ആദായനികുതി അടക്കാഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ച് വ്യാഴാഴ്ച നിര്‍ദ്ദേശം നല്കി.
ജയലളിതയുടേയും സഹായി ആയിരുന്ന ശശികലയുടേയും ഉടമസ്ഥതയിലുള്ള ശശി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ മൂന്ന് വര്‍ഷത്തെ ആദായനികുതി കണക്കുകള്‍ നല്‍കിയില്ല എന്നതാണ് കേസ്. ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കാലയളവിനിടയില്‍ 1991 മുതല്‍ 1994 വരെയുള്ള സാമ്പത്തിക വര്‍ഷത്തെ കണക്കുകളാണ് നല്‍കാതിരുന്നത്.
സ്ഥാപനത്തില്‍ നിന്ന് വരുമാനമൊന്നും ഇല്ലാതിരുന്നതിനാല്‍ നികുതിവെട്ടിപ്പിന്റെ സാധ്യത ഇല്ലെന്നും അതിനാല്‍ കണക്കുകള്‍ നല്‍കാതിരുന്നത് കുറ്റകരമല്ലെന്നും ആയിരുന്നു ജയലളിതയുടെ വാദം. എന്നാല്‍, ചെന്നൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതി ഈ വാദം തള്ളുകയും ജയലളിത വിചാരണ നേരിടണമെന്ന് വിധിക്കുകയുമായിരുന്നു. ഇത് അപ്പീലില്‍ ഹൈക്കോടതി ശരിവെച്ചതിനെ തുടര്‍ന്നാണ് ജയലളിത സുപ്രീം കോടതിയെ സംമീപിച്ചത്. എന്നാല്‍, ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.