ധിയിലാക്കിയിരിക്കുയാണ്. സ്ഥാനമാനങ്ങൾ രാജിവെയ്ക്കുക എന്നത് സമുദായസംഘടനകൾക്ക് വിഷമം സൃഷ്ടിക്കുമ്പോൾ, യു.ഡി.എഫ് സർക്കാറിനെ ന്യൂനപക്ഷം തടവിലാക്കിയെന്ന ആക്ഷേപത്തില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മുന്നില്‍ സ്ഥിതിഗതി കൂടുതല്‍ സങ്കീർണ്ണമാകുന്നു. മുറിവേറ്റ സമുദായനേതാക്കൾ ന്യൂനപക്ഷ മേധാവിത്വം ആരോപിച്ചുകൊണ്ട് മറകൊളൊന്നുമില്ലാത്ത പ്രചാരണമാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.