Skip to main content
ചെന്നൈ

nokiaമൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവ് നോക്കിയയുടെ ഇന്ത്യയിലെ നികുതി പ്രശ്നങ്ങള്‍ വര്‍ധിക്കുന്നു. മൂല്യവര്‍ധിത നികുതി ഇനത്തില്‍ 2,400 കോടി രൂപ അടക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്‌ സേവന നികുതി വിഭാഗം കമ്പനിയ്ക്ക് നോട്ടീസ് അയച്ചു. 21,000 കോടി രൂപ നികുതി അടക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വരുമാന നികുതി വിഭാഗം നല്‍കിയ നോട്ടീസില്‍ നോക്കിയ സുപ്രീം കോടതി അടക്കമുള്ള വിവിധ കോടതികളില്‍ കേസ് നടത്തുന്നുണ്ട്.

 

തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ തന്നെ നോക്കിയ വിറ്റഴിക്കുകയാണെന്ന് തമിഴ്‌നാട്‌ സര്‍ക്കാര്‍ പറയുന്നു. നികുതിയില്‍ നിന്ന്‍ ഇളവ് ലഭിക്കുന്നതിന് നിര്‍മ്മിക്കുന്നതിന്റെ പകുതി കയറ്റുമതി ചെയ്യണമെന്നാണ് നിയമം. അതിനാല്‍, 2009 മുതല്‍ 2012 വരെയുള്ള കഴിഞ്ഞ മൂന്ന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ മൂല്യ വര്‍ധിത നികുതി അടക്കാന്‍ ആവശ്യപ്പെട്ടാണ് ഇപ്പോള്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

 

എന്നാല്‍, തമിഴ്‌നാട്‌ സര്‍ക്കാറിന്റെ അവകാശവാദം തെറ്റാണെന്നും നോട്ടീസിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതായും നോക്കിയ പറയുന്നു. ശ്രീപെരുംപുത്തൂരില്‍ നിന്ന്‍ സ്ഥിരമായി കയറ്റുമതി നടത്തിയതിന് തെളിവുണ്ടെന്നും കമ്പനി പറയുന്നു.  

 

ശ്രീപെരുംപുത്തൂരിലെ ഫാക്ടറി മൈക്രോസോഫ്റ്റിനു കൈമാറുന്നതിന് മുന്‍പ് 3,500 കോടി രൂപാ ഈടായി കെട്ടിവെക്കാന്‍ കേന്ദ്ര നികുതി വിഭാഗം നല്‍കിയ നോട്ടീസിലെ  കേസില്‍ സുപ്രീം കോടതി മാര്‍ച്ച് 14-ന് നോക്കിയയോട് ആവശ്യപ്പെട്ടിരുന്നു.