Skip to main content
സോള്‍

kim hansikദക്ഷിണ കൊറിയയില്‍ അപകടത്തില്‍ പെട്ട യാത്രാകപ്പല്‍ സെവോളിന്റെ ഉടമയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പ്രോസിക്യൂട്ടര്‍ അറിയിച്ചു. ച്യോങ്ങ്ഹജിന്‍ മറൈന്‍ കമ്പനി സി.ഇ.ഒ കിം ഹാന്‍സിക് ആണ് അറസ്റ്റില്‍ ആയത്. അശ്രദ്ധ കാരണം മരണം ഉളവാക്കിയതിനു നരഹത്യാ കുറ്റം ഇയാള്‍ക്കെതിരെ ചുമത്തിയേക്കും.

 

ഏപ്രില്‍ 16-ന് നടന്ന അപകടത്തില്‍ 260-ലേറെ ആളുകള്‍ മരിച്ചിരുന്നു. കപ്പല്‍ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തേക്കും. അനുവദനീയമായ അളവിന്റെ ഇരട്ടി ഉണ്ടായിരുന്ന ചരക്ക് സെവോള്‍ മുങ്ങുന്നതിന് കാരണമായതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 

യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 467 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 300-ല്‍ അധികം പേര്‍ പഠനയാത്രയ്ക്ക് പുറപ്പെട്ട ഹൈസ്കൂള്‍ വിദ്യാര്‍ഥികളായിരുന്നു. 35 പേരെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.   

Tags