ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നിഷേധിച്ച ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ വിമാനക്കമ്പനി അനുകൂലമായ വിധി സമ്പാദിച്ചെത്തിയാല്‍ സര്‍ക്കാര്‍ ആവശ്യമായത് ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് വെള്ളിയാഴ്ച സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റിലെ അംഗങ്ങളായ കുട്ടികളോട് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലസ് ടു സൗകര്യമില്ലാത്ത സംസ്ഥാനത്തെ 148 പഞ്ചായത്തുകളില്‍ അടുത്ത അദ്ധ്യയനവര്‍ഷം പ്ലസ് ടു അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഈ വര്‍ഷം പ്ലസ് ടു ഉള്ളിടത്ത് അധിക ബാച്ചുകള്‍ അനുവദിച്ച് പ്രശ്നം പരിഹരിക്കുമെന്നും കുട്ടികളുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പ്ലസ് ടു പ്രവേശനത്തിനുള്ള ഏകജാലക സംവിധാനം കാലതാമസമുണ്ടാക്കുന്നുവെന്ന ഒരു യൂത്ത് പാര്‍ലമെന്റംഗത്തിന്റെ അഭിപ്രായത്തോട് മുഖ്യമന്ത്രി യോജിപ്പു പ്രകടിപ്പിച്ചു. അതേസമയം. ഏകജാലക സംവിധാനം പ്രവേശനം സുതാര്യമാക്കുന്നുവെന്ന നേട്ടം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്ന് യൂത്ത് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്ത 25-ഓളം കുട്ടികളാണ് മുഖ്യമന്ത്രിയുടെ മുന്നില്‍ ചോദ്യങ്ങളുമായെത്തിയത്. വര്‍ത്തമാനകാല സംസ്ഥാന-ദേശീയ രാഷ്ട്രീയം, അന്തര്‍സംസ്ഥാന നദീജല പ്രശ്നം, മുല്ലപ്പെരിയാര്‍, മരുന്നുവില നിയന്ത്രണം, എസ്.എസ്.എല്‍.സി ഗ്രേഡിംഗ് സമ്പ്രദായം, പശ്ചിമഘട്ട സംരക്ഷണം, സ്ത്രീ സുരക്ഷ, കാംപസുകളിലെ സംഘടനാ പ്രവര്‍ത്തനം, ആറന്‍മുള വിമാനത്താവളം എന്നിവയ്ക്കു പുറമേ പ്രാദേശികമായ ആവശ്യങ്ങളും നിവേദനങ്ങളുമെല്ലാം മുഖ്യമന്ത്രിക്കു മുന്നില്‍ കുട്ടികളവതരിപ്പിച്ചു.
ഭരണമാറ്റം വന്ന സാചര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതെന്താണെന്ന ചോദ്യത്തിന് ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഫെഡറല്‍ സംവിധാനത്തിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന വിദഗ്ദ്ധാഭിപ്രായം സാധാരണ സാഹചര്യങ്ങള്‍ പരിഗണിച്ച് ശരിയായിരിക്കാം. എന്നാല്‍ അവിചാരിതമായ സാഹചര്യങ്ങളില്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനും പ്രദേശവാസികള്‍ക്കും ആശങ്കയുണ്ടെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. കാംപസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹമോ സര്‍ക്കാരോ എതിരല്ലെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കാംപസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ നടക്കുന്ന അക്രമത്തെ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷാകാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. തിരുവനന്തപുരത്തും കൊച്ചിയിലുമാരംഭിച്ച ഷീടാക്‌സി മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാനത്ത് മദ്യനിരോധനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മദ്യലഭ്യത കുറയ്ക്കുക, ബോധവത്കരണം നടത്തി മദ്യ ഉപഭോഗം കുറയ്ക്കുക, ഘട്ടം ഘട്ടമായി മദ്യനിരോധനത്തിലെത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ടി.വര്‍ഗീസ്, കണ്‍സള്‍ട്ടന്റ് ജയിംസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.