മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാണ് 44-കാരനായ ഫട്നാവിസ്. വെള്ളിയാഴ്ച വൈകുന്നേരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഫട്നാവിസിനും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് ന്യൂനപക്ഷ മന്ത്രിസഭയെ ആണ് ഫട്നാവിസ് നയിക്കുക. 288 അംഗ സഭയില്‍ 122 സീറ്റുകള്‍ ഉള്ള ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കേവല ഭൂരിപക്ഷമില്ല. സ്വതന്ത്രരും ചെറുകക്ഷികളും അടക്കം പത്തിലധികം എം.എല്‍.എമാരുടെ പിന്തുണ ബി.ജെ.പി ഉറപ്പാക്കിയിട്ടുണ്ട്. മന്ത്രിസഭ രൂപീകരിക്കാന്‍ ബി.ജെ.പിയ്ക്ക് നിരുപാധിക പിന്തുണ നല്‍കുമെന്ന് എന്‍.സി.പി വോട്ടെണ്ണല്‍ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയുടെ മുഖ്യമന്ത്രിയെ പാര്‍ട്ടി പിന്താങ്ങുമെന്ന് ശിവസേനയും പ്രസ്താവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിശ്വാസപ്രമേയത്തെ അതിജീവിക്കാന്‍ ബി.ജെ.പിയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല.
ബി.ജെ.പിയുമായുള്ള സഖ്യചര്‍ച്ചകള്‍ ഫലപ്രദമാകാത്ത സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആദ്യം തീരുമാനിച്ച ശിവസേന നേതാവ് ഉദ്ധവ് താക്കറെ പിന്നീട് ചടങ്ങില്‍ പങ്കെടുത്തു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, ഫട്നാവിസ് എന്നിവര്‍ ഫോണില്‍ വിളിച്ച് സംഭാഷണം നടത്തിയതിനെ തുടര്‍ന്നാണ് താക്കറെ തീരുമാനം മാറ്റിയത്. കഴിഞ്ഞ 25 വര്‍ഷമായി ശിവസേനയുമായി ഉണ്ടായിരുന്ന സഖ്യം തെരഞ്ഞെടുപ്പിന് മുന്‍പാണ് ബി.ജെ.പി അവസാനിപ്പിച്ചത്.
ഫട്നാവിസിന് പുറമേ ഏഴു കാബിനറ്റ് മന്ത്രിമാരും രണ്ട് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈയിടെ അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ മന്ത്രിസഭയില്‍ അംഗമാണ്.