Skip to main content
തിരുവനന്തപുരം

 

ആറന്മുള വിമാനത്താവള പദ്ധതിയില്‍ ഗുരുതര ക്രമക്കേട്‌ നടന്നതായി സി.എ.ജി റിപ്പോര്‍ട്ട്. പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾക്ക് കൂട്ടുനിന്നുവെന്നും വിമാന കമ്പനികളുടെ നിയമ ലംഘനം തടയുന്നതില്‍ പരാജയപ്പെട്ടെന്നും സി.എ.ജി റിപ്പോർട്ടിൽ ആരോപിക്കുന്നു. നിലം നികത്തല്‍, ഭൂമി കൈയ്യേറ്റം തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നതായും ഗുരുതരമായ നിയമ ലംഘനങ്ങളാണ് നടന്നിരിക്കുന്നതെന്നും ഇതേപ്പറ്റി സ്വതന്ത്ര അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

 

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് വിമാനത്താവളവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പരമ്പര തുടങ്ങിയതെന്നും തുടര്‍ന്ന് വന്ന എല്‍‌.ഡി.എഫ്, യു.ഡി.‌എഫ് സര്‍ക്കാരിന്റെ കാലത്തും ഇത് നിര്‍ബാധം തുടര്‍ന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയത് വസ്തുതകള്‍ മറച്ചുവെച്ചാണെന്നും പൊതുതാല്‍പര്യത്തിന് എതിരായി സര്‍ക്കാരില്‍ നിന്നും നടപടികളുണ്ടായെന്നും ആവശ്യമായ ഭൂമിയില്ലാതെയാണ് കമ്പനി പദ്ധതി ഏറ്റെടുത്തതെന്നും സര്‍ക്കാര്‍ ഇതൊന്നും കണക്കിലെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

നിരന്തരമായ നിയമപ്പോരാട്ടങ്ങളെ തുടര്‍ന്ന് പദ്ധതിയുടെ പാരിസ്ഥികാനുമതി ഗ്രീന്‍ ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പദ്ധതിക്കുള്ള പിന്തുണ സര്‍ക്കാര്‍ പരോക്ഷമായി പിന്‍‌വലിച്ചു എങ്കിലും വ്യവസായ മേഖല പ്രഖ്യാപനം സര്‍ക്കാര്‍ ഇതുവരെ പിന്‍‌വലിച്ചിട്ടില്ല.