മതവിശ്വാസത്തിന്റെ പേരില്‍ മൃഗങ്ങളെ ബോധം കെടുത്താതെ അറക്കുന്നത് ഡെന്മാര്‍ക്ക് സര്‍ക്കാര്‍ നിരോധിച്ചു. ജൂത നിയമമനുസരിച്ചുള്ള കോഷര്‍ ഭക്ഷണത്തിനും ഇസ്ലാം നിയമമനുസരിച്ചുള്ള ഹലാല്‍ ഭക്ഷണത്തിനും നിരോധനം ബാധകമാകും. മൃഗങ്ങളുടെ അവകാശങ്ങളാണ് മതങ്ങളെക്കാള്‍ മുന്നിലെന്ന് നിരോധനത്തെ ന്യായീകരിച്ചു കൊണ്ട് ഡെന്മാര്‍ക്ക് ഭക്ഷ്യമന്ത്രി ഡാന്‍ ജോര്‍ഗന്‍സാന്‍ പറഞ്ഞു.
മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രചാരണത്തിനൊടുവിലാണ് നിയമത്തില്‍ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച ഭേദഗതി വരുത്തിയത്. നിരോധനം തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു. അതേസമയം, നടപടി സെമിറ്റിക് വിരുദ്ധതയാണെന്ന് ജൂത നേതാക്കളും മതസ്വാതന്ത്ര്യത്തിലുള്ള വ്യക്തമായ ഇടപെടലാണെന്ന് ഡാനിഷ് ഹലാല്‍ എന്ന സന്നദ്ധ സംഘടനയും ആരോപിച്ചു.
അറവിന് മുന്‍പ് മൃഗങ്ങളെ ബോധം കെടുത്തണമെന്നാണ് യൂറോപ്യന്‍ നിയന്ത്രണങ്ങള്‍ അനുശാസിക്കുന്നു. എന്നാല്‍, ഇതിന് മതപരമായ ഇളവുകള്‍ നല്‍കിയിരുന്നു. മാംസം ജൂത നിയമമനുസരിച്ച് കോഷര്‍ ഭക്ഷണമായും ഇസ്ലാം നിയമമനുസരിച്ച് ഹലാല്‍ ഭക്ഷണമായും കരുതണമെങ്കില്‍ കൊല്ലപ്പെടുമ്പോള്‍ മൃഗങ്ങള്‍ക്ക് ബോധമുണ്ടായിരിക്കണം.
യൂറോപ്പിലെ സെമിറ്റിക് വിരുദ്ധത യൂറോപ്പിലെങ്ങും അതിന്റെ യഥാര്‍ത്ഥ നിറം കാണിക്കുകയാണെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും അത് തീവ്രമാകുകയാണെന്നും ഇസ്രായേലിലെ മതകാര്യ മന്ത്രി റബ്ബി ഏലി ബെന്‍ ദാഹന്‍ പ്രതികരിച്ചു. എന്നാല്‍, ഡെന്മാര്‍ക്കിലെ ജൂത സമുദായത്തിന്റെ അധ്യക്ഷന്‍ ഫിന്‍ ഷ്വാര്‍ട്സ് സര്‍ക്കാറിന് പിന്തുണ നല്‍കി. പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ഡെന്മാര്‍ക്കില്‍ കോഷര്‍ അറവ് നടന്നിട്ടില്ലെന്ന് ഷ്വാര്‍ട്സ് ചൂണ്ടിക്കാട്ടി.
നിരോധനത്തിനെതിരെ പരാതി നല്‍കിയിട്ടുള്ള ഡാനിഷ് ഹലാല്‍ മുസ്ലിം, ജൂത വിശ്വാസികള്‍ക്ക് ഡെന്മാര്‍ക്കില്‍ തങ്ങളുടെ മതമനുസരിച്ച് ജീവിക്കുന്നതിനുള്ള അവകാശം പരിമിതപ്പെടുത്തുന്നതാണ് നടപടിയെന്ന് പ്രസ്താവിച്ചു. എന്നാല്‍, ബോധം കെടുത്തിയതിന് ശേഷം കൊല്ലപ്പെടുന്ന മൃഗങ്ങളുടെ മാംസവും ഡെന്മാര്‍ക്കില്‍ ഹലാല്‍ ആയി കരുതാമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക നേതാക്കള്‍ ഫത്വ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കോപ്പന്‍ഹേഗന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിലെ ഇമാം ഖലീല്‍ ജാഫറിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
കോഷര്‍, ഹലാല്‍ മാംസം ഇറക്കുമതി ചെയ്യുന്നതിന് തടസമില്ലെന്ന് വിമര്‍ശനങ്ങളോട് പ്രതികരിച്ചു കൊണ്ട് മന്ത്രി ഡാന്‍ ജോര്‍ഗന്‍സാന്‍ അറിയിച്ചു. എന്നാല്‍, കോപ്പന്‍ഹേഗന്‍ മൃഗശാല ‘അധികമായ’ ആണ്‍ ജിറാഫ് മാരിയസിനെ പരസ്യമായി വധിച്ചതിന് പിന്നാലെ വന്ന നിരോധനം രാജ്യത്ത് ഭിന്നമായ അഭിപ്രായങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.