1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച പ്രത്യേക സമിതിയെ നിയമിച്ചു. സുപ്രീം കോടതി ജഡ്ജിയായി വിരമിച്ച ജി.പി മാത്തൂര്‍ ആണ് സമിതിയുടെ ചെയര്‍മാന്‍. കലാപവുമായി ബന്ധപ്പെട്ട് വിവിധ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു.
1984 കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമോ എന്ന വിഷയം സമിതി പരിശോധിക്കും. മൂന്ന്‍ മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ഡിസംബര്‍ 10-ന് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നതിനും സമിതി മേല്‍നോട്ടം വഹിക്കും.
1984 ഒക്ടോബര്‍ 31-ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന്‍ നാല് ദിവസം നടന്ന കലാപത്തില്‍ 8,000-ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഡല്‍ഹിയില്‍ മാത്രം 3,000 പേര്‍ കൊല്ലപ്പെട്ടു. കലാപത്തിന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം കൊടുത്തതായി ആരോപണമുണ്ടെങ്കിലും ആരേയും ശിക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.