Skip to main content
കൊച്ചി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസില്‍ തുടരന്വേഷണം നടത്താനുള്ള തിരുവനന്തപുരത്തെ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഉത്തരവിനെ ചോദ്യം ചെയ്ത് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. തന്റെ ഭാഗം കേള്‍ക്കാതെ തനിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 2005ല്‍ മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ തെളിവില്ലെന്ന് കാട്ടി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് വിജിലന്‍സ് കോടതി കഴിഞ്ഞ വ്യാഴാഴ്ച തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ്, ടി.ബാലകൃഷ്ണന്‍ എന്നിവരടക്കം പതിനൊന്ന് പേര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതും കോടതി മൂന്നാഴ്ചത്തേയ്ക്ക് തടഞ്ഞിട്ടുണ്ട്.
 

തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ പ്ലാന്റ് സ്ഥാപിച്ചതില്‍ 200 കോടിയിപ്പരം രൂപയുടെ അഴിമതി നടന്നുവെന്ന് കാണിച്ച് ടൈറ്റാനിയം മുന്‍ ജീവനക്കാരനായ എസ്. ജയന്‍ നല്‍കിയ കേസിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തവ്‌. മുന്‍പരിചയമില്ലാതിരുന്ന കമ്പനിയെ പദ്ധതിയുടെ ചുമതല ഏല്പിച്ചതുവഴി വന്‍ അഴിമതിയാണ് നടന്നതെന്ന്‍  ഹര്‍ജിയില്‍ ആരോപിക്കുന്നു. മതിയായ പഠനമില്ലാതെയാണ് പ്ലാന്റ് നിര്‍മിച്ചതെന്നും ഇത് സംബന്ധിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ടിനെ വിലവെച്ചില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Tags