2ജി സ്പെക്ട്രം വിതരണത്തിലെ അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ, ഡി.എം.കെ നേതാവും പാര്‍ട്ടി മേധാവി എം. കരുണാനിധിയുടെ മകളുമായ കനിമൊഴി, കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ എന്നിവരടക്കം എല്ലാ പ്രതികള്‍ക്കും ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍, 84 കാരിയായ ദയാലു അമ്മാളിന്റെ ആരോഗ്യനില മോശമാണെന്നും മാനസികമായി അസുഖബാധിതയാണെന്നും കാണിച്ച് കേസ് തള്ളണമെന്ന ആവശ്യം ജഡ്ജി ഒ.പി സൈനി അനുവദിച്ചില്ല.
രാജ ടെലികോം വകുപ്പ് മന്ത്രിയായിരിക്കെ 2008-ല്‍ സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്ന 200 കോടി രൂപയുടെ പണം വെട്ടിപ്പും അഴിമതിയും ആയി ബന്ധപ്പെട്ടതാണ് കേസ്. 2ജി കേസില്‍ സി.ബി.ഐ അന്വേഷിക്കുന്ന ക്രിമിനല്‍ ഗൂഡാലോചന കുറ്റത്തിന് പുറമെയാണ് പണം വെട്ടിപ്പ് നടത്തിയതായ ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഡാലോചന കുറ്റത്തില്‍ റിമാന്‍ഡില്‍ തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന രാജയ്ക്കും കനിമൊഴിയ്ക്കും നേരത്തെ ജാമ്യം ലഭിച്ചിട്ടുണ്ട്.
ചുരുങ്ങിയ വിലയ്ക്ക് ലൈസന്‍സ് നല്‍കുന്നതിനായി കമ്പനികളില്‍ നിന്ന്‍ രാജ കോഴ വാങ്ങിയതായി സി.ബി.ഐ ആരോപിക്കുന്നു. ഇങ്ങനെ ഒരു കമ്പനിയില്‍ നിന്ന്‍ ലഭിച്ച 200 കോടി രൂപ കനിമൊഴിയ്ക്കും ദയാലു അമ്മാളിനും ഉടമസ്ഥതയുള്ള ഡി.എം.കെയുടെ കലൈഞ്ജര്‍ ടെലിവിഷന്‍ ചാനലിലേക്ക് നല്‍കിയത് പണം വെട്ടിപ്പാണെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപപണം.
കോഴ നല്‍കിയതായി ആരോപിക്കപ്പെടുന്ന സ്വാന്‍ ടെലികോമിന്റെ പ്രൊമോട്ടര്‍മാരായ ഷാഹിദ് ബല്‍വ, ആസിഫ് ബില്‍വ എന്നിവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. കേസില്‍ പത്ത് വ്യക്തികളും ഒന്‍പത് കമ്പനികളും ഉള്‍പ്പെടെ 19 പ്രതികള്‍ ആണുള്ളത്.