കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയുന്നതിന് സുപ്രീം കോടതി വെള്ളിയാഴ്ച പ്രത്യേക കോടതി ഏര്‍പ്പെടുത്തി. മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.എസ് ചീമയെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായും കോടതി നിയമിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഭരത് പരാശര്‍ ആയിരിക്കും കേസുകളില്‍ വിചാരണ നടത്തുക. കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ദൈനംദിന അടിസ്ഥാനത്തില്‍ ജസ്റ്റിസ് പരാശരിന്റെ കോടതി വാദം കേള്‍ക്കും.
കല്‍ക്കരിപ്പാടം അഴിമതിക്കേസുകളില്‍ വിചാരണ തുടങ്ങുന്നതിന് മുന്‍പായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ, ജസ്റ്റിസുമാരായ മദന്‍ ബി. ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിച്ചിരുന്നു. ജൂലൈ 25-നകം വിചാരണ നടത്താനുള്ള ജഡ്ജിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് കല്‍ക്കരിപ്പാടങ്ങള്‍ ഖനനത്തിന് നല്‍കിയതില്‍ ക്രമക്കേട് നടന്നുവെന്ന കേസില്‍ പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ജിണ്ടാല്‍ സ്റ്റീല്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് എന്നിവരടക്കമുള്ളവര്‍ പ്രതികളാണ്. 200-ല്‍ അധികം കേസുകളാണ് ഇത് സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കുന്നത്.