2014-ലേക്കുള്ള ഇടക്കാല റെയില്‍ ബജറ്റ് മന്ത്രി മല്ലികാര്‍ജുന ഖര്‍ഗെ ബുധനാഴ്ച ലോകസഭയില്‍ അവതരിപ്പിക്കും. ഖര്‍ഗെയുടെ ആദ്യ ബജറ്റാണിത്. തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നിട്ടില്ലാത്തതിനാല്‍ ബജറ്റില്‍ ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതു കൊണ്ട് നിരക്ക് വര്‍ധന ഉണ്ടാകാനും ഇടയില്ല.
ബജറ്റ് വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതായിരിക്കുമെന്ന് റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ തീവണ്ടികളും പുതിയ പാതകളും മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും കമ്മി ബജറ്റാവില്ല ഇത്തവണത്തേതെന്നും ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.
2013 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ചരക്കുനീക്കത്തില്‍ നിന്നുള്ള വരുമാനത്തില്‍ 850 കോടി രൂപയുടെ കുറവും യാത്രാനിരക്കില്‍ നിന്നുള്ള വരുമാനത്തില്‍ ഏകദേശം 4000 കോടി രൂപയുടെ കുറവുമാണ് ഉണ്ടായത്.