ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ എതിര്‍പ്പ് ശക്തമായി തുടരവേ വിഷയത്തില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ഞായറാഴ്ച സംസാരിച്ച മോദി രാഷ്ട്രീയ കാരണങ്ങളാല്‍ കര്‍ഷക സമൂഹത്തില്‍ ആശങ്ക ജനിപ്പിക്കാന്‍ ബില്ലിന്റെ പേരില്‍ നുണകള്‍ പരത്തുന്നതായി ആരോപിച്ചു.
2013-ല്‍ യു.പി.എ സര്‍ക്കാര്‍ തിരക്കിട്ടാണ് ഭൂമിയേറ്റെടുക്കല്‍ നിയമം പാസാക്കിയതെന്നും അക്കാരണത്താല്‍ നിയമത്തില്‍ ചില വിടവുകള്‍ ഉണ്ടായെന്നും മോദി പറഞ്ഞു. ഇത് പരിഹരിക്കാനാണ് ഭേദഗതി കൊണ്ടുവരുന്നതെന്നും ഇത് കര്‍ഷകര്‍ക്കും ഗ്രാമങ്ങള്‍ക്കും ഉപകാരപ്രദമായിരിക്കുമെന്നും മോദി വിശദീകരിച്ചു. പാര്‍ലിമെന്റില്‍ താന്‍ നടത്തിയ പ്രസ്താവന പരാമര്‍ശിച്ച മോദി ഭേദഗതി ബില്ലില്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമാകുന്ന മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു.
പ്രഭാഷണത്തില്‍ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിക്കാനും മോദി മടിച്ചില്ല. കര്‍ഷകരുടെ അനുഭാവികളായി ഇപ്പോള്‍ അവകാശപ്പെടുകയും പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ സ്വാതന്ത്ര്യം കിട്ടി 60-65 കൊല്ലം 120 വര്‍ഷം പഴക്കമുള്ള നിയമമാണ് ഉപയോഗിച്ചിരുന്നതെന്ന്‍ മോദി പറഞ്ഞു. 2013-ലെ നിയമം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനാണ് സര്‍ക്കാറിനെ അവര്‍ ആക്രമിക്കുന്നതിനെന്നും മോദി പറഞ്ഞു.
അര മണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ ഭേദഗതി ബില്ലില്‍ 2013 നിയമത്തിലെ നഷ്ടപരിഹാര വ്യവസ്ഥകള്‍ തന്നെയാണ് ഉള്ളതെന്ന് വ്യക്തമാക്കിയ മോദി ഭേദഗതി വ്യവസായികളെ സഹായിക്കാനാണെന്ന വാദം ശക്തമായി നിരാകരിച്ചു.