തമിഴ്‌നാട്ടില്‍ ഡി.എം.കെയിലെ പൊട്ടിത്തെറി വൈകാരിക പ്രതികരണങ്ങളിലേക്ക്. പാര്‍ട്ടിയുടെ ദക്ഷിണ മേഖലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്ഥാനത്ത് നിന്ന്‍ പുറത്താക്കപ്പെട്ട എം.കെ അഴഗിരി തന്റെ അനിയനും പാര്‍ട്ടി ഖജാന്‍ജിയുമായ എം.കെ സ്റ്റാലിന് നേരെ വധഭീഷണി മുഴക്കിയതായി ഇരുവരുടെയും അച്ഛനും പാര്‍ട്ടി നേതാവുമായ എം. കരുണാനിധി അറിയിച്ചു. ആരോപണം നിഷേധിച്ച അഴഗിരി അച്ഛന് മുന്നില്‍ മരിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രതികരിച്ചു.
മൂന്ന്‍-നാല് മാസത്തിനപ്പുറം സ്റ്റാലിന് ആയുസ്സില്ലെന്ന് അഴഗിരി ഭീഷണിപ്പെടുത്തിയതായി ചൊവാഴ്ചയാണ് കരുണാനിധി വെളിപ്പെടുത്തിയത്. ജനുവരി 24 വെള്ളിയാഴ്ചയാണ് പാര്‍ട്ടിയില്‍ നിന്ന്‍ അഴഗിരിയെ സസ്പെന്‍ഡ് ചെയ്തത്. വിജയകാന്ത് നയിക്കുന്ന ഡി.എം.ഡി.കെയുമായി വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാനുള്ള ആലോചനകളെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു നടപടി.
എന്നാല്‍, ഏറെനാളുകളായി പാര്‍ട്ടിയില്‍ പുകയുന്ന നേതൃതര്‍ക്കമാണ് നടപടിയിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. കരുണാനിധിയെ മാത്രമേ താന്‍ നേതാവായി കരുതുന്നുള്ളൂവെന്ന ആവര്‍ത്തിച്ചുള്ള പ്രസ്താവനകളിലൂടെ സ്റ്റാലിനെ അടുത്ത പാര്‍ട്ടി നേതാവായി അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചന മധുര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഴഗിരി നല്‍കിയിരുന്നു. എന്നാല്‍, തനിക്ക് ശേഷം സ്റ്റാലിന്‍ പാര്‍ട്ടിയെ നയിക്കണമെന്നാണ് കരുണാനിധിയുടെ താല്‍പ്പര്യം.
ജനുവരി 24-ന് തന്റെ വീട്ടിലെത്തി ഉറക്കത്തില്‍ നിന്ന്‍ വിളിച്ചെഴുന്നേല്‍പ്പിച്ചാണ് സ്റ്റാലിനെതിരെ അധിക്ഷേപവും ഭീഷണിയും പ്രയോഗിച്ചതെന്ന് കരുണാനിധി പറഞ്ഞു. ഒരു അച്ഛനും സഹിക്കാന്‍ കഴിയാത്ത വാക്കുകളാണ് ഇത്. പാര്‍ട്ടി നേതാവായതിനാല്‍ മാത്രമാണ് താന്‍ അത് സഹിച്ചതെന്ന് കരുണാനിധി പറഞ്ഞു.
എന്നാല്‍, തന്റെ ശവശരീരത്തില്‍ അച്ഛന്റെ കണ്ണീര്‍ വീഴട്ടെയെന്ന്‍ അഴഗിരി പ്രതികരിച്ചു. കരുണാനിധി 100 വയസ്സും കഴിഞ്ഞും ജീവിച്ചിരിക്കട്ടെയെന്ന്‍ അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എങ്കിലും തന്റെ ജന്മദിനത്തിന് (ജനുവരി 30) അച്ഛന്റെ സമ്മാനമായി താന്‍ ഇത് സ്വീകരിക്കുന്നുവെന്നും വൈകാരികമായി നടത്തിയ പ്രതികരണത്തില്‍ അഴഗിരി പറഞ്ഞു.