രാജ്യത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്ന് റാന്‍ബാക്‌സി മരുന്നു കമ്പനിക്കും കേന്ദ്രസര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗുണനിലവാരമല്ലാത്ത മരുന്ന് വിതരണം ചെയ്തുവെന്ന്‍ ആരോപിക്കപെട്ട റാൻബാക്സിയുടെ ലൈസൻസ് റദ്ദാക്കണമെന്നും സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിന്മേലാണ് ചീഫ് ജസ്റ്റീസ് പി.സദാശിവം അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് ഉണ്ടായത്.
അതേസമയം മരുന്നുകൾ നിർമിച്ച് വിതരണം ചെയ്യുന്നത് താൽക്കാലികമായി സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരനായ മനോഹർലാൽ ശർമയുടെ ആവശ്യം കോടതി തള്ളി. ശരീരത്തിലുണ്ടാവുന്ന കുരുക്കള്‍ക്ക് ഉപയോഗിക്കുന്ന സോട്രീറ്റ്, അപസ്മാരത്തിന് ഉപയോഗിക്കുന്ന ഗാബപെന്‍ടീന്‍, ആന്‍റിബയോട്ടിക്കായ സിപ്രോഫ്ളോക്സാസിന്‍ എന്നിവയുള്‍പ്പെടെ ഏതാനും മരുന്നുകള്‍ നിലവാരം കുറച്ചും മായം ചേര്‍ത്തും യു.എസ് വിപണികളില്‍ വിറ്റുവെന്ന ആരോപണത്തെ തുടര്‍ന്ന് റാൻബാക്സിക്ക് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ 500 കോടി ഡോളര്‍ പിഴയിട്ടതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2008-ല്‍ എഫ്.ഡി.എ റാന്‍ബാക്സിയുടെ 30 മരുന്നുകള്‍ യു.എസ് വിപണിയില്‍ വില്‍ക്കുന്നത് നിരോധിച്ചിരുന്നു. ഇന്ത്യയിലെ പ്ളാന്‍റുകളില്‍ ഔഷധ നിര്‍മാണ രീതികളില്‍ പോരായ്മകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. നിലവാരം കുറഞ്ഞ മരുന്നുകള്‍ വിറ്റതിനു പുറമെ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച പരിശോധനകളുടെ തെറ്റായ വിവരങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയെന്ന ആരോപണവും റാന്‍ബാക്സി നേരിട്ടിരുന്നു