Skip to main content
ന്യൂഡല്‍ഹി

rm lodhaജഡ്ജിമാരെ നിയമിക്കുന്നതിന് നിലവില്‍ പിന്തുടരുന്ന കൊളിജിയം സംവിധാനത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആര്‍.എം ലോധ ശക്തിയായി ന്യായീകരിച്ചു. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായും ചീഫ് ജസ്റ്റിസ്‌ പറഞ്ഞു. ജഡ്ജിമാരെ നിയമിക്കുന്നതിന് പ്രത്യേക കമ്മീഷന്‍ ഭരണഘടനാ പദവിയോടെ സ്ഥാപിക്കുന്ന നിയമം കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

 

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ്‌ ആയി ജസ്റ്റിസ്‌ കെ.എല്‍ മഞ്ജുനാഥിനെ നിയമിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ്‌ ലോധയുടെ പരാമര്‍ശങ്ങള്‍ വന്നത്. മഞ്ജുനാഥിന്റെ പേര് പുന:പരിശോധിക്കാന്‍ സുപ്രീം കോടതി കൊളിജിയത്തോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രത്തിന്റെ ആവശ്യം തള്ളി കൊളിജിയം മഞ്ജുനാഥിന്റെ പേര് വീണ്ടും നിര്‍ദ്ദേശിച്ചതായ റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ചീഫ് ജസ്റ്റിസ്‌ പറഞ്ഞു.

 

കൊളിജിയം സംവിധാനം പരാജയമാണെന്ന് വരുത്താന്‍ എല്ലാവരും ഇറങ്ങിയിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ്‌ ലോധ പറഞ്ഞു. ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ ഇളക്കരുതെന്ന്‍ അദ്ദേഹം ആവശ്യപ്പെട്ടു. വ്യക്തികളെ തെരഞ്ഞെടുക്കുന്നതില്‍ ഒരു സ്ഥാപനമെന്ന നിലയില്‍ കൊളിജിയത്തിന് പരിമിതികളുണ്ട്. ഇതേ സമൂഹത്തില്‍ നിന്ന്‍ വരുന്നവരാണ് ജഡ്ജിമാരും. എന്നലം ഒന്നോ രണ്ടോ ജഡ്ജിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉണ്ടെന്ന പേരില്‍ (ഇത്തരം) പ്രചാരണം നടത്തുന്നത് ശരിയല്ലെന്ന് ലോധ പറഞ്ഞു.    

Tags