Skip to main content
ന്യൂഡല്‍ഹി

supreme courtസ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്മെന്റ് സീറ്റില്‍ ഫീസ്‌ വര്‍ദ്ധിപ്പിക്കരുതെന്ന്‍ സുപ്രീം കോടതി. സര്‍ക്കാറുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമേ ഫീസ് ഈടാക്കാന്‍ പാടുള്ളൂവെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.

 

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് പ്രത്യേകം പ്രവേശന പരീക്ഷ നടത്താൻ അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം ജൂലൈ 22 ചൊവ്വാഴ്ച സുപ്രീം കോടതി നിരാകരിച്ചിരുന്നു. ഫീസ്‌ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തില്‍ നിലപാട് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോടും മെഡിക്കല്‍ കൗണ്‍സിലിനോടും അന്ന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

 

മാനേജ്മെന്റുകളുമായുള്ള ധാരണ പ്രകാരം 35 ശതമാനം വരുന്ന മാനെജ്മെന്റ് ക്വോട്ടയില്‍ നിശ്ചയിച്ച എട്ട് ലക്ഷം രൂപ മാത്രമേ ഫീസായി ഈടാക്കാന്‍ കഴിയൂവെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്‍.ആര്‍.ഐ ക്വോട്ടയിലെ 15 ശതമാനം സീറ്റുകളില്‍ 11.5 ലക്ഷവും 50 ശതമാനം മെരിറ്റ് സീറ്റില്‍ 1.5 ലക്ഷവുമായിരിക്കും ഫീസ്. പ്രവേശന നടപടിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഫീസ് വര്‍ധന അനുവദിക്കാന്‍ കഴിയില്ലെന്നും മുന്‍കരാര്‍ പ്രകാരം മുന്നോട്ടുപോകണമെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.

 

ഇത്തവണ 50 ശതമാനം മാനേജ്മെന്റ്/എന്‍.ആര്‍.ഐ സീറ്റിലേക്ക് സര്‍ക്കാര്‍ പ്രവേശന പരീക്ഷാ പട്ടികയില്‍ നിന്ന്‍ പ്രവേശനം നടത്താന്‍ മാനേജ്മെന്റുകളോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. മെഡിക്കല്‍ കോളേജുകളില്‍ സെപ്തംബര്‍ 30-നകം പ്രവേശനം പൂര്‍ത്തിയാക്കണമെന്ന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശമുണ്ട്. ഇതനുസരിച്ച് ജൂലായ് 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഇതിനിടയില്‍ പുതിയ പരീക്ഷയും കൗണ്‍സലിങ്ങും നടത്താന്‍ കഴിയില്ലെന്നും അത് വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷയുടെ പട്ടികയില്‍ നിന്ന്‍ പ്രവേശനം നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

Tags