ദക്ഷിണ കൊറിയയിലെ ഇഞ്ചോണില്‍ ശനിയാഴ്ച പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന്റെ മത്സരങ്ങള്‍ക്ക് തുടക്കമായപ്പോള്‍ ഷൂട്ടിങ്ങിലൂടെ ഇന്ത്യ ആദ്യ മെഡലും ആദ്യ സ്വര്‍ണ്ണവും കരസ്ഥമാക്കി. വനിതകളുടെ പത്ത് മീറ്റര്‍ പിസ്റ്റളില്‍ വെങ്കലം നേടിക്കൊണ്ട് ശ്വേത ചൗധരിയാണ് മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ പേര്‍ ആദ്യം കുറിച്ചത്. തുടര്‍ന്ന്‍ പുരുഷന്‍മാരുടെ അന്‍പത് മീറ്റര്‍ പിസ്റ്റളില്‍ ജിത്തു റായ് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണ്ണം നേടി.
അതിനിടെ, പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന് ഇന്തോനേഷ്യ ആതിഥ്യം വഹിക്കും. നേരത്തെ ഗെയിംസ് വേദിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന വിയറ്റ്നാം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പിന്മാറിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇന്തോനേഷ്യന്‍ ഒളിമ്പിക് കമ്മിറ്റി അദ്ധ്യക്ഷന്‍ റിത സുബോവോ ശനിയാഴ്ച ചേര്‍ന്ന ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ പൊതുസഭയില്‍ 2018-ലെ ഗെയിംസ് നടത്തിപ്പിന് രാജ്യം തയ്യാറാണെന്ന് അറിയിച്ചു.