ടൈറ്റാനിയം അഴിമതി: തുടരന്വേഷണത്തിന് ഉത്തരവ്; മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കും

Thu, 28-08-2014 06:34:00 PM ;
തിരുവനന്തപുരം

oommen chandyട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരത്തെ വിജിലന്‍സ് കോടതി ഉത്തരവ്. മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ തെളിവില്ലെന്ന് കാട്ടി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് കോടതിയുടെ നടപടി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേസില്‍ മുഖ്യപ്രതിയാണ്.

 

മതിയായ പഠനമില്ലാതെയാണ് പ്ലാന്റ് നിര്‍മിച്ചതെന്നും ഇത് സംബന്ധിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ടിനെ വിലവെച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്ന് പറഞ്ഞ കോടതി അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി നാല് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് പുറമേ മന്ത്രിസഭയിലെ അംഗങ്ങളായ രമേശ് ചെന്നിത്തല, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവരടക്കമുള്ളവരെ കേസില്‍ പ്രതിചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടൈറ്റാനിയത്തിലെ ജീവനക്കാരനായ എസ്. ജയന്‍ നല്‍കിയ പരാതിയിലാണ് നടപടി.  

 

പ്ലാന്റ് സ്ഥാപിച്ചതില്‍ 200 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇടപാടിൽ 80 കോടിയുടെ നഷ്ടം മാത്രമെ ഉണ്ടായിട്ടുള്ളു എന്നും ഇത് ഉപകരണങ്ങൾ വിറ്റ് നികത്താവുന്നതേയുള്ളൂ എന്നുമാണ് വിജിലൻസ് കോടതിയെ അറിയിച്ചത്.

Tags: