Skip to main content
ന്യൂഡല്‍ഹി

modi and xi jinping

 

ചൈനയുടെ പ്രസിഡന്റ് ശി ചിന്‍ഭിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ന്‍ (ബുധനാഴ്ച) ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ സഹകരണം കൂടുതല്‍ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇന്ത്യയും ചൈനയും ചരിത്രത്താല്‍ ബന്ധിതവും സംസ്കാരത്താല്‍ യോജിതവും സമ്പന്ന പാരമ്പര്യങ്ങളാല്‍ പ്രചോദിതവുമാണെന്ന് മോദി വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാനവരാശിക്ക് മുഴുവന്‍ ശോഭനമായ ഭാവി സൃഷ്ടിക്കാന്‍ കഴിയുമെന്ന് മോദി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ചൈനീസ് മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  

 

മോദിയുടെ 64-ാം ജന്മദിനമായ ഇന്ന്‍ അദ്ദേഹത്തിന്റെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ശി ചിന്‍ഭിങ്ങിന്റെ സന്ദര്‍ശനം ആരംഭിക്കുക. ശ്രീലങ്കയില്‍ നിന്ന്‍ ബുധനാഴ്ച വൈകുന്നേരം എത്തുന്ന ശിയെ പ്രോട്ടോക്കോളില്‍ നിന്ന്‍ മാറി മോദി നേരിട്ട് അഹമ്മദാബാദില്‍ സ്വീകരിക്കും. ഗുജറാത്തില്‍ നിന്ന്‍ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനം ആരംഭിക്കുന്ന ആദ്യ ലോകനേതാവാകും ശി. ഇരുനേതാക്കളും സബര്‍മതി ആശ്രമം സന്ദര്‍ശിക്കും.

 

മൂന്ന്‍ ദിവസത്തെ സന്ദര്‍ശനത്തില്‍ വ്യാപാരവും നിക്ഷേപവുമാണ് ചൈനീസ് സംഘത്തിന്റെ മുഖ്യ അജണ്ട. അതിര്‍ത്തി പ്രശ്നമടക്കമുള്ള വിഷയങ്ങളും വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഉഭയകക്ഷി സംഭാഷണങ്ങള്‍ക്ക് വിഷയമാകും. അടിസ്ഥാന സൗകര്യ വികസനം, റെയില്‍വേ എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും കരാറുകള്‍ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു.

 

വ്യാഴാഴ്ച വൈകുന്നേരം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശിയുടെ ബഹുമാനാര്‍ഥം സംഘടിപ്പിച്ച വിരുന്നില്‍ അദ്ദേഹം പങ്കെടുക്കും. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും വ്യാഴാഴ്ച ശിയുമായി കൂടിക്കാഴ്ച നടത്തും. ലോകസഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ വെള്ളിയാഴ്ച ശിയെ സന്ദര്‍ശിക്കും.