ദക്ഷിണാഫ്രിക്കയിലെ പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആഫ്രിക്കന്‍ ദേശീയ കോണ്‍ഗ്രസ് (എ.എന്‍.സി) അധികാരം നിലനിര്‍ത്തുമെന്ന് ആദ്യഫലങ്ങള്‍. ബുധനാഴ്ച നടന്ന വോട്ടെടുപ്പിലെ 36 ലക്ഷം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എ.എന്‍.സി 58 ശതമാനവും പ്രതിപക്ഷ കക്ഷിയായ ജനാധിപത്യ സഖ്യം (ഡി.എ) 28.5 ശതമാനവും വോട്ടു നേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിഭവങ്ങള്‍ ദരിദ്രര്‍ക്ക് പുനര്‍വിതരണം നടത്തണമെന്ന ആവശ്യവുമായി രൂപീകരിച്ച പുതിയ പാര്‍ട്ടി സാമ്പത്തിക സ്വാതന്ത്ര്യ പോരാളികള്‍ (ഇ.എഫ്.എഫ്) ആണ് നാല് ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്ത്.
22,000 വരുന്ന വോട്ടിംഗ് ജില്ലകളിലെ മൂന്നിലൊന്നും എണ്ണിക്കഴിഞ്ഞിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 70 ശതമാനത്തിലധികം പേര്‍ വോട്ടു ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏകദേശം 2.5 കോടി പേരാണ് വോട്ടു ചെയ്യാനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത് ജനസംഖ്യയുടെ പകുതിയോളം വരും.
ന്യൂനപക്ഷ വെളുത്ത വര്‍ഗ്ഗക്കാരുടെ ഭരണം അവസാനിച്ച് 1994-ല്‍ എല്ലാ വംശത്തില്‍ പെട്ടവര്‍ക്കും വോട്ടവകാശം ലഭിച്ചതിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അഞ്ചാമത് തെരഞ്ഞെടുപ്പാണിത്. വര്‍ണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുത്ത എ.എന്‍.സിയാണ് കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിച്ചത്. എന്നാല്‍, കടുത്ത അഴിമതിയും വര്‍ധിച്ചുവരുന്ന കുറ്റകൃത്യ നിരക്കുകളും ദാരിദ്ര്യവും ഉന്നയിച്ച് പ്രതിപക്ഷം പ്രസിഡന്റ് ജേക്കബ് സുമയ്ക്കും എ.എന്‍.സിയ്ക്കും നേരെ ശക്തമായ പ്രചാരണം നടത്തിയിരുന്നു.
എന്നാല്‍, എ.എന്‍.സി നേതാവും ദക്ഷിണാഫ്രിക്കന്‍ ജനായത്തത്തിന്റെ പിതാവുമായി കരുതപ്പെടുന്ന നെല്‍സണ്‍ മണ്ടേലയുടെ മരണശേഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പിലെ വിജയം എ.എന്‍.സിയുടെ അഭിമാന പ്രശ്നമായിരുന്നു.